കൊൽക്കത്ത: പശ്ചിമബംഗാളിനു പുറമെ ത്രിപുരയും പിടിച്ചടക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന മമതാ ബാനർജിക്ക് കരുത്തുപകർന്ന് സിപിഎമ്മിൽ നിന്നും കോൺഗ്രസ്സിൽ നിന്നും തൃണമൂൽ കോൺഗ്രസ്സിലേക്ക് എംഎൽഎമാരുൾപ്പെടെയുള്ള നേതാക്കളുടേയും അണികളുടേയും കുത്തൊഴുക്ക്. പശ്ചിമ ബംഗാളിലെ പുതിയ രാഷ്ട്രീയ നീക്കത്തിലാണ് സിപിഐഎം, കോൺഗ്രസ്സ് എംഎൽഎമാരും നിരവധി കോർപ്പറേഷൻ കൗൺസിലർമാരും തൃണമൂൽ കോൺഗ്രസ്സിലേക്ക് ചേക്കേറിയിരിക്കുന്നത്.

സിപിഐ(എം) എംഎൽഎ ദിപാലി ബിശ്വാസ്, കോൺഗ്രസ് എംഎൽഎ തുഷാർ കാണ്ഡി ഭട്ടാചാര്യ എന്നിവരും 14 കോർപ്പറേഷൻ കൗൺസിലർമാരും പ്രതിപക്ഷത്തു നിന്ന് കൂറുമാറി തൃണമൂലിൽ ചേർന്നു. വരുംദിനങ്ങളിൽ കൂടുതൽ നേതാക്കളും അണികളും തൃണമൂലിലേക്ക് എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് എംഎൽഎമാരും പദവികൾ രാജിവയ്ക്കും. ഇവരുടെ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുവർക്കും തൃണമൂൽ സീറ്റ് നൽകുമെന്നാണ് സൂചനകൾ.

ഇക്കഴിഞ്ഞ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം കൈകോർത്ത് സിപിഐ(എം) ജനവിധി തേടിയത് പാർട്ടിക്കുള്ളിൽ കടുത്ത വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. ഇതേച്ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുന്നതിനിടെയാണ് സിപിഎമ്മിനും കോൺഗ്രസിനും ക്ഷീണമുണ്ടാക്കി എംഎൽഎമാരും കൗൺസിലർമാരും മമതയുടെ പാർട്ടിയിലേക്ക് പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് ഇരുവരും നിയമസഭയിലേക്ക് എത്തിയത്.

തിരഞ്ഞെടുപ്പിൽ വിജയിച്ചു നിയമസഭയിൽ എത്തിയാൽ പാർട്ടി വിടില്ലെന്നും സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തോട് കൂറുപുലർത്തുമെന്നും തങ്ങളുടെ സ്ഥാനാർത്ഥികളോട് കോൺഗ്രസ് മുദ്രപത്രത്തിൽ ഒപ്പിട്ടുവാങ്ങിയത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് വലിയ വാർത്തയായിരുന്നു. ഇങ്ങനെ ഒപ്പിട്ടു നൽകി തിരഞ്ഞെടുപ്പിൽ ജയിച്ച തുഷാർ ഭട്ടാചാര്യ പാർട്ടി വിട്ടത് കോൺഗ്രസ് നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

1993ൽ പൊലീസ് ആക്രമണത്തിൽ മരണപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ 13 യുവജന പ്രവർത്തകരെ ഓർമ്മിക്കുന്ന രക്തസാക്ഷി ദിനത്തിലാണ് തൃണമൂലിന് ആവേശമായി എംഎൽഎമാർതന്നെ കാലുമാറിയെത്തിയത്. അസ്സംബ്ലി  തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച ശേഷം മമത ആദ്യമായി പൊതുവേദിയിൽ പ്രതൃക്ഷപ്പെട്ടത് ഇന്നലെയായിരുന്നു. രണ്ട് എംഎൽഎമാരും തൃണമൂലിൽ അംഗത്വമെടുത്തതെന്ന് തൃണമൂൽ സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജിയാണ് വ്യക്തമാക്കിയത്.

സിപിഎമ്മിന്റെ ആധിപത്യം ബംഗാളിൽ ഇല്ലാതാക്കിയതുപോലെയുള്ള മുന്നേറ്റം തൃപുരയിലും ആവർത്തിക്കുമെന്ന് മമത തന്റെ പ്രസംഗത്തിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നീക്കങ്ങൾ നടത്തുന്നതിനും തൃപുരയിൽ തൃണമൂലിനെ ശക്തിപ്പെടുത്തുന്നതിന്റെ പ്രവർത്തനങ്ങൾക്കുമായി അടുത്തമാസം ഒമ്പതിന് മമത തൃപുര സന്ദർശിക്കും. കോൺഗ്രസ്സും സിപിഎമ്മുമായുള്ള പുതിയ ബാന്ധവംതന്നെയാകും ബംഗാളിലേതുപോലെ തൃപുരയിലും മമത മുഖ്യ പ്രചരണായുധമാക്കുക. ഇപ്പോൾ മുഖ്യ പ്രതിപക്ഷ പാർട്ടിയായ തൃണമൂലിന് അടുത്ത തിരഞ്ഞെടുപ്പിൽ തൃപുരിയിൽ സിപിഎമ്മിൽ നിന്ന് അധികാരം പിടിച്ചെടുക്കാനാകുമെന്നാണ് മമതയുടെ പ്രതീക്ഷ.

തൃപുരയിൽ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസ്സിൽ നിന്ന് കഴിഞ്ഞ മാസം ആറ് എംഎൽഎമാർ കൂറുമാറി തൃണമൂലിലേക്കെത്തിയതോടെയാണ് അവർ ഏറ്റവുംവലിയ പ്രതിപക്ഷ പാർട്ടിയായത്. സിപിഐ(എം) ഏറെക്കാലമായി ഭരിച്ചിരുന്ന ബംഗാൾ പിടിച്ചടക്കിയതുപോലെ അവർ വർഷങ്ങളായി ഭരിക്കുന്ന തൃപുരയും തൃണമൂൽ പിടിച്ചെടുക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. തൃപുരയിലെ സിപിഎമ്മിന്റെ ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും ഇത് അടുത്ത തിരഞ്ഞെടുപ്പോടെ അവസാനിപ്പിക്കാനാണ് മമതയ്‌ക്കൊപ്പം ചേരുന്നതെന്നും മാറിവന്ന എംഎൽഎമാരിൽ പ്രധാനിയായ സുദിപ് റെ ബർമൻ രക്തസാക്ഷി ദിന റാലിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. 2011ൽ ബംഗാളിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം അടുത്ത തിരഞ്ഞെടുപ്പിൽ തൃപുരയിൽ ആവർത്തിക്കുമെന്നും മണിക് സർക്കാരിന്റെ ഭരണം അവസാനിക്കുമെന്നുമായിരുന്നു സൂദീപിന്റെ പ്രഖ്യാപനം.