- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുലാംനബി ആസാദിനും, ആനന്ദ് ശർമയ്ക്കും സീറ്റില്ല; ഗ്രൂപ്പ് 23 ൽ നിന്ന് പരിഗണിച്ചത് മുകുൾ വാസ്നിക്കിനെ മാത്രം; വിമതരെ വെട്ടി നിരത്തി രാജ്യസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: വിമത വിഭാഗത്തെ ഒതുക്കി രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 10 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദിനും, ആനന്ദ് ശർമയ്ക്കും സീറ്റില്ല. ഗ്രൂപ്പ് 23 യിൽ നിന്ന് പരിഗണിച്ചത് മുകുൾ വാസ്നിക്കിനെ മാത്രമാണ്.
പി ചിദംബരം തമിഴ്‌നാട്ടിൽ നിന്നും, ജയ്‌റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിങ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്. വിമതരെ ഒഴിവാക്കിയാണ് പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും യഥാക്രമം കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിനെയും നിർമല സീതാരാമനെയും മത്സരിപ്പിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി ഇന്ന് പുറത്തിറക്കിയിരുന്നു. 16 സ്ഥാനാർത്ഥികളിൽ ആറ് പേരും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.
അംഗങ്ങളുടെ വിരമിക്കൽ മൂലം ഒഴിവു വരുന്ന 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10 ന് തെരഞ്ഞെടുപ്പ് നടക്കും. മെയ് 31 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ബീഹാറിൽ നിന്ന് അഞ്ച്, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്.വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 23 സീറ്റുകൾ ബിജെപിക്കും എട്ടെണ്ണം കോൺഗ്രസിന്റേതുമാണ്.




