- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട്ടെ ഗ്രൂപ്പു യോഗത്തെ ന്യായീകരിച്ചു ഡിസിസി അധ്യക്ഷൻ; ഗ്രൂപ്പു യോഗം നടന്നത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയെന്ന് മറ്റു ഗ്രൂപ്പുകൾ; യോഗ വിവരം അറിഞ്ഞ് ഒറ്റിയത് പഴയ എ വിഭാഗം; അമർഷത്തോടെ ചെന്നിത്തല അനുകൂലികളും; ഗ്രൂപ്പിനെതിരെ പോരാടുന്നവരുട ഗ്രൂപ്പു പ്രവർത്തനം ഹൈക്കമാൻഡിലെത്തിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
കോഴിക്കോട്: ഗ്രൂപ്പില്ലെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ കെപിസിസി നേതൃത്വം ഗ്രൂപ്പു നേതാക്കളെ വെട്ടിമാറ്റുന്നത്. എന്നാൽ, കെപിസിസി നേതൃത്വം പരസ്യമായി ഗ്രൂപ്പു കളിക്കുകയാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ. കല്ലായിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഗ്രൂപ്പു യോഗം നടത്താൻ തുനിഞ്ഞത് വിവാദമാകാൻ കാരണം മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തതാണ്. കെപിസിസി നേതൃത്വം കർശനമായി വിലക്കിയിട്ടും ഗ്രൂപ്പു യോഗം ചേർന്നതിലാണ് എതിർപ്പുള്ളത്.
ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് യോഗത്തിന് ഡിസിസി നേതൃത്വം തന്നെ പിന്തുണ പ്രഖ്യാപിച്ചതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധവും ശക്തമാണ്. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖിനെ അനുകൂലിക്കുന്നവരുടെ യോഗമാണ് കല്ലായി റോഡിലെ ഹോട്ടലിൽ നടന്നത്. ഇതു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് യോഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ മർദനമേൽക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ നടന്നത് ഗ്രൂപ്പ് യോഗമല്ലെന്നും ഡിസിസിയുടെ അറിവോടെ നടന്ന നെഹ്റു വിചാർവേദിയുടെ യോഗമാണെന്നുമുള്ള വിശദീകരണവുമായി ഡിസിസി പ്രസിഡന്റ് രംഗത്തെത്തി. യോഗത്തെ ഡിസിസി പ്രസിഡന്റ് ന്യായീകരിക്കുന്നത് ജില്ലയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളടെ ഭാഗമാണെന്നു മുതിർന്ന നേതാക്കൾ പറയുന്നു. സംഭവത്തിൽ ജില്ലയിലെ എ,ഐ ഗ്രൂപ്പ് നേതാക്കളും അമർഷത്തിലാണ്.
ഗ്രൂപ്പുകളെ കുറ്റം പറയുന്നവർ തന്നെ ഗ്രൂപ്പ് യോഗം നടത്തുകയാണെന്ന് കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. ഡിസിസി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതായി അറിയില്ലെന്നു കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണൻ പറഞ്ഞു. ഡിസിസിയുടെ പരിപാടിയിൽ ഒരു വിഭാഗം ആളുകൾ മാത്രമാണോ പങ്കെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തു. മാതൃഭൂമി ഫൊട്ടോഗ്രഫർ സാജൻ വി.നമ്പ്യാർ, കൈരളി ടിവി റിപ്പോർട്ടർ മേഘ മാധവൻ എന്നിവരുടെ മൊഴിയാണ് കസബ പൊലീസ് രേഖപ്പെടുത്തിയത്. അക്രമം നടന്ന ഹോട്ടലിൽ പൊലീസ് പരാതിക്കാർക്കൊപ്പം പരിശോധന നടത്തി. യോഗത്തിനു നേതൃത്വം നൽകിയ മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണു കേസ്.
ഗ്രൂപ്പ് യോഗങ്ങൾ നടത്തരുതെന്ന കെപിസിസി. അധ്യക്ഷന്റെ നിർദ്ദേശം ലംഘിച്ചാണു രാജീവന്റെ നേതൃത്വത്തിൽ 25 പേർ ഒത്തുകൂടിയത്. മർദനം നടന്നിട്ടും രാജീവൻ തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. പ്രശ്നമുണ്ടായതറിഞ്ഞാണു സിദ്ദിഖ് യോഗത്തിന് എത്താതിരുന്നതെന്നാണു സൂചന. അതുകൊണ്ട് അച്ചടക്ക നടപടിയിൽ നിന്നും സിദ്ദിഖ് രക്ഷപ്പെട്ടു.
കോഴിക്കോട്ടെ എ ഗ്രൂപ്പിൽത്തന്നെ കെ.സി. അബു വിഭാഗത്തെ ഒഴിവാക്കിയായിരുന്നു ഇന്നലത്തെ യോഗം. ഉമ്മൻ ചാണ്ടിയോട് ചേർന്ന് നിന്നാണ് അബുവിന്റെ പ്രവർത്തനം. ഉമ്മൻ ചാണ്ടിയെ തള്ളിയാണ് സിദ്ദിഖ് കെപിസിസി ഭാരവാഹിയായതെന്നാണ് സൂചന. ജവഹർലാൽ നെഹ്റു അനുസ്മരണച്ചടങ്ങാണു നടന്നതെന്നും രഹസ്യസ്വഭാവത്തിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനേത്തുടർന്ന് പത്രപ്രവർത്തകനാണെന്ന് അറിയാതെയാണു മർദനമുണ്ടായതെന്നും സിദ്ദിഖ് ന്യായീകരിച്ചു.
ഇതിൽ നിന്ന് തന്നെ ഗ്രൂപ്പ് യോഗമല്ലെന്ന് വരുത്താനുള്ള നീക്കമാണ് നടന്നതെന്ന് വ്യക്തമാണ്. ഈ യോഗം കെപിസിസി അധ്യക്ഷൻ കെ സുധാകരനും നാണക്കേടായി. ഇനി ഗ്രൂപ്പില്ലെന്ന് സുധാകരൻ പ്രഖ്യാപിക്കുമ്പോൾ വർ്ക്കിങ് പ്രസിഡന്റ് തന്നെ അതു നടത്തിയെന്നതാണ് നാണക്കേടായി മാറുന്നത്. സിദ്ദിഖിനെതിരെ അച്ചടക്ക നടപടി എടുക്കാനും കഴിയുന്നില്ല.
നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കെ സി വേണുഗോപാൽ--കെ സുധാകരൻ പക്ഷത്തേക്ക് സിദ്ദിഖ് കൂറുമാറിയതിനാൽ ജില്ലയിൽ എ ഗ്രൂപ്പിൽ വിള്ളൽവീണിരുന്നു. ഉമ്മൻ ചാണ്ടി വിഭാഗം സിദ്ദിഖിനെ എ ഗ്രൂപ്പിൽ അടുപ്പിച്ചിരുന്നില്ല. തുടർന്നാണ് സിദ്ദിഖ് സ്വാധീനമുറപ്പിക്കാൻ രഹസ്യയോഗം വിളിച്ചത്. ഡിസിസി ഭാരവാഹികൾ, കൗൺസിലർമാർ എന്നിവരടക്കം പങ്കെടുത്തയോഗം ചേർന്ന ഹോട്ടലിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. യു രാജീവനടക്കമുള്ള നേതാക്കൾ ഇത് തടയാനും ശ്രമിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ