കോട്ടയം: കുമരകത്തു എ ഗ്രൂപ്പിന്റെ രഹസ്യയോഗം പൊളിച്ചടുക്കി കോട്ടയത്തെ ഐ ഗ്രൂപ്പ്്. കെ.സി ജോസഫും തിരുവഞ്ചൂരും എ ഗ്രൂപ്പിലെ പ്രമാണിമാരും കുമരകത്ത് ഒത്തു കൂടിയപ്പോൾ തന്നെ ഐ ക്യാമ്പ് വിവരം മണത്തറിഞ്ഞു. മിനിട്ടുകൾക്കുള്ളിൽ ചാനൽ പട സ്ഥലത്ത് എത്തി. ഇതോടെ യോഗം അവസാനിപ്പിച്ച് എ പട പൊടിതട്ടി.

കോട്ടയം ജില്ലാ പഞ്ചായത്തിലെ വിഷയം മുതൽ സംസ്ഥാന തലത്തിലെ കരുനീക്കങ്ങൾ വരെ ആലോചിക്കാനാണ് കുമരകത്ത്് എത്തിയത്്. എന്നാൽ ഒന്നും നടന്നില്ല. ചാനലുകാർ വന്നതോടെ കെ.സി പറഞ്ഞു, കള്ളൻ കപ്പലിൽ തന്നെ. അവരെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്്.

സ്വകാര്യ റിസോർട്ടിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയത് എ ഗ്രൂപ്പിലെ ഉമ്മൻ ചാണ്ടി വിഭാഗത്തിലെ കരുത്തനായ കെ.സി ജോസഫായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്തു. ഗ്രൂപ്പിന്റെ നഷ്ടപ്പെട്ട ജില്ലയിലെ അപ്രമാദിത്വം തിരികെപിടിക്കുക, പുനഃസംഘടനയിലൂടെ പരമാവധി സ്ഥാനങ്ങൾ കൈക്കലാക്കുക, മാണി ഗ്രൂപ്പിന് രാഷ്ട്രീയ തിരിച്ചടി നൽകുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയം.

കെ.എം മാണിക്കെതിരെ അയഞ്ഞ സമീപനം സ്വീകരിക്കുന്ന തിരുവഞ്ചൂരിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്്. കെ എം മാണിയെ മാണി സാറെന്ന് വിളിക്കരുതെന്ന് പ്രഖ്യാപിച്ച കെ.സി ക്ക് തിരുവഞ്ചൂരിന്റെ അയഞ്ഞ സമീപനം തീരെ പിടിച്ചില്ല. തിരുവഞ്ചൂരിനെതിരെ കടുത്ത വിമർശനമാണ് യോഗത്തിലുണ്ടായത്.

എ ഗ്രൂപ്പിൽ യോഗ്യതയുള്ളവരുണ്ടായിട്ടും കെ സി ജോസഫിന്റെ നിർദ്ദേശപ്രകാരം ഐ ഗ്രൂപ്പ് ആഭിമുഖ്യമുള്ള ജോഷി ഫിലിപ്പിനെ ഡിസിസി പ്രസിഡന്റാക്കിയതിലുള്ള അതൃപ്തിയും യോഗത്തിലുയർന്നു. വി എം സുധീരനും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്്്. യോഗവിവരം ചാനലുകളിൽ വന്നതോടെ പെട്ടെന്ന് നടപടി പൂർത്തിയാക്കി പിരിയുകയും ചെയ്തു.