തിരുവനന്തപുരം: എംഎം ഹസൻ സ്ഥാനമൊഴിഞ്ഞാൽ കെ. മുരളീധരൻ കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത ഏറെയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുരളിക്ക് അനുകൂലം. അതുകൊണ്ട് തന്നെ മുരളിയക്ക് അധ്യക്ഷനായേക്കുമെന്ന അഭ്യൂഹവും ശക്തമായി. ഇതോടെ കരതുലോടെ കളിക്കുകയാണ് കോൺഗ്രസിലെ ഐ വിഭാഗം. ചെന്നിത്തല പക്ഷത്തായിരുന്നു മുരളീധരൻ. വിശാല ഐ ഗ്രൂപ്പിൽ നിന്ന് മുരളീധരൻ തെറ്റിപ്പിരിഞ്ഞത് ഈ അടുത്തകാലത്താണ്. ഇതോടെ ഉമ്മൻ ചാണ്ടിയുമായി അടുത്തു. ഇതോടെ എ ഗ്രൂപ്പിന് കരുത്ത് കൂടുകയും ചെയ്തു.

സോളാറിൽ കുടുക്കിയാണ് ഉമ്മൻ ചാണ്ടിയെ ഐ വിഭാഗം ഒതുക്കി നിർത്തിയത്. ഇപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരായ കേസുകൾ ഓരോന്നോയി മാറുകയാണ്. പാറ്റൂരിലെ കുറ്റവിമുക്തനായി. സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി നടത്തുന്ന നീക്കങ്ങൾ ഫലം കണ്ടാൽ ഈ വിവാദത്തിനും വിരാമമാകും. ഇതോടെ നിയമസഭാ കക്ഷി നേതൃത്വം ഉമ്മൻ ചാണ്ടി ഏറ്റെടുക്കാൻ സാധ്യത ഏറെയാണ്. കേരളത്തിലെ ചലനാത്മക പ്രതിപക്ഷമായി കോൺഗ്രസിനെ മാറ്റാൻ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ലെന്ന വാദം സജീവമാണ്. ഇത് മുതലെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. വീണ്ടും മുഖ്യമന്ത്രി കസേര പോലും ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം മുരളീധരൻ കൊടുക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്.

ക്രൈസ്തവ വിഭാഗത്തിൽ നിന്ന് നിമയസഭാ കക്ഷി നേതാവ് വരുമ്പോൾ ഭൂരിപക്ഷ സമുദായത്തിന് കെപിസിസി അധ്യക്ഷ സ്ഥാനം നൽകുന്നതാണ് പതിവ്. ഈ സാഹചര്യത്തിലാണ് മുരളിയെ ഉയർത്തിക്കാട്ടാൻ നീക്കം നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മുരളീധരനെതിരെ വീണ്ടും ഗ്രൂപ്പിസത്തിന് ഒരുങ്ങുന്നെന്ന ആരോപണവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകമാൻഡിന് പരാതിയും നൽകി. 14ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും വിഷയം ഉന്നയിക്കാൻ ഒരുക്കത്തിലാണ് ചില നേതാക്കൾ. മുരളീധരന്റെ നേതൃത്വത്തിൽ കെ. കരുണാകരൻ സ്റ്റഡി സെന്റർ വിപുലമായി പുനഃസംഘടിപ്പിച്ചതാണ് പരാതിക്ക് ഇടയാക്കിയത്.

വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടനയാണെങ്കിലും സമീപകാലത്ത് ജില്ല തലത്തിൽ ഉൾപ്പെടെ വിപുലമായി പുനഃസംഘടിപ്പിച്ചത് പാർട്ടിയിൽ ഗ്രൂപ്പിസം ഉന്നമിട്ടാണെന്നാണ് പരാതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവരുടെ പേരുകൾ സംഘടനയുടെ രക്ഷാധികാരികളായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരാരും അറിഞ്ഞിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോധപൂർവ്വമാണ് മുരളിക്കെതിരെ ഈ ചർച്ച ഉയർത്തുന്നത്. കെപിസിസിയുടെ നേതൃത്വം മുരളീധരനിലേക്ക് എത്താതിരിക്കാനുള്ള ബോധപൂർവ്വമായ നീക്കം.

ഗ്രൂപ്പ് പ്രവർത്തനങ്ങൾ പാടില്ലെന്ന മുന്നറിയിപ്പ് എഐസിസി അധ്യക്ഷനായി ചുമതലയേറ്റപ്പോൾ തന്നെ രാഹുൽ ഗാന്ധി നൽകിയിരുന്നു. ഇത് മനസ്സിൽ കണ്ടാണ് മുരളിക്കെതിരെ ഗ്രൂപ്പിസമെന്ന ആരോപണം ഉയർത്തുന്നത്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നടത്തുന്ന മുരളിയുടെ നീക്കങ്ങൾ കൂടുതൽ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് ഹൈക്കമാണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. പാർട്ടിയിൽ മടങ്ങിയെത്തിയശേഷം തുടക്കത്തിൽ വിശാല ഐ ഗ്രൂപ്പിനോട് സഹകരിച്ചാണ് മുരളി പ്രവർത്തിച്ചതെങ്കിലും അടുത്തകാലത്തായി അദ്ദേഹം ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാകാതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

ഇക്കാര്യത്തിൽ പ്രത്യേകിച്ചും പാർട്ടിയിലെ പഴയ തിരുത്തൽവാദി നേതാക്കളാണ് മുൻപന്തിയിൽ നിൽക്കുന്നത്. അതിനിടയിലാണ് കരുണാകരൻ സ്റ്റഡിസന്റെറിനെ സജീവമാക്കിയത്. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് ഈ നീക്കമെന്ന സൂചനയും ഉണ്ട്. രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി വീണ്ടും അടുക്കുകയാണ്. മേഘാലയയിലേക്ക് കോൺഗ്രസിന്റെ വിഐപി പ്രചാരകനായി ഉമ്മൻ ചാണ്ടിയെ രാഹുൽ നിയോഗിച്ചത് ഇതിന്റെ സൂചനയാണ് നൽകുന്നത്. ഇതും ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറെ നിർണ്ണായകമാണ്. പരമാധി സീറ്റുകൾ ഇവിടെ നിന്ന് കിട്ടിയില്ലെങ്കിൽ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃപദവിക്ക് കടുത്ത വെല്ലുവിളിയാകും. ഇത് തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടിയും കരുക്കൾ നീക്കുന്നത്.