- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹസ്സനെ പിടിക്കാൻ ജയ്ഹിന്ദ്; പാർട്ടി ചാനലിൽ പിടിമുറുക്കാൻ സുധീരൻ; യോഗ്യതയില്ലാത്തവരെ ചാടിക്കാൻ നീക്കം തുടങ്ങി; യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ജീവനക്കാർക്ക് എതിരെ എച്ച്ആർ വിഭാഗം നടപടി തുടങ്ങി
തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയിൽ പിടിമുറുക്കാൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. മാദ്ധ്യപ്രവർത്തകർക്കിടയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ജയ്ഹിന്ദ് ചാനലിൽ യോഗ്യതയില്ലാത്തവർ കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുധീരൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതേ
തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയിൽ പിടിമുറുക്കാൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. മാദ്ധ്യപ്രവർത്തകർക്കിടയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ജയ്ഹിന്ദ് ചാനലിൽ യോഗ്യതയില്ലാത്തവർ കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുധീരൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതേ തുടർന്ന് ചാനലിലെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ജീവനക്കാർക്ക് എതിരെ എച്ച്ആർ വിഭാഗം നടപടി തുടങ്ങി. എത്രയും വേഗം സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിർദ്ദേശം. അല്ലെങ്കിൽ ഇവർക്കെതിരെ നടപടിയെടുക്കും.
പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്‌സിൽ അമൃതാ ടിവിയെ പ്രതിനിധീകരിച്ച് ദീപക് ധർമ്മടം പങ്കെടുത്തത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് തെളിവ് സഹിതം മറുനാടൻ വാർത്ത നൽകിയിരുന്നു. പ്രതിരോധ വകുപ്പ് ദീപക്കിനെതിരെ നടപടി തുടങ്ങി. ഒരാഴ്ച മുമ്പ് ഒർജിനൽ സർട്ടിഫിക്കറ്റ് നൽകാൻ ദീപക്കിനോട് പ്രതിരോധ വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എല്ലാമറിയാമായിരുന്നിട്ടും അമൃതാ ടിവി ദീപക്കിനെ സംരക്ഷിക്കുന്ന നിലപാടിലാണെന്നാണ് സൂചന. ഈ വാർത്തകളുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജയ്ഹിന്ദിലെ സുധീരന്റെ ഇടപെടൽ.
എന്നാൽ കാൺഗ്രസിലെ വിഭാഗീയ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ജയ്ഹിന്ദ് ചാനലിലേയും നടപടികളെന്നതാണ് യാഥാർത്ഥ്യം. കെപിസിസി പ്രസിഡന്റാണ് പാർട്ടി ചാനലിന്റെ പ്രസിഡന്റ്. പക്ഷേ മാനേജിങ് ഡയറക്ടർ എംഎം ഹസ്സനാണ് ചാനലിൽ മുൻതൂക്കം. ഹസ്സന്റെ നേതൃത്വത്തിലാണ് ചാനൽ യാഥാർത്ഥ്യമായത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ ചാനൽകാര്യങ്ങളിൽ ഇടപെട്ടതുമില്ല. ഇതോടെ ചാനൽ പൂർണ്ണമായും ഹസ്സന്റെ നിയന്ത്രണത്തിലായി. എന്നാൽ മദ്യനയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുധീരനുമായി ഹസ്സൻ തെറ്റി. സുധീരനെ കടന്നാക്രമിക്കുകയാണ് ഹസ്സൻ ചെയ്തത്. കെപിസിസി വൈസ് പ്രസിഡന്റ് എന്ന നിലയിൽ സർക്കാർ-കെപിസിസി ഏകോപന സമിതിയിലും സുധീരനെ ഹസ്സൻ കളിയാക്കി. ഇതോടെയാണ് ജയ്ഹിന്ദ് ചാനലിലെ പ്രസിഡന്റ് സ്ഥാനം വിനിയോഗിക്കാൻ സുധീരൻ തീരുമാനിച്ചത്.
ഇഷ്ടക്കാരെ മുഴുവൻ ഹസ്സൻ ചാനലിൽ തിരുകികയറ്റിയെന്നാണ് സുധീരന്റെ വിലയിരുത്തൽ. ന്യൂസ് വിഭാഗത്തിലും പ്രോഗ്രാമിലും അഡ്‌മിനിസ്‌ട്രേഷനിലുമെല്ലാം ഹസ്സന്റെ ഇഷ്ടക്കാരാണ്. ഇവരുടെ യോഗ്യത പരിശോധിക്കാനാണ് നീക്കം. ന്യൂസ് വിഭാഗത്തിലെ പ്രധാനികളിൽ ഒരാൾ പത്താം ക്ലാസിന് അപ്പുറത്തേക്ക് പഠിച്ചിട്ടില്ലെന്നാണ് സുധീരന് ലഭിച്ച വിവരം. മാർക്കറ്റിംഗിന്റെ തലപ്പത്തുള്ളവരെ കുറിച്ചും ഹസനെ എതിർക്കുന്ന വിഭാഗം സുധീരനെ അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മറുനാടൻ വാർത്തയുടെ മറവിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. ഭൂരിഭാഗം പേരും ജോലിക്കായി നൽകിയ പ്രൊഫൈലുകളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ പുറത്താക്കാനാണ് നീക്കം.
സർട്ടിഫിക്കറ്റുകൾ നൽകാത്തവരെ കൃത്യമായി കണ്ടെത്തി, അവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള ഇ-മെയിൽ പോയിരിക്കുന്നത്. സുധീരന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും ചാനൽ ജീവനക്കാർക്കിടയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ചാനലിന്റെ നിലവാരം ഉയർത്താൻ അനിവാര്യമായത് കെപിസിസി പ്രസിഡന്റ് ചെയ്യുന്നുവെന്നാണ് വിശദീകരണം. തീർത്തും നിയമപരമായതിനാൽ ഇടപെടാൻ ഹസ്സനും കഴിയുന്നില്ല. കെപിസിസിയിലും ജയ്ഹിന്ദ് ചാനലിനെ ശുദ്ധീകരിക്കുന്നത് പാർട്ടിക്ക് അനിവാര്യമാണെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കൂടുതൽ ഗുണകരമാകാൻ ചാനലിനെ വിനിയോഗിക്കാനുള്ള ചർച്ചകളാകും ഇനി നടക്കുക. എന്നാൽ ഇതിന്റെ മറവിൽ ഹസ്സന്റെ അടുപ്പക്കാരെ വെട്ടാനാണ് സുധീരന്റെ രഹസ്യ നീക്കം.
ചാനലിന് ഡിഎസ്എൻജി വാങ്ങാനായ തുക ഉപയോഗിച്ച് ഇന്നോവ കാർ വാങ്ങിയത് ധൂർത്തായിരുന്നുവെന്ന് സുധീരന് വ്യക്തമാക്കി കഴിഞ്ഞു. സിഇഒയുടെ സെക്രട്ടറിയെ പ്രധാന ചുമതലയിലേക്ക് ഉയർത്തിയതും സുധീരന്റെ അറിവില്ലാതെ ആയിരുന്നു. ചാനൽ പ്രസിഡന്റെന്ന നിലയിൽ പ്രധാന കാര്യങ്ങളെല്ലാം തന്നോട് ആലോചിച്ച് ചെയ്താൽ മതിയെന്ന നിലപാടിലാണ് സുധീരൻ. ചാനലിന്റെ പേരിൽ ഉന്നതർ നടത്തുന്ന ധൂർത്തും ആഡംബര ജീവിതവുമെല്ലാം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടലുണ്ടാകുമെന്നും വ്യക്തമാക്കി. അതിന് പിന്നാലെയാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള നിർദ്ദേശം എച്ച് ആർ വിഭാഗത്തിന് സുധീരൻ നേരിട്ട് നൽകിയത്.