ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് എന്തായിരിക്കും. ബിജെപി മുഖ്യമന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്ത സ്റ്റൈൽ മന്നനിതാ ഇപ്പോൾ കോൺഗ്രസിൽ നിന്നും ക്ഷണം.

രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ആദ്യം പറഞ്ഞ തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതൃത്വം പിന്നീട് തങ്ങളുടെ പാർട്ടിയിലേക്ക് രജനിയെ സ്വാഗതംചെയ്തു.

എല്ലാ രാഷ്ട്രീയ പാർട്ടികളിലും രജനികാന്തിന് ആരാധകരുണ്ടെന്നും തമിഴ് ജനത അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും അതിനാൽ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നാണ് തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് ഇ വി കെ എസ് ഇളങ്കോവൻ ആദ്യം പറഞ്ഞത്. മുൻ കേന്ദ്രമന്ത്രി ജി കെ വാസൻ തന്റെ പിതാവ് ജി കെ മൂപ്പനാരുടെ തമിഴ്മാനില കോൺഗ്രസ് പുനരജ്ജീവിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പിന്തുണമായി രജനികാന്ത് രംഗത്ത് വന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

രജനികാന്തിനെ പോലൊരാൾ കേവലം ഒരു ചെറിയ വൃത്തത്തിനുള്ളിൽ ചുരുങ്ങരുതെന്ന് പറഞ്ഞ ഇളങ്കോവൻ പിന്നീട് രജനിയെ തങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മതേതരത്വത്തെ പിന്തുണയ്ക്കുന്ന രജനികാന്ത് അടക്കമുള്ളവർ കോൺഗ്രസിലേക്ക് വരണമെന്നാണ് ഇളങ്കോവന്റെ വാദം.

1996ൽ കോൺഗ്രസ് വിട്ട് മൂപ്പനാർ തമിഴ്മാനില കോൺഗ്രസ് രൂപീകരിച്ചപ്പോൾ ഡിഎംകെയ്ക്ക് വോട്ട് ചെയ്യാനാണ് രജനീകാന്ത് പറഞ്ഞിരുന്നത്. ജയലളിതയുടെ എഡിഎംകെ അധികാരത്തിൽ വന്നാൽ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്നും സ്റ്റൈൽ മന്നൻ പറഞ്ഞിരുന്നു. നേരത്തെ, ബിജെപിയിലേക്ക് രജനീകാന്ത് പോകുമെന്ന വാർത്തകളും സജീവചർച്ചയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നരേന്ദ്ര മോദി രജനീകാന്തിനെ സന്ദർശിച്ചിരുന്നു. പിന്നീട, രജനീകാന്തിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവും തമിഴനാട് ബിജെപി നേതാക്കൾ നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യങ്ങളോടൊന്നും രജനീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.