- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനയുഗവും വീക്ഷണവും പൂട്ടിപ്പോയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം; ഇന്നു വരെ പുറത്തിറങ്ങിയ പത്രങ്ങൾ പൂട്ടിപ്പോയത് എപ്പോഴെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; 'ചന്ദ്രിക' വിവാദങ്ങൾക്ക് മറുപടി പറയവെ വീക്ഷണത്തിനെതിരെ വ്യാജ പ്രസ്താവന നടത്തിയതിൽ കോൺഗ്രസിന് കടുത്ത പ്രതിഷേധം
കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയവെ സിപിഐ മുഖപത്രമായ ജനയുഗത്തിനും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനുമെതിരെ വ്യാജ പ്രസ്താവന നടത്തി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സാമ്പത്തിക പ്രതിസന്ധി കാരണം പത്രങ്ങൾ ഉൾപ്പെടെ പൂട്ടിപ്പോകുന്നതും നടത്തിപ്പ് പ്രയാസത്തിലാകുന്നതും സാധാരണമാണെന്ന് വ്യക്തമാക്കുന്നതിനാണ് സലാം വീക്ഷണത്തിന്റെയും ജനയുഗത്തിന്റെയും പേര് പരാമർശിച്ചത്.
എത്രയോ പത്രങ്ങൾ പൂട്ടിപ്പോയിട്ടുണ്ട്. ജനയുഗം ഇപ്പോഴുണ്ടോ. . വീക്ഷണം വർക്കു ചെയ്യുന്നുണ്ടോ. . ഈ സ്ഥാപനങ്ങളൊക്കെ ഞങ്ങളുടെ ഫിനാൻസ് മാനേജർ പൂട്ടിച്ചതാണോ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള സലാമിന്റെ ചോദ്യം. ഈ സ്ഥാപനങ്ങൾ മാത്രമല്ല, എത്രയോ കമ്പനികൾ പൂട്ടിപ്പോയിട്ടുണ്ട്. തങ്ങളുടെ സുഹൃത്തുക്കൾ തുടങ്ങിയ കമ്പനികൾ ഉൾപ്പെടെ പൂട്ടിപ്പോയത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം പുറത്തിറങ്ങാത്തതുകൊണ്ട് കോൺഗ്രസുകാർക്ക് കുഴപ്പമൊന്നും ഇല്ല. പല പ്രമുഖ മാധ്യമങ്ങളിലും പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ചന്ദ്രികയിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമ്പത് ശതമാനം ശമ്പളം കുറച്ചുകാലം നൽകിയിരുന്നു. പിന്നീട് ശമ്പളം പൂർണ്ണമായി കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും ഇപ്പോഴും പകുതി ശമ്പളം മാത്രമാണ് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ ഇന്നുവരെ പുറത്തിറങ്ങിയ ജനയുഗം, വീക്ഷണം പത്രങ്ങൾ പൂട്ടിപ്പോയത് എപ്പോഴെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. പാർട്ടി മുഖപത്രത്തിലെ അഴിമതിയാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അവിടെ നടക്കന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ജീവനക്കാർ തന്നെയാണ് പുറത്ത് വിവരം നൽകിയത്. ആ പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രവർത്തനം തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ എന്തിനാണ് പ്രസ്താവന നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിസന്ധികൾ ഉണ്ടെങ്കിലും വീക്ഷണം പുറത്തിറങ്ങുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഒരേ മുന്നണിയിലുള്ള കോൺഗ്രസിന്റെ മുഖപത്രത്തെ പൂട്ടിപ്പോയ പത്രമായി വിശേഷിപ്പിച്ചതിൽ വീക്ഷണം മാനേജ്മെന്റിനും കോൺഗ്രസ് നേതൃത്വത്തിനും കടുത്ത പ്രതിഷേധമുണ്ട്.
പുറത്തു നിന്നുമുയരുന്ന ആരോപണങ്ങൾക്ക് പുറമെ പത്രത്തിൽ നടക്കുന്ന അഴിമതികൾ ചൂണ്ടിക്കാട്ടി ചന്ദ്രികയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. 2017 ൽ ചന്ദ്രികയുടെ നവീകരണത്തിനായി ഗൾഫിൽ നിന്നും പിരിച്ചെടുത്ത വൻ തുക പത്രത്തിൽ എത്തിയില്ലെന്നായിരുന്നു ജീവനക്കാരുടെ പ്രധാന ആക്ഷേപം. 2016-17 ലെ ഔദ്യോഗിക കണക്ക് പ്രകാരം വാർഷിക വരിക്കാരെ ചേർത്ത വകയിൽ പതിനാറ് കോടി രൂപ ലഭിച്ചു. 2020 ലും വരിക്കാരെ ചേർത്ത് കോടികൾ സ്വരൂപിച്ചു. ചന്ദ്രികയുടെ നവീകരണത്തിന്റെ പേരിൽ സ്പെഷ്യൽ ഫണ്ടും പിരിച്ചെടുത്തും. ഈ തുകയെല്ലാം എവിടെപ്പോയെന്നായിരുന്നു ചന്ദ്രികയിലെ ജീവനക്കാരുടെ ചോദ്യം. സ്ഥാപനത്തിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ല.
2017 മുതൽ ജീവനക്കാരുടെ പേരിൽ പിരിച്ചെടുത്ത പി എഫ് സംഖ്യ പി എഫ് ഓഫീസിൽ അടച്ചിട്ടില്ല. ഏതാണ്ട് നാലു കോടിയിലെത്തുകയാണ് ഭീമമായ പിഴയും പിഴപ്പലിശയുമായി ഇത്. 36 ശതമാനാണ് പി എഫ് പലിശ. ഓരോ ദിവസവും പലിശ കൂടുകയാണ്. ജീവനക്കാരുടെ കയ്യിൽ നിന്ന് മാസാമാസം പിടിക്കുന്ന പണം എവിടെയന്നും പിരിഞ്ഞുപോയവർക്ക് പോലും പി എഫ് ആനുകൂല്യം ലഭ്യമാകാത്തത് എന്തുകൊണ്ടെന്നും ജീവനക്കാർ ചോദിച്ചിരുന്നു. ഇത്രയും ആരോപണങ്ങൾ ഉയരുമ്പോഴാണ് ന്യായീകരണത്തിനായി പി എം എ സലാം വീക്ഷണത്തെയും ജനയുഗത്തെയും കൂട്ടുപിടിച്ചത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.