ജലന്ധർ: കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും 2012ലെ തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസത്തോടെ പഞ്ചാബിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് ഇക്കുറിയും പതനമാണ് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജലന്ധറിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്തുവിലകൊടുത്തും അധികാരത്തിലെത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പിടിച്ചുനിൽക്കാൻ കോൺഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വർഷം ബംഗാൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിച്ചു. ഇത്തരത്തിൽ ഓരോ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ശ്രമിക്കുകയാണെങ്കിലും അമ്പേ പരാജയപ്പെടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.

പഞ്ചാബ് വിശുദ്ധരുടെ നാടാണ്. ത്യാഗങ്ങളുടെയും സ്‌നേഹത്തിന്റെയും നാടാണ്. സംസ്ഥാനത്തെ കർഷകർ എല്ലാവർക്കും വേണ്ടി ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. സംസ്ഥാനത്തുനിന്നുള്ള സൈനികർ രാജ്യത്തെ സംരക്ഷിക്കുന്നു. പഞ്ചാബിന് പുതിയ ശക്തി പ്രദാനം ചെയ്യാൻ ഈ തിരഞ്ഞെടുപ്പിനാകും.

മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണു പഞ്ചാബിനു താൽപ്പര്യമെന്ന് മോദി പറഞ്ഞു. ബാദൽ വർഷങ്ങളായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനും പാർട്ടികൾ മാറാനും അദ്ദേഹം തയാറായില്ല. ഹിന്ദു-സിഖ് വിഭാഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ ഐക്യത്തിനായി പ്രവർത്തിച്ചയാളാണു പ്രകാശ് സിങ് ബാദൽ. പാവപ്പെട്ടവരും കർഷകരും ഗ്രാമങ്ങളുമാണ് ബാദൽ സാഹബിനു പ്രധാനം. വിളനശിച്ച കർഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളും ബാദൽ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, സ്വാർഥ താൽപ്പര്യവും കൃത്യമായ ചർച്ചകളില്ലായ്മയും മൂലം ചിലയാളുകൾ പഞ്ചാബിനെ അപമാനിക്കാൻ ശ്രമിക്കുന്നു. പഞ്ചാബിന്റെ പ്രതിച്ഛായെ മോശമാക്കാൻ ചിലർ ശ്രമിക്കുന്നു. പഞ്ചാബിലെ യുവത്വത്തെക്കുറിച്ച് അനാവശ്യമായ കാര്യങ്ങൾ എന്തിനാണ് ചിലയാളുകൾ പറയുന്നത്.

അതു രാഷ്ട്രീയ താൽപ്പര്യത്തിനു വേണ്ടിയാണോ എന്ന് സംശയിക്കണം. അവർ പറയുന്നതൊന്നും ശരിയല്ല. 2012ൽ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് അമിത ആത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. പഞ്ചാബിലെ ജനങ്ങളെ വിലകുറച്ചുകാണാൻ ആർക്കും കഴിയില്ല.

വിരമിച്ച സൈനികരുടെ പ്രധാന ആവശ്യമായ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വർഷങ്ങളായി പരിഗണിക്കാതെ കിടക്കുകയായിരുന്നു. 10,000 കോടി കൊടുക്കാനുള്ളതിന് 6,000 കോടി രൂപ ഇപ്പോൾത്തെ ഞങ്ങളുടെ സർക്കാർ കൊടുത്തിട്ടുണ്ട്. ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോൾ പഞ്ചാബിൽ എല്ലാവരും അത് ആഘോഷിച്ചു. ഞങ്ങളുടെ സർക്കാർ അഴിമതിക്കെതിരെയാണ് പോരാടുന്നത്. അഴിമതിയെ നേരിടാൻ ശക്തമായ നടപടികളാണ് ഞങ്ങൾ എടുക്കുന്നത്. അഴിമതിയെ തുടച്ചുനീക്കാൻ പഞ്ചാബിലെ ജനങ്ങളുടെ പിന്തുണ ഞങ്ങൾ തേടുന്നു.