- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വട്ടിയൂർക്കാവിൽ കൂട്ട രാജി; മൊട്ടയടിച്ച് പാർട്ടി വിടാൻ വനിതാ നേതാവ്; ഇരിക്കൂറിൽ രാപ്പകൽ സമരം; ജീവന്മരണ പോരാട്ടത്തിന് കോൺഗ്രസ് തയ്യാറെടുക്കുമ്പോഴും ഉള്ളിൽ നിന്നും ഞെക്കി കൊല്ലാനൊരുങ്ങി സീറ്റ് മോഹികൾ; സ്ഥാനാർത്ഥി നിർണയം കേരളത്തിലെ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഡൽഹിയിൽ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ കോൺഗ്രസിനുള്ളിൽ രൂപപ്പെടുന്നത് വലിയ പൊട്ടിത്തെറി. സീറ്റ് മോഹികളും ഗ്രൂപ്പ് പ്രചാരകരും പാർട്ടിയെ നിർണായക ഘട്ടത്തിൽ മുൾമുനയിൽ നിർത്തുകയാണ്. നിലവിലെ സാഹചര്യം അനുസരിച്ച് സ്ഥാനാർത്ഥി പട്ടിക പുറത്ത് വരുന്നതോടെ കേരളത്തിലെ കോൺഗ്രസിൽ വലിയ തോതിലുള്ള കൊഴിഞ്ഞ് പോക്കിനാണ് സാധ്യത. ബാക്കി വരുന്നവരിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ വിമത സ്ഥാനാർത്ഥികളാകാനും തയ്യാറെടുക്കുന്നവരുണ്ട്.
വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചു. പല മണ്ഡലങ്ങളിലും വിമത ഭീഷണി ഉയർന്നതോടെ നേതൃത്വം വെട്ടിലായി. ഫിറോസ് കുന്നുംപറമ്പിലിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനു വേണ്ടി എ ഗ്രൂപ്പിന്റെ രാപ്പകൽ സമരം തുടരുകയാണ്.
വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചത്. മൂന്ന് കെപിസിസി അംഗങ്ങളും രണ്ടു ജില്ലാ ഭാരവാഹികളും 14 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലക്ക് പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കെട്ടി ഇറക്കിയ സ്ഥാനാർത്ഥി വേണ്ടെന്ന് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പാർട്ടി നടപടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. പാർട്ടി പ്രവർത്തകരുടെ മനസ് അറിഞ്ഞില്ലെങ്കിൽ പരാജയം ഉറപ്പാണ്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കില്ലെന്നും പ്രവർത്തകർ പറയുന്നു.
തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെയും പ്രതിഷേധം ഉയരുകയാണ്. മലപ്പുറം ഡിസിസിക്ക് മുൻപിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നുംപറമ്പിലിനെ പരിഗണിക്കുന്നതിലാണ് പ്രവർത്തകരുടെ എതിർപ്പ്. ഫിറോസ് കോൺഗ്രസ് പ്രവർത്തകനല്ലെന്നാണ് ആക്ഷേപം.
അതിനിടെ, ഏറ്റുമാനൂരില്ലെങ്കിൽ വൈപ്പിൻ വേണമെന്ന ആവശ്യത്തിൽ ലതിക സുഭാഷ് ഉറച്ചു നിൽക്കുന്നു. ലതികയേ അനുനയിപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമം വിജയിച്ചില്ല. കുണ്ടറയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് കോൺഗ്രസ് നേതാവ് കല്ലട രമേശ് ഭീഷണി മുഴക്കിയതോടെ നേതൃത്വം അനുനയ ശ്രമം ഊർജിതമാക്കി. എലത്തൂർ മണ്ഡലം മാണി സി കാപ്പൻ വിഭാഗത്തിന് നൽകിയതിലും പ്രതിഷേധം ഉയരുകയാണ്. മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുമ്പിൽ പോസ്റ്റർ പതിച്ചു. തൃശൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്തും ഷാജി കോടങ്കണ്ടത്തും എഐസിസിക്ക് കത്ത് അയച്ചു.
അതേസമയം, ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പിന്റെ രാപ്പകൽ സമരം തുടരുകയാണ്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. ഇപ്പോൾ നടക്കുന്ന രാപ്പകൽ സമരത്തിന് പുറമെ മണ്ഡലത്തിൽ കൂറ്റൻ റാലിക്കും ആലോചനയുണ്ട്. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനം. ടി സിദ്ദിഖിനെതിരെ കൽപറ്റയിൽ പ്രാദേശിക വികാരം രൂക്ഷമായി. മണ്ഡലത്തിൽ വയനാട്ടുകാർ മതിയെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി ടീച്ചർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ