കോട്ടയം: കെപിസിസി. ജനറൽ ബോഡിയിൽ ഇടം പിടിച്ചവരിൽ 80 വയസ് പിന്നിട്ട എട്ടുപേർ. 45 വയസിൽ താഴെയുള്ള യുവാക്കളുടെ പട്ടികയിൽ കടന്നുകൂടാൻ പ്രായം കുറച്ചുകാണിച്ചതു 18 പേരും. ഹൈക്കമാൻഡിന്റെ അന്ത്യശാസനത്തിനു വഴങ്ങി തട്ടിക്കൂട്ടിയ ലിസ്റ്റിലാണ് ഈ വിചിത്ര സംഭവങ്ങളുള്ളത്. ശരാശരി 55-65 വയസുള്ളവരാണു പട്ടികയിൽ ബഹുഭൂരിപക്ഷം. പല ജില്ലകളിലും പുതുമുഖങ്ങളായി അവതരിപ്പിച്ചിരിക്കുന്നതു ഷഷ്ടിപൂർത്തി കഴിഞ്ഞവരെയാണ്.

കോട്ടയത്തുനിന്നുള്ള എം.എം. ജേക്കബാണു ജനറൽ ബോഡിയിലെ കാരണവർ. മേഘാലയ മുൻ ഗവർണർ കൂടിയായ അദ്ദേഹം നവതി പിന്നിട്ടു. എം.എം. ജേക്കബിനു തൊട്ടുപിന്നിൽ കെപിസിസി. മുൻ അധ്യക്ഷന്മാരായ തെന്നല ബാലകൃഷ്ണപിള്ളയും സി.വി. പത്മരാജനും. 85 വയസുള്ള കെ. ശങ്കരനാരായണനാണു സീനിയോറിറ്റിയിൽ അടുത്തത്. 80 പിന്നിട്ട ആര്യാടൻ മുഹമ്മദ്, കെ.പി. ഉണ്ണിക്കൃഷ്ണൻ, സി.എൻ. ബാലകൃഷ്ണൻ, വയലാർ രവി, 70 പിന്നിട്ട എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, ടി.എച്ച്. മുസ്തഫ, പി.ജെ. കുര്യൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.പി. തങ്കച്ചൻ, കെ.പി. വിശ്വനാഥൻ, കെ.വി. തോമസ് തുടങ്ങിയവരാണു മറ്റു വയോധികനേതാക്കൾ.

ആകെയുള്ള 304 പേരിൽ, 45 വയസിൽ താഴെയുള്ള 45 പേരുണ്ടെന്നാണ് കെപിസിസി പറയുന്നത്. എന്നാൽ, രേഖകൾപ്രകാരം 45-ൽ താഴെയുള്ളവർ 27 പേർ മാത്രം. എംഎ‍ൽഎമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, നേതാക്കളായ സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, യു.കെ. അഭിലാഷ്, എ.എം. രോഹിത്,പി. ഇഫ്ത്തിഖറുദീൻ, കെ.പി. നൗഷാദലി, വി എസ്. ജോയി, ജെബി മേത്തർ, കെ.പി. ശ്രീകുമാർ, പാളയം പ്രദീപ്, കെ.എം. അഭിജിത്ത്, പി.കെ. ജയലക്ഷ്മി, ഗോപകുമാർ,എം. ഹരിപ്രിയ, തുടങ്ങിയവരാണു 'ശരിക്കും' 45 വയസിൽ താഴെയുള്ളവർ.

ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, വി.പി. സജീന്ദ്രൻ, എൻ.കെ. സുധീർ, സുനിൽ അന്തിക്കാട്, ടി.പി. ഷാജി, ബാബുരാജ്, ബെന്നി തോമസ്, വി എം. ചന്ദ്രൻ, പ്രവീൺകുമാർ, കെ. അരവിന്ദാക്ഷൻ, പി.ടി. മാത്യു, അലക്സ് മാത്യു, മാർട്ടിൻ ജോർജ്, സണ്ണി സെബാസ്റ്റ്യൻ, പി.എസ്. രഘുറാം തുടങ്ങിയവർ 45 പിന്നിട്ടെങ്കിലും ഈ വിഭാഗത്തിൽ കടന്നുകൂടിയെന്നതാണ് വസ്തുത. വനിതകൾ മൂന്നിലൊന്ന് വേണമെന്നാണ് ആദ്യ നിർദ്ദേശമെങ്കിലും അതും പാലിക്കപ്പെട്ടില്ല.

പുതിയ കെപിസിസി അംഗങ്ങളുടെ ആദ്യയോഗം ഇന്ദിരഭവനിൽ ചേർന്നത് 20 മിനിട്ട് മാത്രമായിരുന്നു. എഐസിസി അംഗങ്ങളേയും കെപിസിസി പ്രസിഡന്റിനേയും തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വിട്ടുകൊണ്ട് പ്രമേയം പാസാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സനും പിന്താങ്ങി. എഐസിസി തെരഞ്ഞെടുപ്പിന്റ തീയതി പ്രഖ്യാപിക്കാത്തതിനാൽ രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല. സംസ്ഥാന സംഘടനാതെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസർ സുദർശൻ നാച്ചിയപ്പൻ അധ്യക്ഷത വഹിച്ചു.

സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയായെന്ന് അദ്ദേഹം അവകാശപ്പെട്ടു. 33.84 ലക്ഷം പ്രാഥമിക അംഗങ്ങളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോൺഗ്രസ് അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. ജില്ലകളിലെ ജംബോ കമ്മിറ്റികൾ ഒഴിവാക്കും. കെപിസിസി അംഗത്വ പട്ടികയിൽ ഉൾപ്പെടാതെ പോയവർ നിരാശപ്പെടേണ്ടതില്ല. അവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകും. പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളെയും ചെറുപ്പക്കാരേയും ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എ.ഐ.സി.സി അംഗങ്ങളേയും കെപിസിസി പ്രസിഡന്റിനേയും തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിന് ശേഷമേ കെപിസിസിയുടെ പുനഃസംഘടിപ്പിച്ച ലിസ്റ്റ് പുറത്തുവിടുകയുള്ളുവെന്നും നാച്ചിയപ്പൻ പറഞ്ഞു.

പുതിയ നേതൃനിരയിലെ മുഴുവൻ പേരും യോഗത്തിൽ പങ്കെടുത്തു. കൊല്ലം ജില്ലയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തതും 45 വയസിന് താഴെയുള്ളവർക്ക് വേണ്ടത്ര പരിഗണന നൽകാത്തതും വിമർശനവിധേയമായിട്ടുണ്ട്. കൊല്ലത്തുനിന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധിയെ പന്തളം ബ്ലോക്കിൽ നിന്നും നിശ്ചയിച്ചതും അംതൃപ്തിക്കിടയാക്കി.