ന്യൂഡൽഹി: ഹൈദരാബാദിൽ ദളിത് വിദ്യാർത്ഥി രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. അഫ്‌സൽ ഗുരു അനുസ്മരണ വിവാദത്തെ തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിക്കാൻ രാഹുൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തുകയും ഒരു വിഭാഗം അക്രമാസക്തരാകുകയും ചെയ്തു. മർദ്ദനത്തിൽ മുൻകേന്ദ്രമന്ത്രി ആനന്ദ് ശർമ്മയ്ക്ക് പരിക്കേൽ്ക്കുകയും ചെയ്തു. കൂടാതെ കാമ്പസിൽ എത്തിയ രാഹുൽ ഗാന്ധിക്കെതിരെ ഒരു വിഭാഗം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതും കോൺഗ്രസ ഉപാധ്യക്ഷന് നാണക്കേടായി.

അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയതിന്റെ പേരിൽ ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ശർമയുടെ തലയ്ക്ക് പിന്നിലാണ് ആക്രമി മർദ്ദിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമത്തിൽ ശർമയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്. എന്നാൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ആനന്ദ് ശർമയെ അക്രമിച്ചത് എബിവിപി പ്രവർത്തകനാണെന്ന് സ്റ്റുഡന്റസ് യൂണിയൻ ആരോപിച്ചു.

ജെ.എൻ.യുവിലെ വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവരാണ് ഏറ്റവും വലിയ രാജ്യദ്രോഹികളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഫ്‌സൽ ഗുരു അനുസ്മരണ വിവാദത്തെ തുടർന്ന് ജെ.എൻ.യുവിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യുവാവ് തന്റെ അഭിപ്രായം പറയാൻ ശ്രമിച്ചാൽ സർക്കാർ അയാൾ രാജ്യദ്രോഹിയാണെന്ന് പറയും. ഞാൻ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സന്ദർശിച്ചപ്പോൾ ഇതേ ആളുകൾ രോഹിത് വെമുല രാജ്യദ്രോഹിയാണ് എന്നാണ് പറഞ്ഞത്.

സാധാരണക്കാരായ ഇന്ത്യക്കാർ ശബ്ദമുയർത്തുന്നത് അവരെ ഭയപ്പെടുത്തുന്നു. അവർ ഒരിക്കലും മനസിലാക്കുന്നില്ല, അടിച്ചമർത്തലിലുടെ നിങ്ങൾ കൂടുതൽ കരുത്തരാകുകയാണ് എന്ന്. ഓരോ ചെറിയ ചുവടുവയ്‌പ്പുകൾ പോലും നിങ്ങൾ ചോദ്യം ചെയ്യണം. നമ്മൾ ബ്രിട്ടീഷുകാരോട് പൊരുതിയത് നമ്മുടെ രാജ്യത്തിനും നമ്മുടെ അവകാശങ്ങൾക്കും വേണ്ടിയാണ്. നിങ്ങൾ എന്താണോ വിശ്വസിക്കുന്നത് അതിനുവേണ്ടി. കോടിക്കണക്കിന് ഇന്ത്യക്കാർ നിങ്ങളുടെ പിന്നിൽ ഉണ്ടെന്ന് പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ജനങ്ങളുടെ ശബ്ദം നമ്മോടൊപ്പമാണെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും നിങ്ങളെ ഭയപ്പെടുത്താൻ ആരെയും അനുവദിക്കരുത് എന്നാണ് പറയാനുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതിനിടെ രാഹുൽ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെത്തിയതിനെതിരെ എ.ബി.വി.പി പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. തന്റെ മുഖത്തേക്ക് അവർക്ക് കറുത്ത കൊടി വീശാൻ എന്റെ രാജ്യത്ത് അവകാശമുണ്ട് എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് രാഹുൽ ഇതിനോട് പ്രതികരിച്ചത്. എന്തുകൊണ്ടാണ് ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് അവരുടെ വിശ്വാസങ്ങൾക്കായി പൊരുതേണ്ടി വരുന്നതെന്ന് സുഷമ സ്വരാജിനോടായി രാഹുൽ ചോദിച്ചു.

പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്‌സൽ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹം ചുമത്തിയതും അറസ്റ്റ് ചെയ്തതും. അഫ്‌സൽഗുരുവിന്റെ അനുസ്മരണം നടത്തിയതിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതാണ് വിവാദങ്ങൾക്ക് പിന്നിൽ. അഫ്‌സൽ ഗുരുവിനെ പ്രകീർത്തിച്ചും പാക്കിസ്ഥാൻ ജയിക്കട്ടെയെന്നും ഇന്ത്യയുടെ തകർച്ചയ്ക്കായി പോരാടുമെന്നുമാണ് ചില വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ രാജ്യദ്രോഹ കുറ്റത്തിന് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ ചെയ്തിരിക്കുകയാണ്.

ഇതിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, ആനന്ത് ശർമ, സിപിഐ നേതാവ് ഡി. രാജ, ജെ.ഡി.യു നേതാവ് കെസി ത്യാഗി തുടങ്ങിയവർ കാമ്പസിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചിരുന്നു. കൻഹയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റത്തിന്റെ ആധികാരികത പരിശോധിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ സന്ദർശിച്ച് ഇവർ ആവശ്യപ്പെട്ടു.