ബാരാബങ്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെ പ്രശംസിച്ചു കോൺഗ്രസ് നേതാവ് രംഗത്ത്. ഇന്ത്യാ മഹാരാജ്യത്ത് ഒരു അസഹിഷ്ണുതയുമില്ലെന്നും മോദി വന്നശേഷം അഴിമതി കുത്തനെ കുറഞ്ഞുവെന്നുമാണ് മുൻ കേന്ദ്രമന്ത്രികൂടിയായ ബെനി പ്രസാദ് വർമ പറയുന്നത്.

രാജ്യത്ത് അഴിമതിയുടെ തോതിൽ കാര്യമായ കുറവു വന്നിട്ടുണ്ടെങ്കിലും ഉത്തർ പ്രദേശു പോലുള്ള ചില സംസ്ഥാനങ്ങളിൽ അഴിമതിയിൽ വർധനയുണ്ടായിട്ടുണ്ടെന്നും ബെനിപ്രസാദ് വർമ പറഞ്ഞു.

മുമ്പ് രാജ്യത്ത് അസഹിഷ്ണുത ഏറെ നടമാടിയിരുന്നു. എന്നാൽ, മോദി ഭരണത്തിലെത്തിയശേഷം ഇത്തരം പ്രശ്‌നങ്ങൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ, സാമൂഹ്യനീതിയുടെ കാര്യത്തിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും ബെനിപ്രസാദ് സൂചിപ്പിച്ചു.

അഴിമതി പ്രശ്‌നങ്ങളിലും മതപരമായ ചേരിതിരിവുകളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും കുറവുണ്ടായത് രാജ്യത്ത് സ്വീകാര്യമായ മാറ്റങ്ങൾക്കു വഴിതെളിക്കും.

പാക്കിസ്ഥാനിലേക്കുള്ള അപ്രതീക്ഷിത സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിനു വഴിതെളിക്കും. മോദിയുടെ വിദേശ സന്ദർശനങ്ങളും സ്റ്റാർട്ട് അപ്പുകൾക്കായുള്ള നീക്കവും രാജ്യത്തിനു ഗുണകരമാകും. തൊഴിലില്ലായ്മ നിർമ്മാർജനം ചെയ്യാനും ഈ നീക്കങ്ങൾ സഹായിക്കുമെന്നും ബെനി പ്രസാദ് വർമ പറഞ്ഞു.

ബെനി പ്രസാദ് വർമ കോൺഗ്രസിൽ നിന്നു വിട്ടുപോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മറ്റൊരു പാർട്ടിയിലേക്കു പോകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ബെനിപ്രസാദ് മറുപടി പറഞ്ഞത്.