പത്തനംതിട്ട: പൊലീസുകാരൻ എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തെന്ന് ആരോപണം. ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ. വിവേകിനെതിരെയാണ് കെപിസിസി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പരാതിയുമായി രം​ഗത്തെത്തിയത്. വിവേകിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ.എ. ഷുക്കൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്.എഫ്.ഐ. സംഘടിപ്പിച്ച പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ വിവേക് പങ്കെടുത്തുവെന്നാണ് കോൺഗ്രസ് നേതാവിന്റെ പരാതി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയസംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണവിധേയനായ സി.പി.ഒ. വിവേക് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ പൊലീസുകാരനെതിരേ കോൺഗ്രസ് നേതാവും പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്ത പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. എറണാകുളം റൂറലിലെയും സിറ്റിയിലെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്. അതേസമയം, പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരേ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ക്യാബിനറ്റ് പദവിയുള്ള തന്നെ പൊലീസുകാർ സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.