ന്യൂഡൽഹി: ഹൈക്കമാൻഡിനോടുള്ള അതൃപ്തി തുറന്ന് പ്രകടിപ്പിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ പാർട്ടിവിടുന്നത് പതിവാകുകയാണോ? മഹാരാഷ്ട്രയിലെ ഉന്നത നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഗുരുദാസ് കാമത്താണ് ഏറ്റവുമൊടുവിൽ പാർട്ടിവിട്ടത്. പാർട്ടിയിൽനിന്ന് രാജിവച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്നും പ്രഖ്യാപിച്ചു. 44 വർഷം കോൺഗ്രസിൽ പ്രവർത്തിച്ച താൻ പുതുതലമുറയ്ക്കു കൂടുതൽ അവസരം ലഭിക്കാനായി മാറിനിൽക്കുകയാണെന്നുമാണു വിശദീകരണം.

മുംബൈയിൽ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുരുദാസ് കാമത്തിന്റെ രാജി കോൺഗ്രസ്സിന് വലിയ തിരിച്ചടിയാണ്. പാർട്ടി അണികൾക്കിടയിലും അനുയായികൾക്കിടയിലും വളരെയേറെ സ്വാധീനമുള്ള നേതാവാണ് കാമത്ത്. സോണിയയുടെയും രാഹുലിന്റെയും അടുത്തയാളെന്ന് പേരുകേട്ടിരുന്ന കാമത്തിന്റെ രാജി കോൺഗ്രസ് വൃത്തങ്ങളിലും ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറുകയാണെന്ന് കാണിച്ച് സോണിയക്കും രാഹുലിനും ആവർത്തിച്ച് കത്തുകളയച്ചിട്ടും മറുപടി കാണാത്തതുകൊണ്ടാണ് രാജി പ്രഖ്യാപിക്കുന്നതെന്ന് കാമത്ത് വ്യക്തമാക്കി.

എന്നാൽ, മുംബൈയിൽ താൻ ഒഴിവാക്കപ്പെടുകയാണെന്ന തോന്നൽ ശക്തമായതാണ് കാമത്തിനെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മുംബൈ കോൺഗ്രസ് തലവൻ സഞ്ജയ് നിരുപവുമായുള്ള രാഹുലിന്റെ അടുപ്പവും കാമത്തിനെ നിരാശനാക്കിയിരുന്നു. ഛത്തീസ്‌ഗഢിൽ അജിത് ജോഗി കോൺഗ്രസ് വിട്ടുപോയതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു സീനിയർ നേതാവായ കാമത്തിന്റെ രാജി വരുന്നത്. ഛത്തീസ് ഗഢിൽ പാർട്ടിയുടെ വലിയൊരു വോട്ടുബാങ്കുമായാണ് അജിത് ജോഗി പോകുന്നത്. ആ തിരിച്ചടിയിൽനിന്ന് എങ്ങനെ മുക്തമാകുമെന്ന് ആലോചിച്ചിരിക്കെയാണ് മഹാരാഷ്ട്രയിലെ പുതിയ സംഭവ വികാസങ്ങൾ.

നേതൃത്വ പ്രതിസന്ധി അഭിമുഖീകരിക്കുന്ന മഹാരാഷ്ട്രകോൺഗ്രസിനു കനത്ത തിരിച്ചടിയാണ് അഞ്ചുവട്ടം ലോക്‌സഭാംഗമായിരുന്ന കാമത്തിന്റെ രാജി. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം, മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി (എംആർസിസി) അധ്യക്ഷൻ സഞ്ജയ് നിരുപമുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു. പത്തു ദിവസം മുൻപ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ച് രാജിവയ്ക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. തുടർന്നു സോണിയയ്ക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഇതുസംബന്ധിച്ചു കത്തെഴുതുകയും ചെയ്തു. പ്രതികരണമുണ്ടാകാതെ വന്നപ്പോൾ, രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുകയാണെന്ന് ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചതായാണ് അദ്ദേഹം മുംബൈയിലെ സഹപ്രവർത്തകർക്ക് അയച്ച കുറിപ്പിലുള്ളത്.

എൻഎസ്‌യു അധ്യക്ഷ പദവിയിലൂടെ 1976ൽ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിയ ഗുരുദാസ് കാമത്ത്, എംആർസിസി അധ്യക്ഷപദവിയടക്കമുള്ള ചുമതലകൾ വഹിച്ചു. 2009-2011ൽ കേന്ദ്രത്തിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. പുനഃസംഘടനയിൽ മെച്ചപ്പെട്ട പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2011 ജൂലൈയിൽ മന്മോഹൻസിങ് മന്ത്രിസഭയിൽ നിന്നു രാജിവച്ചു. മുംബൈയിൽനിന്നു തന്നെയുള്ള യുവനേതാവ് മിലിന്ദ് ദേവ്‌റയ്ക്ക് ഐടി, വാർത്താവിനിമയ സഹമന്ത്രിപദം നൽകിയപ്പോൾ തന്നെ തഴഞ്ഞെന്നായിരുന്നു കാമത്തിന്റെ പരിഭവം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.