- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാർക്കോട്ടിക് ജിഹാദ് പുതിയ രാക്ഷസൻ; വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതി'; പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച് പി. ചിദംബരം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടപെട്ട രീതിയിൽ സന്തോഷമെന്നും പ്രതികരണം
ന്യൂഡൽഹി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പരാമർശം. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തിൽ പറയുന്നു.
യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താൻ ഹിന്ദു വർഗീയവാദികൾ കണ്ടെത്തിയ രാക്ഷസനായിരുന്നു ലൗ ജിഹാദ്. നാർക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസൻ. അതിന്റെ സൃഷ്ടികർത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതിൽ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും വേദനയുണ്ട്. ലവ് എന്നതും നാർകോട്ടിക്സ് എന്നതും യാഥാർഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, 'ലവി'നോടും 'നാർക്കോട്ടിക്സി'നോടും ചേർത്തുവെക്കുമ്പോൾ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണ്- ചിദംബരം ലേഖനത്തിൽ പറയുന്നു.
ഉദ്ദേശ്യങ്ങൾ വ്യക്തമാണ്. ഹിന്ദുമതത്തെ അല്ലെങ്കിൽ ക്രിസ്തുമതത്തെ ഒരു വശത്തും, മുസ്ലിം മതത്തെ മറുവശത്തും നിർത്തി അവിശ്വാസത്തെയും സാമുദായിക സംഘർഷത്തെയും ഉത്തേജിപ്പിക്കാനായിരുന്നു അത്. മതഭ്രാന്തന്മാർക്ക് ഇസ്ലാം 'അപര'വും മുസ്ലിങ്ങൾ 'അപരന്മാരു'മാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീർച്ചയായും അവസാനിപ്പിക്കേണ്ടതാണ്- ചിദംബരം കൂട്ടിച്ചേർക്കുന്നു.
ബിഷപ്പിന് പിണറായി വിജയൻ ശക്തമായ മുന്നറിയിപ്പ് നൽകിയതിൽ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം ലേഖനത്തിൽ കൂട്ടിച്ചേർത്തു.
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനകൾ നടത്തിയത്. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കുക എന്നതാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമമെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ലൗ ജിഹാദിന് പുറമേ നാർക്കോട്ടിക് ജിഹാദ് ശക്തമായ നിലവിലുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്ക്രീം പാർലറുകളും പാർട്ടികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ബിഷപ്പ് ആരോപിച്ചിരുന്നു.
പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും വിമർശനവുമാണ് മുസ്ലിം സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ഉയർത്തിയത്. സംഭവത്തിനെതിരെ മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റി പൊലീസിൽ നൽകിയിട്ടുണ്ട് . പരാതി ജില്ലാ പൊലീസ് മേധാവി തുടർനടപടിക്കായി ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പാലാ ബിഷപ്പിനെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശനും, കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പി ടി തോമസും രംഗത്തുവന്നിരുന്നു.
ന്യൂസ് ഡെസ്ക്