തിരുവനന്തപുരം: ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്നത് പോലെയാണ് ആലപ്പുഴയിലെ ഒരു കോൺഗ്രസ് ജില്ലാ നേതാവിന്റെ കാര്യം. ഗുരുതരമായ കിഡ്‌നി രോഗം ബാധിച്ച് ചികിത്സിക്കാനായി നാട്ടുകാരും പാർട്ടിയും ചേർന്ന് സമാഹരിച്ച രണ്ട് ലക്ഷം രൂപ ഡിസിസി ജനറൽ സെക്രട്ടറി തട്ടിയെടുത്തുവെന്ന സംഭവമാണ് ആലപ്പുഴയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത് .മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ എസ് വൈ ഷാജഹാന്റെ ചികിത്സയ്ക്കായി സമാഹരിച്ച പണമാണ് ഡിസിസി ജനറൽ സെക്രട്ടറി ബാബുരാജ് സ്വന്തം കീശയിലാക്കിയത്.

മൂന്നാഴ്ച മുൻപ് നടന്ന സംഭവത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ, ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവർക്ക് പരാതി നൽകയിട്ടുണ്ട്. സംഭവം ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കിഡ്‌നി തകരാറ് കാരണം ഡയാലിസസിന് വിധേയനായി വരികയാണ് ഷാജഹാൻ. ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു നേരത്തെ ഷാജഹാൻ. 25 ലക്ഷത്തോളം രൂപ ചികിത്സയക്ക് വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് പാർട്ടി നേതൃത്വവും നാട്ടുകാരും ചേർന്ന് പണം പിരിച്ചത്.

സംശയം തോന്നിയ ഷാജഹാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ടെങ്കിലും കിഡ്‌നിയും ഇല്ല പണവും ഇല്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. നിരവധി തവണ ചോദിച്ചിട്ടും ഇത് തന്നെയാണ് സ്ഥിതി എന്ന് വന്നതോടെയാണ് ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകാൻ പ്രാദേശിക നേതാക്കളും ബന്ധുക്കളും തീരുമാനിച്ചത്. വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന ഷാജഹാൻ പ്രദേശത്തെ ജനകീയ നേതാവായിരുന്നു.കഴിഞ്ഞ രണ്ട് വർഷത്തോളമായി കിഡ്‌നി തകരാറിലായിരുന്നു ഷാജഹാൻ.

കിത്സയ്കകായി ഭീമമായ തുക കണ്ടെത്താനാകാതെ വന്നതോടെ നാല് സെന്റ് സ്ഥലവും വീടും വിറ്റ ഷാജഹാൻ പിന്നീട് വാടക വീട്ടിലാണ് താമസം മാറിയത്. ഇപ്പോൾ കണിയാംമുക്കിന് സമീപമുള്ള വാടക വീട്ടിലാണ് ഷാജഹാൻ താമസിക്കുന്നത്. സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വന്നതോടെ മകന്റെ എഞ്ചിനീയറിങ് പഠനവും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.ബെംഗലൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ഷാജഹാന്റെ മകൻ അൻസർഷാ. കോളേജിലെ ഫീസ് മുഴുവൻ അടയ്ക്കാതെ അൻസറിന്റെ പ്ലസ് ടു സർട്ടിഫിക്കറ്റും തിരികെ നൽകാനാകില്ലെന്നാണ് കോളേജ് അധികൃതരും അറിയിച്ചത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ പ്രതികണത്തിനായി മറുനാടൻ മലയാളി വാർത്താ സംഘം ഡിസിസി പ്രസിഡന്റ് എം ലിജുവുമായി ബന്ധപ്പെടുകയും ചെയ്തു. വിഷയത്തിൽ തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും കർശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ഉടൻ തന്നെ കെപിസിസിക്ക് റിപ്പോർട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൃഷ്ണപുരം സ്വദേശിയായ യുവാവിൽ നിന്നും ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്യുകയും ബോർഡ് പ്രസിഡന്റിന് നൽകാനെന്ന വ്യാജേന 2.75 ലക്ഷം രൂപ തട്ടിച്ച കേസിൽ നിയമ നടിപടികൾ നേരിടുകയാണ് ബാബുരാജ്. യുവാവ് ഡിസിസിക്ക് പരാതി നൽകിയതിനെ തുടർന്ന് പണം തിരികെ നൽകാമെന്ന് വാഗ്ദാനം നൽകകയും വണ്ടി ചെക്ക് നൽകുകയും ചെയ്തതോടെയാണ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.