മുള്ളേരിയ: സ്വത്തുതർക്കത്തെ തുടർന്നു മുള്ളേരിയയിലെ കോൺഗ്രസ് നേതാവിനെ ഭാര്യാ സഹോദരൻ വീട്ടിൽ കയറി കുത്തി കൊന്നു. കോൺഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറൽ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട.മാനേജരുമായ ശാന്തിനഗറിലെ പി.മാധവൻ നായരെയാണ് (69) വീടിനകത്തുകൊല്ലപ്പെട്ട നലിയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യയുടെ സഹോദരനായ പൊലീസുകാരൻ കീഴടങ്ങി. മോങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ എം.കെ.ശ്യാം കുമാർ(26) ആണ് ആദൂർ പൊലീസിൽ കീഴടങ്ങിയത്. കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1.10 നാണു സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിൽ ശ്യാംകുമാർ മാധവൻ നായരെ കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു. കുത്തിയ വിവരം ആദൂർ സിഐ എം.എ.മാത്യുവിനെ ഫോണിൽ അറിയിച്ച ശ്യാംകുമാർ, സിഐ വരുന്നതു വരെ സമീപത്തെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നു കീഴടങ്ങുകയായിരുന്നു. ശ്യാംകുമാറിന്റെ അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ പേരിൽ മാധവൻ നായരുമായി തർക്കമുണ്ട്.

അതുമായി ബന്ധപ്പെട്ടു മാധവൻ നായരുടെ വീടിന്റെ ജനൽ എറിഞ്ഞു തകർത്തതിന് ആദൂർ സിഐ ഇന്നലെ ശ്യാംകുമാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. അവിടെ നിന്നു വരുന്ന വഴിയാണ് വീട്ടിൽ കയറി ആക്രമിച്ചത്. ജനശ്രീ മണ്ഡലം ചെയർമാനും ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റുമാണ് മാധവൻ നായർ.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ഇ.രുദ്രകുമാരി (സെക്രട്ടറി, അഡൂർ സഹകരണബാങ്ക്). മക്കൾ: കെ.പി.സൗമ്യ, അർജുൻ. മരുമകൻ: പ്രദീപ്.