ന്യൂഡൽഹി: കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തെ കോൺ​ഗ്രസിൽ നിന്ന് ഔദ്യോഗിക പദവികളും പ്രാഥമിക അംഗത്വവും വിജയൻ തോമസ് രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇനിയും കേരളത്തിലെ ഒട്ടേറെ മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോൺഗ്രസ്സിനു പോലും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സീറ്റുകിട്ടാത്തതുകൊണ്ടല്ല രാജിവെച്ചതെന്നും വിജയൻ തോമസ് ബിജെപിയിലേക്കുള്ള വരവിനെ കുറിച്ച് വിശദീകരിച്ചു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവർ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോൺഗ്രസ്സിലെ അവസ്ഥയെന്നും വിജയൻ തോമസ് പറഞ്ഞു.

"സംസ്ഥാനങ്ങളിൽ ആരാണ് കാര്യങ്ങൾ നോക്കി നടത്താനുള്ളത്. ആകെ കേരളത്തിൽ മാത്രമാണ് കോൺഗ്രസ്സിന് നിലവിൽ പ്രതീക്ഷയുള്ളത്. കോൺഗ്രസ്സിൽ നിന്നുള്ള എന്റെ വിട്ടുപോരൽ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിർന്ന നേതാക്കൾ കേരളത്തിലെ കോൺഗ്രസ്സിൽ നിന്ന് പുറത്ത് കടന്നു ബിജെപിയിൽ ചേരും. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ്സ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതിൽ ചേരും", വിജയൻ തോമസ് പറഞ്ഞു.

പാർട്ടിയിൽ ഗ്രൂപ്പിസം ശക്തമാണെന്നും ജാതിമത സമവാക്യം നോക്കി മാത്രമാണ് സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതെന്നും കഴിഞ്ഞയാഴ്ച അദ്ദേഹം രാജിവെച്ച ശേഷം കോൺഗ്രസ്സിനെതിരേ ആരോപണമുന്നയിച്ചിരുന്നു.