- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസുകാരല്ല, സംഘർഷം ഉണ്ടാക്കിയത് ജോജു; സ്ത്രീകളെ തള്ളി, ചീത്ത വിളിച്ചു; നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ദീപ്തി മേരി വർഗീസ്; പൊലീസ് ഏകപക്ഷീയമായി പെരുമാറുവെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: ഇന്ധന വിലവർധനവിന് എതിരായദേശീയപാത ഉപരോധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജിനെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്ന് കെപിസിസി.ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ജോജു സ്ത്രീകളോട് മോശമായി സംസാരിക്കുകയും സ്ത്രീകളെ തള്ളുകയും ചെയ്തു. ജോജുവിനെതിരെ നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകും. ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കാൻ നടത്തിയ സമരം പോലെ ഇതിനെ വ്യാഖ്യാനിച്ചു കൊണ്ടുവരരുത്. കോൺഗ്രസുകാരല്ല, ജോജുവാണ് സംഘർഷം ഉണ്ടാക്കിയതെന്നും ദീപ്തി പറഞ്ഞു.
സ്ത്രീകൾ കൊടുത്ത പരാതിയിൽ പൊലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചോദിച്ചു. ലഹരിക്ക് അടിമപ്പെട്ടു വരുന്നതു പോലെ തുണിയും മടക്കിക്കുത്തി സ്ത്രീകൾ അടക്കമുള്ളവർ ഉള്ളിടത്തേയ്ക്ക് അവരെ തട്ടിയിട്ട് തെറിവിളിച്ചാണ് ജോജു വന്നത്. സ്ത്രീകളെ തള്ളിയിട്ടത് പൊലീസ് കണ്ടില്ലെന്നാണ് പറഞ്ഞത്. ഈ സമയം സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ലെന്നും മൂന്നു മിനിറ്റ് നടന്നാണ് അവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മാന്യതയുടെ സ്വരം പോലും ജോജുവിന് ഉണ്ടായിരുന്നില്ല. പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കാതെ നടൻ ജോജു ജോർജിന്റെ പരാതിയിൽ മാത്രം കേസെടുത്തതിലാണു പ്രതികരണം.
ആംബുലൻസിൽ കീമോയ്ക്കുള്ള ഒരാളുണ്ടായിരുന്നു എന്നാണ് ജോജു പറഞ്ഞത്. അവിടെ ഒരു ആംബുലൻസും ഉണ്ടായിരുന്നില്ലെന്നു പൊലീസിന് അറിവുള്ളതാണ്. വന്നു സംസാരിക്കുമ്പോൾ വേണ്ട മാന്യതയുടെ സ്വരം പോലും ഇല്ലാതെയാണ് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരൻ പ്രതികരിച്ചത്.
സാധാരണക്കാരുടെ പ്രതിഷേധമാണ് അവിടെ നടന്നത്. അതിനു മുന്നിൽ വന്നു തോന്ന്യാസം പറഞ്ഞാൽ അവർ പ്രതികരിച്ചു പോകും. അതിൽ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നതാണോ സർക്കാരിന്റെ സമീപനം എന്നറിഞ്ഞാൽ കൊള്ളാം.
സ്ത്രീ സുരക്ഷയുടെ പേരിൽ അവരെ നോക്കിയാൽ പോലും കേസെടുക്കുന്ന രാജ്യത്ത് കോൺഗ്രസുകാർക്കു മാത്രം നീതി ലഭ്യമല്ലെന്നു പറഞ്ഞാൽ അനീതിയാണ്. അതിനെതിരെ കോൺഗ്രസ് പ്രതികരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയായതിനാൽ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. കേന്ദ്ര നേതാക്കളുമായും ഈ വിഷയം സംസാരിച്ചെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ നടൻ ജോജു ജോർജ് ചോദ്യം ചെയ്തതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രവർത്തകർ കാർ തല്ലിത്തകർക്കുകയുമായിരുന്നു. സംഭവത്തിൽ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്.
റോഡ് ഉപരോധ സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണർ ഇപ്പോൾ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ മേയർ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേർക്കുമെതിരെ കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ