- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മൈക്ക് ചതിച്ചു; കോൺഗ്രസ്സ് നേതാക്കളുടെ സ്വകാര്യ സംഭാഷണം വീണ്ടും വൈറൽ; പരസ്യമായത് ഇന്ന് പട്ടേലിന്റെ ജന്മവാർഷികമാണ്, ഛായാചിത്രം ഇല്ലെങ്കിൽ ബിജെപി മുതലെടുക്കില്ലേ എന്ന സിദ്ധരാമയ്യയുടെ ചോദ്യം; വിവാദങ്ങൾ ഒഴിയാതെ കർണ്ണാടക കോൺഗ്രസ്സ്
ബംഗളുരു: മൈക്കിന് കർണ്ണാടക കോൺഗ്രസ്സിനോട് എന്തെങ്കിലും വ്യക്തി വിരോധമുണ്ടോയെന്ന് തോന്നിപ്പോകും കർണ്ണാടകയിലെ നിലവിലെ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ.ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് കോൺഗ്രസ്സ് നേതാക്കളുടെ സ്വകാര്യ സംഭാഷണം മൈക്കിലുടെ ഉച്ചത്തിൽ പരസ്യമാകുന്നത്. നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമാണ് ഇത്തവണ കുഴങ്ങിയത്.
ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനാചരണമാണ് വേദി. അന്നുതന്നെയാണ് സർദ്ദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വരുന്നത്.എന്നാൽ വേദിയിൽ പട്ടേലിന്റെ ചിത്രമില്ല. ഈ സാഹചര്യത്തിലാണ് സിദ്ദരാമയ്യ ഡി കെ ശിവകുമാറിനോട് ആശങ്ക പങ്കുവെക്കുന്നത്.സർദാർ പട്ടേലിന്റെ ഫോട്ടോ വെയ്ക്കാത്തത് ബിജെപി വിവാദം ആക്കുമോ എന്ന് സിദ്ധരാമയ്യ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെ സർദാർ പട്ടേലിന്റെ ഛായാചിത്രവും കൊണ്ടുവെക്കാൻ ശിവകുമാർ തന്റെ ജീവനക്കാരോട് നിർദ്ദേശിക്കുന്നു.
'ഇന്ന് അദ്ദേഹത്തിന്റെ (സർദാർ പട്ടേൽ) ജന്മവാർഷികമാണ്, അദ്ദേഹത്തിന്റെ ഛായാചിത്രം ഇല്ലേ?' എന്നാണ് സിദ്ധരാമയ്യ കർണാടക കോൺഗ്രസ് അധ്യക്ഷനോട് കന്നഡയിൽ ചോദിക്കുന്നത്.
''സർ, അതെ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. പക്ഷേ അദ്ദേഹത്തിന്റെ ഫോട്ടോ നമ്മൾ കരുതിയിട്ടില്ല,'' ശിവകുമാർ പറയുന്നു.
'എന്നാൽ എന്താ സംഭവിക്കാൻ പോകുന്നതെന്ന് വച്ചാൽ ബിജെപി ഇത് മുതലെടുക്കും,'' സിദ്ധരാമയ്യ ഇംഗ്ലീഷിൽ പറയുന്നു.
ഇതിന് ഒരു സ്റ്റാഫ് അംഗത്തോട് വല്ലഭായി പട്ടേലിന്റെ ഫോട്ടോ നിങ്ങളുടെ പക്കലുണ്ടോ എന്നും ചോദിക്കികയും അതെടുക്കാൻ ശിവകുമാർ ആവശ്യപ്പെടുകയും ചെയ്യുന്നു.
'നമ്മൾ ഫോട്ടോ വെയ്ക്കും,' അദ്ദേഹം സിദ്ധരാമയ്യയോട് പറയുകയും അത് നല്ലതായിരിക്കുമെന്ന് സിദ്ധരാമയ്യ മറുപടി നൽകുകയും ചെയ്യുന്നു.
ഇത് രണ്ടാം തവണയാണ് കോൺഗ്രസ്സ് നേതാക്കൾക്ക് ഇത്തരത്തിൽ അമളി പറ്റുന്നത്.നേരത്തെ, കോൺഗ്രസ് നേതാവ് വി എസ്. ഉഗ്രപ്പയാണ് ഇത്തരത്തിൽ വിവാദത്തിലായത്. പത്രസമ്മേളനത്തിനിടെ അടുത്തിരുന്ന സലീം എന്ന നേതാവുമായി സംസാരിച്ചതാണ് വിവാദമായത്.ഡി.കെ. ശിവകുമാറിന് കൈക്കൂലി വാങ്ങാൻ ഒട്ടേറെ അടുപ്പക്കാരുണ്ടെന്ന് സംഭാഷണത്തിൽ സലീം പറഞ്ഞിരുന്നു. ഇതിലൊരാൾ 50 കോടിമുതൽ നൂറുകോടി രൂപവരെ സമ്പാദിച്ചെന്നും യാൾ ഒരു കളക്ഷൻ ഏജന്റ് മാത്രമാണെന്നും സലീം പറയുന്നു.
ഡി.കെ. ശിവകുമാറിനെ നമ്മൾ കെപിസിസി. പ്രസിഡന്റാക്കിയെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ ഉയർന്നുവന്നത് ഇത്തരം കാരണങ്ങളാലാണെന്നും ഉഗ്രപ്പ മറുപടിപറയുന്നുണ്ട്. ഉഗ്രപ്പയുമായി ശബ്ദംതാഴ്ത്തി സംസാരിച്ചത് ക്യാമറയിൽ പതിയുകയായിരുന്നു.
ചാനലുകളുടെ ക്യാമറകളും മൈക്കുകളും ഓൺ ആയിരിക്കുമ്പോഴായിരുന്നു സംഭാഷണം. ഇവർ അറിയാതെ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണം ബിജെപി. നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്.ഇത് വലിയ വിവാദങ്ങൾക്കണ് വഴിവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ