കോഴിക്കോട്: സമസ്ത (ഇ.കെ സുന്നി)യെ അനുനയിപ്പിക്കാൻ കാന്തപുരത്തിന്റെ മർക്കസ് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാൻ കോൺഗ്രസ് നേതാക്കളുടെ തീരുമാനം. മുസ്ലിം ലീഗ് നേതാക്കൾ പിന്മാറിയതിന് പിന്നാലെയാണ് നേതാക്കളുടെ ഈ തീരുമാനം. ഒപ്പം കോൺഗ്രസ് നേതാക്കൾ മർകസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെയും വിലക്കി മുസ്ലിം ലീഗ്. പാണക്കാട് തങ്ങൾമാർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് ഏറെ വിവാദമാകുകയും സമസ്ത - ലീഗ് ബന്ധം വഷളാകുന്ന സ്ഥിതിയിലേക്കും എത്തിയിരുന്നു. തീവ്രവാദ ആരോപണം ഉയരുന്ന സലഫി സംഘടനകളെ പരസ്യമായി പിന്തുണക്കുക വഴി സമസ്തയുമായി ഉണ്ടായ അകലം കുറക്കുകയാണ് ലീഗ് ലക്ഷ്യമിടുന്നത്.

ബന്ധവൈരികളായ എ പി, ഇ കെ സുന്നി വിഭാഗങ്ങൾ ആശയപരമായി ഒരു ധാരയാണ്.എന്നാൽ ഇ.കെ സുന്നികളുമായി ചേർന്ന് നിൽക്കുന്ന ലീഗ് എ.പി സുന്നികളുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ഇ.കെ വിഭാഗം എക്കാലത്തും താൽപര്യപ്പെട്ടിരുന്നില്ല. എന്നാൽ ഈ എതിർപ്പ് മറികടന്ന് ലീഗ് നേതാക്കൾ പലരും കാന്തപുരം വിഭാഗത്തിന്റെ സമ്മേളനങ്ങളിൽ മുൻകാലങ്ങളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.പി വിഭാഗം ഇടതുപക്ഷത്തെ പിന്തുണച്ചതോടെ ലീഗിൽ എ പി സുന്നികളോടുള്ള അമർഷം കടുത്തു. എന്നാൻ യു.ഡി.എഫ് ഒന്നടങ്കം കാന്തപുരം വിഭാഗത്തെ ബഹിഷ്‌കരിക്കുന്നത് ആദ്യമായാണ്. പ്രോഗ്രാം നോട്ടീസിൽ പേരുള്ള കോൺഗ്രസ് നേതാക്കൾ മർകസ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. ലീഗിന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് കാന്തപുരവുമായി അടുത്ത ബന്ധമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്.

കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാരുടെ നേതൃത്വത്തിൽ നടത്തുന്ന കാരന്തൂർ മർകസ് സമ്മേളനം ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് നേതാക്കൾക്കിടയിൽ തീരുമാനം കൈകൊണ്ടതായാണ് അറിയുന്നത്. ഇടതുപക്ഷത്തിനൊപ്പം പൂർണമായും കാന്തപുരം നിൽക്കുന്നതാണ് യുഡിഎഫ് നേതാക്കളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. നാളെയാണ് മർക്കസ് റൂബി ജൂബിലി സമ്മേളനം ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കാന്തപുരം സ്വീകരിച്ച ഇടതുപക്ഷ നിലപാടും മുസ്്‌ലിംലീഗിന്റെ കടുംപിടുത്തവുമാണ് ബഹിഷ്‌കരണ തീരുമാനത്തിലേക്ക് യു.ഡി.എഫിനെ എത്തിച്ചത്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുമ്പോൾ തന്നെ കോൺഗ്രസ് നേതാക്കളോട് കാന്തപുരം നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. ആര്യാടൻ മുഹമ്മദുമായി കാന്തപുരം എക്കാലത്തും നല്ല അടുപ്പമാണ് പുലർത്തിയിരുന്നത്.

എന്നാൽ കഴിഞ്ഞ തവണം നിലമ്പൂർ പോലുള്ള നിയമസഭാ മണ്ഡലത്തിൽ ആര്യാടൻ മുഹമ്മിദിന്റെ മകനായ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചിട്ടും കാന്തപുരം ഇടതു സ്വതന്ത്രനായ അൻവറിനെ പിന്തുണക്കുകയായിരുന്നു. മണ്ണാർക്കാട് മുസ്്‌ലിംലീഗ് സ്ഥാനാർത്ഥിയായ അഡ്വ എൻ. ശംസുദ്ദീനെ പരാജയപ്പെടുത്താൻ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്യുകയും അണികൾ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. കാന്തപുരത്തിന്റെ ഈ ഇരട്ട മുഖത്തിനെതിരെ അന്നു തന്നെ യു.ഡി.എഫിൽ വിമർശമുയർന്നു. കുന്നമംഗലത്ത് മത്സരിച്ച ടി.സിദ്ദീഖിന് പിന്തുണ ആവശ്യപ്പെട്ട് ഉമ്മൺചാണ്ടി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പിന്തുണ എൽ ഡി എഫിന്റെ പിടിഎ റഹീമിനായിരുന്നു.

കോൺഗ്രസിന്റെ പ്രാദേശിക ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്നത് യു.ഡി.എഫ് വിലക്കിയിട്ടില്ല. അതേ സമയം സംസ്ഥാന നേതാക്കളാരും സമ്മേളനത്തിൽ പങ്കെടുക്കുകയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും പേരുകളാണ് പ്രോഗ്രാം നോട്ടീസിലുള്ളത്. സമ്മേളനത്തിൽ പങ്കെടുക്കാൻ ചില അസൗകര്യങ്ങളുണ്ടെന്നും അതു സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി ഇന്നു വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

മുസ്്‌ലിംലീഗ് നേതാക്കളായ മുൻ എംഎ‍ൽഎ സി മോയിൻകുട്ടി, സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, വഖ്ഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ എന്നിവരെയാണ് കാന്തപുരം ക്ഷണിച്ചിരുന്നത്. എന്നാൽ ഇവർ അപ്പോൾ തന്നെ ക്ഷണം നിരസിക്കുകയായിരുന്നു. അതിനാൽ ഇവരുടെ പേരുകൾ പ്രോഗ്രാം നോട്ടീസിലില്ല. നോട്ടീസിൽ ലീഗ് നേതാക്കളുടെ പേരില്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് വരുമെന്ന് ഉറപ്പുള്ളവരുടെ പേർ മാത്രമേ നോട്ടീസിൽ നൽകിയിട്ടുള്ളൂവെന്നായിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്്‌ല്യാരുടെ പ്രതികരണം. ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നു, വരുമെന്നോ വരില്ലെന്നോ പറഞ്ഞിട്ടില്ല. വരണോ വരണ്ടയോ എന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.