- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിലിരുന്ന് ടിവി കാണവെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരും; താൻ ബിജെപിക്കാരിയല്ലെന്നും മത്സരിക്കാനില്ലെന്നും വ്യക്തമാക്കി ശിഖ മിത്ര; പശ്ചിമ ബംഗാളിലും ബിജെപിക്ക് മാനന്തവാടി മോഡൽ തിരിച്ചടി
കൊൽക്കത്ത: സ്ഥാനാർത്ഥി നിർണയം ബംഗാളിലും ബിജെപിയെ തിരിഞ്ഞ് കൊത്തുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് സൊമൻ മിത്രയുടെ ഭാര്യ ശിഖ മിത്രയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, താൻ ബിജെപിക്കാരി അല്ലെന്നും മത്സരിക്കാൻ താത്പര്യമില്ലെന്നും വ്യക്തമാക്കി ശിഖ മിത്ര രംഗത്തെത്തിയതോടെ പശ്ചിമ ബംഗാളിലെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. മാനന്തവാടിയിൽ മണികണ്ഠൻ എന്ന മണിക്കുട്ടന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പിൻവലിക്കേണ്ടി വന്നതിന്റെ ജാള്യത തീരും മുൻപാണ് ബംഗാളിലും സമാനമായ തിരിച്ചടി ബിജെപിക്ക് ഉണ്ടായത്.
അന്തരിച്ച കോൺഗ്രസ് നേതാവ് സൊമൻ മിത്രയുടെ ഭാര്യ ശിഖ മിത്രയും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. ടെലിവിഷനിൽ പ്രഖ്യാപനം കേട്ടിട്ട് വിശ്വാസം വരാത്ത ശിഖ പിന്നീട് ബിജെപിയുടെ ഔദ്യോഗിക വാർത്ത കുറിപ്പും പരിശോധിച്ചു. കൊൽക്കത്തയിലെ ചൗറീൻ ഘീ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ശിഖയെ പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ബിജെപിക്കാരിയല്ലെന്നും മത്സരിക്കാൻ താൽപര്യമില്ലെന്നും ശിഖമിത്ര വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ശിഖ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എന്നാൽ കേവലം സൗഹൃദ സംഭാഷണം മാത്രമായിരുന്നു അതെന്നാണ് ശിഖ വ്യക്തമാക്കുന്നത്. ബിജെപിയുടെ മുഖം ഓരോ പട്ടിക വരുമ്പോഴും കൂടുതൽ വികൃതമാകുകയാണെമന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച മണിക്കുട്ടൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് മണികണ്ഠൻ എന്ന മണിക്കുട്ടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് സ്നേഹപൂർവം അവസരം നിരസിക്കുകയാണെന്ന് മണിക്കുട്ടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണിക്കുട്ടൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.
"തെരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാൻ താൽപര്യപ്പെടുന്നില്ല. അതിനാൽ ഈ സ്ഥാനാർത്ഥിത്വം സന്തോഷപൂർവം നിരസിക്കുന്നു. ഞാൻ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കിൽ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു," മണിക്കുട്ടൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. "ഈ കാണുന്ന വിളക്കു കാലിൽ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല," - എന്ന ഡോ.ബി.ആർ അംബേദ്കറിന്റെ വാചകങ്ങളുംഅദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
അതേ സമയം 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. ജഗദാലിലും മാൽഡയിലും, നോർത്ത് 24 പർഗാനാസിലും പ്രവർത്തകർ പ്രതിഷേധിക്കുകയും പാർട്ടി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു. ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ അസനോളിലെ ബിജെപി നിരീക്ഷകൻ സൗരവ് സിക്ദാർ എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു.പഴയ പ്രവർത്തകരെ മറന്ന് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ തൃണമൂൽ കോൺഗ്രസുകാരെ കുത്തി നിറച്ചെന്നാണ് ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ