പുണെ: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് (46) അന്തരിച്ചു. ഏപ്രിൽ 22ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുണെയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ഞായറാഴ്ചയായിരുന്നു അന്ത്യം. എഐസിസി അംഗം കൂടിയായ സതാവ് വിദർഭ, മറാത്വാഡ മേഖലകളിലെ പാർട്ടിയുെട പ്രധാന നേതാവായിരുന്നു. കോവിഡ് ഭേദമായെങ്കിലും അണുബാധയെ തുടർന്നാണ് സതാവ് അന്തരിച്ചത്.

ജഹാംഗിർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിൻഗോളി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടെ വളരെ അടുപ്പമുള്ള ഒരു നേതാവായിരുന്നു രാജീവ് സതാവ്. രാജീവ് സതാവിന്റെ നിര്യാണത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു. കോൺഗ്രസിന് അതിന്റെ മുൻനിര പോരാളികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അനുശോചനസന്ദേശത്തിൽ കുറിച്ചു.