ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ചുക്കാൻ പിടിച്ച പാർട്ടിയല്ലേ...എവിടെയെങ്കിലും ഒരു വേര് അവശേഷിക്കുന്നുണ്ടെങ്കിൽ അത് കിളിർത്ത് ഇന്ത്യമുഴുവൻ വ്യാപിക്കാൻ അധികസമയമൊന്നും വേണ്ട.. '. ലോക്‌സഭാതെരഞ്ഞെടുപ്പിൽ പാർട്ടി ബിജെപിയോട് തോറ്റമ്പിയപ്പോൾ പല കോൺഗ്രസ് നേതാക്കന്മാരും സ്വയം സമാധാനിക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ തുടർന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയം ആവർത്തിക്കുകയായിരുന്നു. അവസാനം ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി തങ്ങളുടെ ചൂല് കൊണ്ട് കോൺഗ്രസിന് നിശ്ശേഷം തൂത്തെറിയുകയും ചെയ്തതോടെ ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ നാശം മൂർധന്യത്തിലെത്തിയിരിക്കുകയാണിപ്പോൾ.

കോൺഗ്രസ് എന്ന പല്ലുകൊഴിഞ്ഞ സിംഹത്തെക്കൊണ്ട് ഇനി അത്ഭുതമൊന്നും കാട്ടാനാവില്ലെന്ന് തിരിച്ചറിഞ്ഞ കോർപറേറ്റുകളും ചെറുകിട ബിസിനസ്സുകാരും കൂടി പാർട്ടിയെ എന്നെന്നേക്കുമായി കൈവിട്ട അവസ്ഥയാണുള്ളത്. ആർക്കും വേണ്ടാത്ത പാർട്ടിക്ക് ഒരു ചില്ലിക്കാശ് പോലും കൊടുക്കേണ്ടെന്ന് അവർ തീരുമാനിച്ചതോടെ അഞ്ചിന്റെ നയാപൈസ ഫണ്ടില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് സോണിയയുടെ പാർട്ടി. എല്ലാ അംഗങ്ങളിൽ നിന്നും വർഷം തോറും 250 രൂപ വീതം പിരിച്ച് പിടിച്ച് നിൽക്കാൻ അവസാനശ്രമം നടത്തുന്ന അവസ്ഥയിലായിരിക്കുകയാണിപ്പോൾ കോൺഗ്രസ്.

മൂന്ന് കോടി മെമ്പർമാരിൽ നിന്നും മെമ്പർഷിപ്പ് തുകയായ അഞ്ച് രൂപയ്ക്ക് പുറമെ 250 രൂപ കൂടി വാങ്ങി 750 കോടി രൂപ ഫണ്ടുണ്ടാക്കാനാണ് പാർട്ടി ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. ഫെബ്രുവരി 14ന് പാർട്ടി ട്രഷറർ മോത്തിലാൽ വോറ പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാക്കൾക്കായി ഇറക്കിയ ഒരു സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ പിരിച്ചെടുക്കുന്ന തുകയുടെ 75 ശതമാനം ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്കും 25 ശതമാനം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലേക്കുമാണ് പോകുന്നത്. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഇത്തരത്തിൽ അടിയന്തിരമായി ഫണ്ട് പിരിവ് നടത്തണമെന്ന് നിരവധി നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ ചെലവഴിക്കാനായി വേണ്ടത്ര ഫണ്ടില്ലാതെ പല സ്ഥാനാർത്ഥികളും ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

തുടർന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ ബുദ്ധിമുട്ട് നിലനിന്നിരുന്നു. കോർപറേറ്റുകൾ പാർട്ടിക്ക് ഫണ്ട് നൽകുന്നില്ലെന്നാണ് സൂചന. വലിയ ബിസിനസ്സുകാരെല്ലാം പരാജയത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകലുകയും ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നാണ് ഒരു കോൺഗ്രസ് ഭാരവാഹി വെളിപ്പെടുത്തുന്നത്.നിരവധി ബാങ്കുകളിൽ നിന്ന് കോൺഗ്രസ് ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫണ്ടില്ലാത്തതിനാൽ കോൺഗ്രസ് ബിജെപി ചെലവാക്കിയതിനേക്കാൾ 200 കോടിരൂപ കുറച്ചാണ് ചെലവഴിച്ചത്. അതായത് ബിജെപി 714കോടി രൂപ ചെലവഴിച്ചപ്പോൾ കോൺഗ്രസ് വെറും 516 കോടി രൂപയാണ് ചെലവഴിച്ചത്.