- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിന് പിന്നാലെ ചത്തീസ്ഗഡ്; നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം; 30 കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിൽ; സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നീക്കമെന്ന വിമർശനവുമായി നേതാക്കൾ
റായ്പൂർ: നേതൃമാറ്റത്തിനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിലെ മുപ്പത് എംഎൽഎമാർ ഡൽഹിയിൽ തുടരുന്നു. 20 എംഎൽഎമാർ ദിവസങ്ങളായി ഡൽഹിയിലുണ്ട്. ശനിയാഴ്ചയാണ് 10 പേർ കൂടി എത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യമുയരുന്നതിനിടെയാണ് എംഎൽഎമാരുടെ ഡൽഹി സന്ദർശനം. ഇതോടെ, പഞ്ചാബിന്റെ വഴിയേ പോകുകയാണോ ഛത്തീസ്‌ഗഡും എന്ന ചർച്ചയാണുയരുന്നത്.
എന്നാൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പിന്തുണ അറിയിക്കാനാണ് എംഎൽഎമാർ ഡൽഹിയിലെത്തിയതെന്നാണ് വിവരം. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഛത്തീസ്‌ഗഡ് സന്ദർശനവുമായി ബന്ധപ്പെട്ടാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്ന് ചില എംഎൽഎമാർ പ്രതികരിച്ചു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പിന്തുണ അറിയിക്കാൻ എത്തിയതാണോയെന്ന ചോദ്യത്തിന് എംഎൽഎമാർ പ്രതികരിച്ചു. 'ഞങ്ങളുടെ പാർട്ടിക്ക് 70 എംഎൽഎമാരുണ്ട് (90 അംഗ നിയമസഭയിൽ). ഇതിൽ 60 എംഎൽഎമാരും സംസ്ഥാന ചുമതലയുള്ള പി.എൽ. പുനിയയോട് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയും നന്നായി പ്രവർത്തിക്കുമ്പോൾ നേതൃമാറ്റത്തിന്റെ ആവശ്യമില്ല' -എംഎൽഎമാർ പറഞ്ഞു.
ഛത്തീസ്‌ഗഡ് ഒരിക്കലും പഞ്ചാബ് ആകില്ലെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പ്രതികരിച്ചത്. ഛത്തീസ്‌ഗഡ് ഛത്തീസ്‌ഗഡായി തന്നെ തുടരും. അതേസമയം, കോൺഗ്രസ് പാർട്ടിയിലെ നേതാക്കളെ ഉപയോഗിച്ച് തന്നെ സർക്കാറിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് എംഎൽഎ ബൃഹസ്പതി സിങ് പറഞ്ഞു. എന്നാൽ, അതിന് അവർക്ക് സാധിക്കില്ല. ഭൂപേഷ് ബാഗലിനും ആരോഗ്യമന്ത്രി ടി.എസ്. സിങ്ങ് ഡിയോക്കും കീഴിൽ നേതൃത്വം കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു.
2021 ജൂണിൽ ബാഗൽ സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയതോടെ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നിരുന്നു. സർക്കാർ പകുതി കാലാവധി പൂർത്തിയാക്കുമ്പോൾ നേതൃമാറ്റമുണ്ടാകുമെന്ന് ഹൈകമാൻഡ് 2018ൽ ഉറപ്പുനൽകിയിരുന്നതായി സിങ് ഡിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ പി.എൽ. പുനിയ സിങ്ങിന്റെ അവകാശ വാദം നിഷേധിച്ചിരുന്നു. തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ആഭ്യന്തര കലഹം നിലനിൽക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്