ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെന്നാൽ എന്നും സ്തുതിപാഠകരുടെ പാർട്ടിയാണ് എന്നാണ് കാലങ്ങളായുള്ള വിമർശനം. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം വേണ്ടെന്ന് പറഞ്ഞാലും സ്ഥാനാർത്ഥികളെ തെഞ്ഞെടുപ്പ് വേളയിൽ കെട്ടിയിറക്കും. ഇതാണ് പതിവു ശൈലി. ഈ ശൈലിക്ക് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഹുൽ അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ എഐസിസി പ്ലീനറി സമ്മേളനത്തിൽ അടിമുടി മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടു വന്നത്. പതിവ് കോൺഗ്രസ് വേദിയിൽ നിന്നും മാറി പ്രത്യേക ശൈലി തന്നെയാണ് സമ്മേളനം രാഹുൽ ആസൂത്രണം ചെയ്തത്. ആ മാറ്റങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് സമ്മേളനം പടിയിറങ്ങിയത്.

വേദിയിൽ കസേര ഇടാതെ, നേതാക്കൾക്ക് ഇരിക്കാൻ വിരിപ്പും ചാരുതലയിണയും ലാളിത്യമുദ്രയാക്കി നടത്തിപ്പോന്ന കോൺഗ്രസ് നേതൃയോഗത്തിന് അടിമുടി മാറ്റമായിരുന്നു ഇത്തവണത്തെ സമ്മേളനത്തിന്. പ്ലീനറി സമ്മേളനം നടക്കുന്ന ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ ഇക്കുറി ചാരുതലയിണകൾ മാത്രമല്ല, നേതാക്കൾ തന്നെ ഉണ്ടായിരുന്നില്ല. പ്രസംഗിക്കുന്ന ആൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

സ്‌റ്റേജ് തകർക്കുന്ന വിധം നേതാക്കൾ തള്ളിക്കയറുന്ന കാഴ്‌ച്ചയാണ് കോൺഗ്രസ് സമ്മേളന വേദികളിൽ പതിവായുള്ളത്. ആ ശീലം ഇത്തവണ രാഹുൽ മാറ്റിയെഴുതി. തലമുറ മാറ്റത്തിനൊപ്പം അതിനും മാറ്റം വേണമെന്നു നിർദ്ദേശിച്ചതോടെ പ്രസംഗപീഠവും മൈക്കും. ഏത് നേതാവ് പ്രസംഗിച്ചാലും അദ്ദേഹത്തെ മാത്രം ശ്രദ്ധിക്കാൻപാകത്തിന് സീറ്റ് അറേഞ്ച്‌മെന്റും. അയ്യായിരത്തോളംവരുന്ന പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നേതാക്കളെ പുകഴ്‌ത്താൻ നേരം കളഞ്ഞ് പ്രസംഗം വികലമാക്കുന്ന പതിവും പാടില്ലെന്ന് രാഹുൽ നിർദ്ദേശിച്ചിരുന്നു. ഇതോടെ കഴിയുന്നത്ര ആൾക്കാർക്ക് അവസരവും കിട്ടി.

തലമുറ മാറ്റം വ്യക്തമാക്കുന്നതായിരുന്നു സമ്മേളനത്തിലെ കാര്യങ്ങൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിക്കു പകരം കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്‌നിക് അറിയിപ്പുകൾ നൽകുന്ന ചുമതലക്കാരനായി. ശശി തരൂർ, ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളാണ് 'മാറ്റം ഇപ്പോഴാണ്' എന്ന പ്ലീനറി മുദ്രാവാക്യം അനുസരിച്ച് പ്രസംഗവേദിയിലും താരങ്ങളായത്.

സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ കോൺഗ്രസിൽ വരാൻ പോകുന്ന ഉടച്ചുവാർക്കലിന്റെ സൂചനയും രാഹുൽ നൽകി. വർക്കിങ് കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന അധികാരം രാഹുൽ ഗാന്ധിക്കാണ് സമ്മേളനം നൽകിയത്. ഇത് പ്രകാരം പുതുതായി എത്തുന്ന നേതാക്കൾ യുവാക്കളാകാനും സാധ്യത കൂടുതലാണ്. സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന പരിപാടി ഉണ്ടികില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഥാനം ലഭിക്കുക ശക്തമായി പ്രവർത്തിക്കുന്നവർക്ക് മാത്രമാകുമെന്ന സൂചനയും നൽകി.

കഴിഞ്ഞ കുറേക്കാലമായി കോൺഗ്രസിന് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. കഴിഞ്ഞ യുപിഎ സർക്കാർ ജനങ്ങളുട പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് വേദനയോടെ പറയേണ്ടി വരുന്നു. ജനങ്ങളെ പാർട്ടി നിരാശരാക്കി. പാർട്ടി നേതാക്കളും പ്രവർത്തകരും തമ്മിലുള്ള അകലം ഇല്ലാതാക്കേണ്ടിയിരിക്കുന്നു. അവർക്കിടയിലുള്ള മതിൽക്കെട്ട് പൊളിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസിന് നേതാക്കന്മാർ പോലെതന്നെ പ്രധാനമാണ് പ്രവർത്തകരും എന്നാണ് രാഹുൽ പറഞ്ഞത്. ഇത് നേതൃനിരയിൽ പൊളിച്ചെഴുത്തിലേക്ക് പോകും എന്ന കൃത്യമായ സൂചന നന്നെയാണ്.

തരൂരും പൈലറ്റും സിന്ധ്യയും അടങ്ങുന്ന ത്രയത്തിനൊപ്പം കെ സി വേണുഗോപാലും നേതൃനിരയിൽ സ്ഥാനം ഉറപ്പിക്കുമെന്നത് വ്യക്തമാണ്. വർക്കിങ് കമ്മിറ്റിയിലേക്ക് ഉമ്മൻ ചാണ്ടിയെയും പരിഗണിക്കുന്നുണ്ട്. യുവാവെന്ന പരിഗണന നൽകി കെ സി വേണുഗോപാലിന് സ്ഥാനം നൽകിയാൽ അത് കോൺഗ്രസിലെ ഐ ഗ്രൂപ്പിൽ പുതിയ ധ്രുവീകരണത്തിനും ഇടയാക്കുമെന്നത് ഉറപ്പാണ്. അതേസമയം യുവത്വത്തിന് ഒപ്പം തന്നെ കഴിവുള്ള നേതാക്കളെ ഒപ്പം ചേർക്കാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകം കർണാടക തിരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് രാഹുൽ. തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ സിദ്ധരാമയ്യക്കും നിർണായക റോൾ തന്നെയാണ് രാഹുൽ നൽകുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയാണ് സമ്മേളനം സമാപിച്ചത്. ബിജെപി വിരുദ്ധ വിശാലസഖ്യത്തിന് പൊതുപ്രവർത്തന പരിപാടി രൂപപ്പെടുത്തും. സ്വേച്ഛാധിപത്യവും വിഭാഗീയതയും കാരണം രാജ്യം വഴിത്തിരിവിലാണെന്നിരിക്കേ, ബഹുസ്വരത ഉയർത്തിപ്പിടിച്ച് ജനങ്ങളെ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി. ബിജെപിക്കെതിരായ വികാരം ശക്തിപ്പെടുകയും കോൺഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികൾ മുന്നണി നീക്കങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ്, ബിജെപി വിരുദ്ധ ചേരിക്ക് കോൺഗ്രസ് മുൻകൈയെടുക്കുമെന്ന് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ആവർത്തിച്ച് വ്യക്തമാക്കിയത്.

2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് ഷിംലയിൽ നടന്ന ചിന്താശിബിരമാണ് സഖ്യനീക്കങ്ങൾക്ക് വാതിൽ തുറന്നുവെച്ചത്. 2019ലെ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ, ഈ വഴിക്കുള്ള തീവ്രശ്രമങ്ങൾ നടത്തുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. അധികാരം പിടിക്കാൻ മതത്തെ ദുരുപയോഗിക്കുകയും ആർ.എസ്.എസും ബിജെപിയും അതിന്റെ കുത്തകക്കാരായി ചമയുകയുമാണ് ചെയ്യുന്നതെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് ബഹുസ്വര ജനാധിപത്യ സമൂഹത്തിന് വെല്ലുവിളി ഉയർത്തുന്നു. ഹിന്ദുക്കളുടെ വക്താക്കളായി ചമയുകയാണ് ആർഎസ്എസ്.

സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവതയല്ല, രാഷ്ട്രീയ ആശയമായ ഹിന്ദുത്വം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ എതിർക്കും. മതനിരപേക്ഷത, ഭരണഘടനാപരമായ ജനാധിപത്യം, സാമൂഹിക ഐക്യം എന്നിവ പരിപാലിക്കും. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും തുല്യമായി കണക്കാക്കി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭയവും അരക്ഷിത ബോധവും സൃഷ്ടിച്ചിരിക്കുകയാണ് സർക്കാർ. നടുക്കുന്ന ക്രൂരതകൾക്ക് ശിക്ഷയില്ല.

ആൾക്കൂട്ട കൊലകൾ ഇന്ത്യക്ക് നാണക്കേടായി. സർക്കാർ കണ്ട ഭാവം നടിക്കുന്നില്ലെന്നു മാത്രമല്ല, ഉത്തരവാദപ്പെട്ട പദവി വഹിക്കുന്നവർ അതിക്രമം നടത്തുന്ന കൂട്ടരെ പിന്തുണക്കുന്നു. എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണമെന്നു നിർദ്ദേശിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിയുടെയും ആർ.എസ്.എസിന്റെയും വിഭാഗീയ പ്രവർത്തനങ്ങളെ പ്രമേയം അപലപിച്ചു.