- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കെപിസിസിയുടെ സ്ഥാനാർത്ഥികൾക്കല്ല ഡിസിസി പ്രഖ്യാപിച്ചവർക്കാണ് കൈപ്പത്തി ചിഹ്നം കിട്ടുക; കെപിസിസി വ്യക്തി താൽപര്യങ്ങളെയാണ് സംരക്ഷിക്കുന്നത്'; മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ച് കെ സുധാകരനും; വിമതന് കൈപ്പത്തി ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ച് വടകരയിൽ പ്രചാരണത്തിന് ഇല്ലെന്ന് കെ മുരളീധരനും; മുല്ലപ്പള്ളിയും എംപിമാരും രണ്ടു തട്ടിലായി മലബാറിൽ പുതിയ ഗ്രൂപ്പ് പോര്
കണ്ണൂർ: ഗ്രൂപ്പുപോരുകൾ പുത്തിരിയൊന്നുമല്ല കോൺഗ്രസിന്. പക്ഷേ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെയൊക്കെ മാറ്റിമറിച്ചുകൊണ്ട് പുതിയൊരു പ്രശ്നമാണ് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കോൺഗ്രസുകാർക്കിടയിൽ ഉണ്ടാകുന്നത്. കെ മുരളീധരൻ എം പിക്ക് പിന്നാലെ ഇപ്പോൾ കെ സുധാകരൻ എം പിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരിഞ്ഞിരിക്കയാണ്. ജില്ലാ കോൺഗ്രസ് നേതൃത്വം നിർത്തിയ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ തീരുമാനം അംഗീകരിക്കില്ലെന്ന് കെ. സുധാകരൻ എംപി വ്യക്തമാക്കി. കെപിസിസിയുടെ സ്ഥാനാർത്ഥികൾക്ക് കൈപ്പത്തി ചിഹ്നം നൽകില്ലെന്നും കെ. സുധാകരൻ എംപി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഡി.സി.സി നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളായിരിക്കും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയെന്ന് കെ.സുധാകരൻ എംപി വ്യക്തമാക്കി. ഡി.സി.സിയുടെ സ്ഥാനാർത്ഥികളായിരിക്കും പാർട്ടി സ്ഥാനാർത്ഥികൾ. കെപിസിസി വ്യക്തി താൽപര്യങ്ങളെ സംരക്ഷിക്കുന്നത് ദുഃഖകരമാണെന്നും കെ.സുധാകരൻ എംപി പ്രതികരിച്ചു. ഇരിക്കൂർ ബ്ലോക്ക്, തലശ്ശേരി തിരുവങ്ങാട്, പയ്യാവൂർ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തർക്കമുള്ളത്. സീറ്റുകളിൽ ഗ്രൂപ്പ് തർക്കമുണ്ടായപ്പോൾ ചർച്ച നടത്താതെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തീരുമാനം എടുത്തുവെന്നാണ് പരാതി.
ഇതേ പരാതിയാണ് കെ മുരളീധരനും മുന്നോട്ടുവെക്കുന്നത്. ഡിസിസികളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും വികാരം കണക്കിലെടുക്കാതെ മുല്ലപ്പള്ളി നേരിട്ട് സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്നുവെന്നായിരുന്നു മുരളീധരന്റെയും പരാതി. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വടകര എം പി കൂടിലായ കെ മുരളീധരൻ വ്യക്തമാക്കയിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ യു.ഡി.എഫും ആർ.എംപിയും ചേർന്ന് രൂപീകരിച്ച ജനകീയ മുന്നണിക്കായി പ്രചരണത്തിനിറങ്ങില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇവിടെ കോൺഗ്രസ് വിമതനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണച്ചതാണ് കാരണം.കോൺഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചിരുന്നു. ഇത് തന്നോട് ആലോചിക്കാതെയാണെന്ന് മുരളീധരൻ പറഞ്ഞു.വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് പഞ്ചായത്തിലുമാണ് യു.ഡി.എഫ്-ആർ.എംപി സഖ്യമുള്ളത്. കോൺഗ്രസ്, ലീഗ് പ്രവർത്തകർ ആർ.എംപിയുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് കല്ലാമല ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയകുമാർ എത്തുന്നത്.ആർ.എംപിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനാണ് ജനകീയ മുന്നണി സ്ഥാനാർത്ഥി.