ന്യൂഡൽഹി: വിവാദ ഇസ്ലാം മതപ്രഭാഷകൻ സക്കീർ നായിക്കിനെ പിന്തുണയ്ക്കുന്ന മുസ്‌ലിം ലീഗ് നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കോൺഗ്രസ് ദേശീയ നേതൃത്വവും. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ലീഗ് നിലപാടിനെ എതിർക്കുന്നതായി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ത്യയിലെത്താതെ സ്‌കൈപ്പ് വഴി മാദ്ധ്യമങ്ങളെ കാണുമെന്ന് ഇപ്പോൾ വിദേശപര്യടനം നടത്തുന്ന സാക്കീർ നായിക്ക് അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് നിരവധി പേർ ഐസിസിൽ ചേർന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അവർക്ക് സക്കീർ നായിക്ക് പ്രചോദനമായെന്ന പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് പ്രസ്താവനയുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. എന്നാൽ സക്കീർ നായിക്കിനെ അനുകൂലിക്കുന്ന നിലപാടല്ല കോൺഗ്രസ്സിനുള്ളതെന്ന് ഇതിനു പിന്നാലെ കോൺഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസ് വ്യക്തമാക്കുകയിരുന്നു. ചാനൽ ചർച്ചകളിലാണ് ഇക്കാര്യം തോമസ് തുറന്നുപറഞ്ഞത്. സക്കീർ നായിക്കിനെപ്പറ്റി തിടുക്കത്തിൽ തീരുമാനം പറയാനാകില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ വിലയിരുത്തൽ വേണമെന്നുമാണ് തോമസ് പറഞ്ഞത്. ഇക്കാര്യം ശരിവയ്ക്കുകയാണ് കേന്ദ്രനേതൃത്വവുമെന്നാണ് സൂചനകൾ.

പാലക്കാട്ടുനിന്ന് രണ്ടു സഹോദരങ്ങളും അവരുടെ ഭാര്യമാരും കാണാതായതിനു പിന്നാലെ ഇവരെ മതംമാറ്റിയത് സക്കീർ നായിക്കാണന്ന് യുവാക്കളുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലീഗ് നായിക്കിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ധാക്ക സ്‌ഫോടനത്തിന്റെ പേരിൽ സാക്കിർ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും ലീഗ് ആരോപിച്ചിരുന്നു. അതേസമയം, സക്കീർ നായിക്കിന്റെ പ്രസംഗം ധാക്കയിൽ റസ്റ്റോറന്റ് ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്ക് പ്രചോദനമായെന്ന് വിലയിരുത്തി അദ്ദേഹം നേതൃത്വം നൽകുന്ന പീസ് ടിവിയുടെ സംപ്രേഷണം ബംഗഌദേശ് നിരോധിക്കുകയും ചെയ്തു.

സാക്കീർ നായിക്ക് വിഷയവും കേരളത്തിൽ നിന്ന് മുസ്‌ളീം യുവാക്കളെ കാണാതായ സംഭവവും ചർച്ചചെയ്യാൻ ചേർന്ന ലീഗ് നേതൃയോഗത്തിലും നായിക്കിനെ പിൻതുണയ്ക്കുന്ന കാര്യത്തിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഏറനാട് എംഎൽഎ പികെ ബഷീറും മുതിർന്ന നേതാവ് കെഎൻഎ ഖാദറും നായിക്കിനെ പിൻതുണയ്ക്കുന്നതിനെ എതിർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

എ്ന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിനും മതപ്രചാരണത്തിനുള്ള അവകാശത്തിനുമെതിരെയുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നായിക്കിനെ പിന്തുണച്ചുകൊണ്ട് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ ലീഗ് സംസ്ഥാന പ്രവർത്തകസമിതിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിത്. കേരളത്തിൽ ഇടതുകക്ഷികളും സക്കീർ നായിക്കിനെ എടുത്തുചാടി പിൻതുണയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതിനാൽ അതുൾപ്പെടെ പഠിച്ച ശേഷമേ അഭിപ്രായം പറയാനാകൂ എന്ന് സിപിഐയും സിപിഎമ്മും നിലപാടെടുക്കുന്നു.

ദേശീയതലത്തിലും മുസ്‌ളീം സംഘടനകൾക്കിടയിൽ നായിക്കിനെ പിൻതുണയ്ക്കുന്ന വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമാണ്. സക്കീറിനെ ഒറ്റപ്പെടുത്തുകയാണെന്നും സക്കീർ തീവ്രവാദിയല്ലെന്നും ഒരു വിഭാഗം പറയുമ്പോൾ സൗദി മാതൃകയിലുള്ള വഹാബിസം (സലഫിസം) പിന്തുടരുന്ന സക്കീർ തീവ്രവാദിയാണെന്ന് മറുവിഭാഗം പറയുന്നു. ഷിയാ, സൂഫി വിഭാഗത്തിൽപ്പെട്ട സംഘടനകളാണ് സക്കീർ നായിക്കിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

അതേസമയം, സക്കീർ ഇസ്ലാമിക പണ്ഡിതനാണെന്നും അദ്ദേഹത്തിന് ഭീകരതയുമായി ഒരു ബന്ധവുമില്ലെന്നും സലഫി സംഘടനയായ ജാമിയത്ത് ഇ അഹ്‌ലെ ഹാദീസ് സെക്രട്ടറി ഷഫീഖ് ആലം ഖാൻ പറയുന്നു. നായിക്കിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തരുവെന്നാണ് ജമായത്തെ ഇസഌമി വൈസ് പ്രസിഡന്റ് സെയ്ദ് സദത്തുള്ള ഹുസൈനി പറയുന്നു. നയാക്കിനെതിരെ ഒരു കേസുമില്ലെന്നാണ് ദാറുൾ ഉലൂമിലെ മുഫ്തി മൊഹമ്മദ് ഒമർ അബദീൻ അഭിപ്രായപ്പെട്ടത്.

സാക്കീർ വിദേശ പര്യടനം നടത്തുന്നതിനിടെയാണ് വിവാദങ്ങൾ രൂക്ഷമായത്. അതോടെ അദ്ദേഹം പര്യടനം ദീർഘിപ്പിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. അറസ്റ്റ് ഭയന്നാണ് നാട്ടിലേക്ക് മടങ്ങാത്തതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നാളെ സ്‌കൈപ്പ് വഴി മാദ്ധ്യമങ്ങളെ കാണുമെന്ന വിശദീകരണവുമായി സാക്കീർ നായിക്ക് രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ തീരുമാനിച്ച വിദേശ പര്യടനങ്ങളാണ് നടക്കുന്നതെന്നും ഇപ്പോഴത്തെ സാഹചര്യങ്ങൾ ഭയന്ന് സാക്കീർ ഇന്ത്യയിലേക്ക് മടങ്ങാത്തതാണെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുകയും ചെയ്തു. ബോളിവുഡ് താരങ്ങൾ,അഭിഭാഷകർ,വിവിധ എൻജിഒ അംഗങ്ങൾ തുടങ്ങിയ പ്രമുഖ വ്യക്തികളും അദ്ദേഹത്തോടൊപ്പം മാദ്ധ്യമങ്ങളെ കാണുമെന്നും സാക്കിർ നായിക്കിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.