ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. 43 എംഎ‍ൽഎമാർ രാജിവച്ചു. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാവരും പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. നൽകിയ വാഗ്ദാനങ്ങളൊന്നും പാർട്ടി പാലിക്കാതിരുന്നതിനെ തുടർന്നാണ് എംഎൽഎമാർ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചത്. ഇതോടെ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായി. എൻഡിഎ സഖ്യത്തിനു കീഴിലുള്ള പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ആണ് എംഎൽഎമാർ ചേരാൻ തീരുമാനിച്ചത്. കോൺഗ്രസിന്റെ ആകെ അംഗങ്ങളിൽ മൂന്നിലൊരു ഭാഗവും പാർട്ടി വിട്ടു.

മുഖ്യമന്ത്രി പെമാ ഖണ്ഡു ഇനി ഗവർണർക്ക് മന്ത്രിസഭ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് കത്തുനൽകും. പിന്നീട് ഗവർണറാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. ഗവർണർ സർക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പുതിയ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ തെരഞ്ഞെടപ്പ് നടക്കുന്നതു വരെ പ്രസിഡൻഷ്യൽ ഭരണമായിരിക്കും നടക്കുക. കോൺഗ്രസിനൊപ്പം ഇപ്പോൾ ശേഷിക്കുന്ന ഒരേയൊരു എംഎൽഎ നബാം ടുക്കി മാത്രമാണ്. എന്നാൽ, പക്ഷം മാറിയെന്നു കരുതി എംഎൽഎമാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ല. കാരണം മൂന്നിലൊരു ഭാഗം എംഎൽഎമാർ ഒരു പാർട്ടി വിടാൻ തീരുമാനിച്ചാൽ അത് ലയനം ആയി കണക്കാക്കും എന്നാണ് കൂറുമാറ്റ നിരോധനനിയമം പറയുന്നത്.

ഇതു രണ്ടാം തവണയാണ് കോൺഗ്രസ് അരുണാചലിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നത്. നേരത്തെ ഫെബ്രുവരിയിൽ കലിഖോ പുളിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷം പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേരാൻ തീരുമാനിച്ചതോടെ കോൺഗ്രസിനു ഭൂരിപക്ഷം നഷ്ടമായി. എന്നാൽ, ജൂലൈയിൽ പുൾ സർക്കാരിനെ പിരിച്ചുവിട്ട് സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച നബാംടുകി പിന്നീട് അധികാരം പെമ ഖണ്ഡുവിന് കൈമാറി. കഴിഞ്ഞ മാസമാണ് പെമ ഖണ്ഡു സർക്കാർ അധികാരത്തിൽ കയറിയത്. ഒരുമാസത്തിനകം തന്നെ ഇപ്പോൾ ഖണ്ഡു സർക്കാരും പാർട്ടി വിടുന്നു.

അറുപതംഗ നിയമസഭയിൽ കോൺഗ്രസിനു 60 അംഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പുളിന്റെ നേതൃത്വത്തിലുള്ള 21 വിമത എംഎൽഎമാർ നേരത്തെ പിപിഎയിൽ ചേർന്നിരുന്നു. ഇതിൽ ശേഷിച്ചവരിൽ നബാം ടുകി ഒഴികെയുള്ളവരാണ് ഇപ്പോൾ പാർട്ടി വിട്ടത്.