- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശങ്ങളിൽ എത്തുന്ന മോദി ആവേശം കൊള്ളിക്കാൻ നുണ പറയുന്നു; എല്ലാ രാജ്യങ്ങൾക്കും വാക്താക്കളെ അയച്ച് മറുപടി പറയുമെന്ന് കോൺഗ്രസ്; സോഷ്യൽ മീഡിയ ആദ്യം ഏറ്റെടുത്ത മോദിയുടെ യാത്ര ഏറ്റെടുക്കാൻ ഒടുവിൽ കോൺഗ്രസ്
ന്യൂഡൽഹി: അധികാരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറ്റവും അധികം വിദേശ യാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കീഴ്‌വഴക്കം തെറ്റിച്ചത് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ആരും ഇതുവരെ വിദേശ രാജ്യങ്ങളിൽ പോയി മുൻ സർക്കാരിനെയോ രാഷ്ട്രീയ എതിരാളികളെയോ കുറ്റം പറഞ്ഞിട്ടില്ല. ഈ കീഴ് വഴക്കം തെറ്റിച്ച

ന്യൂഡൽഹി: അധികാരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറ്റവും അധികം വിദേശ യാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കീഴ്‌വഴക്കം തെറ്റിച്ചത് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ആരും ഇതുവരെ വിദേശ രാജ്യങ്ങളിൽ പോയി മുൻ സർക്കാരിനെയോ രാഷ്ട്രീയ എതിരാളികളെയോ കുറ്റം പറഞ്ഞിട്ടില്ല. ഈ കീഴ് വഴക്കം തെറ്റിച്ച് വിദേശ നേതാക്കൾക്കിടയിൽ എതിരാളികളെ താറടിച്ച് താനാണ് ഇന്ത്യയെ മാറ്റിമറിക്കാൻ പോകുന്നതെന്ന രീതിയിൽ പ്രസംഗിക്കുകയും 'കളവുകൾ പ്രചരിപ്പിക്കുകയും' ചെയ്യുന്ന മോദിയെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി മോദി യാത്ര ചെയ്യുന്ന വിദേശ രാജ്യങ്ങളിലേക്ക് പാർട്ടി വാക്താക്കളെ അയക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
വിദേശത്തു ചെന്ന് ആഭ്യന്തര രാഷ്ട്രീയം പറയുന്ന മോദി പരമ്പരാഗത കീഴ് വഴക്കം ലംഘിച്ചിരിക്കുകയാണെന്നും മോദി ഒരു ആർഎസ്എസ് പ്രചാരക് ആയിട്ടല്ല ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണ് വിദേശങ്ങളിൽ പെരുമാറേണ്ടതെന്നും കോൺഗ്രസ് വാക്താവ് ആനന്ദ് ശർമ്മ പറഞ്ഞു. മുൻ ബിജെപി സർക്കാർ ഉൾപ്പെടെ എല്ലാ മുൻ സർക്കാരുകളേയും വിദേശങ്ങളിൽ പോയി കുറ്റം പറയുന്ന മോദിയുടെ രീതി രാഷ്ട്രീയ വൃത്തങ്ങളിൽ മുറുമുറുപ്പുണ്ടാക്കിയിരുന്നു. 'ഇനിമുതൽ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം വച്ചു പൊറുപ്പിക്കാനാവില്ല. വിദേശങ്ങളിൽ പോയി ഇനിയും ഇത് ആവർത്തിച്ചാൽ ഒരു കോൺഗ്രസ് നേതാവിനെയോ വക്താവിനെ അവിടേക്ക് പറഞ്ഞയച്ച് തക്കതായി മറുപടി അവിടെ വച്ചു തന്നെ നൽകും,' ശർമ്മ വ്യക്തമാക്കി.
42 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കാനഡയിലെത്തുന്നതെന്ന കല്ലുവച്ച നുണ ഈയിടെ കാനഡ സന്ദർശനത്തിൽ മോദി തട്ടിവിട്ടത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ രൂക്ഷഭാഷയിലുള്ള പ്രതികരണം. കാനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ ക്ഷണം സ്വീകരിച്ച് 2010ൽ അന്നത്തെ പ്രധാനമന്ത്രി ഡോക്ടർ മന്മോഹൻ സിങ് കാനഡയിൽ മൂന്ന് ദിവസം ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ടെന്നും മോദിയുടെ വാദത്തെ തള്ളിക്കൊണ്ട് ശർമ്മ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് മുൻ സർക്കാരുകളാണെന്ന് വിദേശത്ത് പോയി പ്രസംഗിച്ച് പ്രധാനമന്ത്രി മോദി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
'പ്രധാനമനന്ത്രി മാപ്പു പറയണം. വിദേശ യാത്രാ വേളകളിൽ മോദിയെ വിമർശിക്കാതെ ഇതുവരെ കീഴ് വഴക്കം കോൺഗ്രസ് കാത്തു പോന്നിട്ടുണ്ട്. പ്രധാനമന്ത്രിയായിട്ടാണ് വിദേശത്തേക്ക് പോകുന്നതെന്ന മോദി തിരിച്ചറിയണം,' ശർമ്മ പറഞ്ഞു. ഇത് അദ്ദേഹം ആവർത്തിക്കുന്നത് കാണിക്കുന്നത് രോഗാതുരമായ അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണെന്നും ശർമ്മ കൂട്ടിച്ചേർത്തു. ടൈം മാഗസിനിൽ എഴുതിയ ലേഖനത്തിൽ ഒബാമ മോദിയെ പ്രശംസിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിന് ഒബാമയെ വരെ തെറ്റിദ്ധരിപ്പിക്കാൻ കഴിവുണ്ടെന്നും അതാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും ശർമ്മ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം, ഉച്ചഭക്ഷണ പദ്ധതി, വനിതാ ശിശു ക്ഷേമം, എസ്സി എസ്ടി വികസനം എന്നിവയ്ക്കായുള്ള ഫണ്ട് മോദി വൻ തോതിൽ വെട്ടിക്കുറച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.

