- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സംഘടനാ തലത്തിൽ അഴിച്ചുപണി വേണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോരായ്മകളുണ്ടായി; യു.ഡി.എഫിന് മേൽക്കൈ നേടിത്തന്നത് രാഹുൽഗാന്ധിയുടെ സാന്നിധ്യം': കെ.സുധാകരൻ തുറന്നടിക്കുമ്പോൾ തുടർഭരണമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റുമെന്ന് പറഞ്ഞ് മുല്ലപ്പള്ളി
കണ്ണൂർ: തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരൻ എം. പി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സുധാകരൻ പറഞ്ഞു. ചാനൽ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുത്ത് നേതൃസ്ഥാനങ്ങളിലിരുത്തി എന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ആജ്ഞാ ശക്തി ഉള്ളവർ നേതാക്കളാകണമെന്നും സുധാകരൻ പറഞ്ഞു.യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോരായ്മകളുണ്ടായിട്ടുണ്ടെന്നും മലബാറിൽ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്ലിം ലീഗ് നേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും സുധാകരൻ വിമർശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന നിമിഷം വരെ യു.ഡി.എഫിന് മേൽക്കൈ നേടിത്തന്നത് രാഹുൽഗാന്ധിയുടെ സാന്നിധ്യമാണെന്നും ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നവരെയൊന്നും പ്രചാരണത്തിന് കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ 75 മുതൽ 80 സീറ്റുകൾ വരെ നേടി ഭരണം പിടിച്ചെടുക്കാനാകും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇക്കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചാനൽ അഭിമുഖത്തിൽ ആവർത്തിച്ച് വ്യക്തമാക്കി.
യുഡിഎഫിന് 75-80 സീറ്റുകൾ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഇതിൽ ഇനിയും ഉയരാം. മുസ്ലിം ലീഗ് 21-23 സീറ്റുകൾ വരെ നേടും. കേരള കോൺഗ്രസിന് ആറ് സീറ്റുകൾ ലഭിക്കാനിടയുണ്ട്. കുറഞ്ഞത് 30 സീറ്റ് ഘടകകക്ഷികൾ നേടുന്ന സാഹചര്യം കോൺഗ്രസിന് സാഹചര്യം എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർ ഭരണമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ തെറ്റും. ആഴക്കടൽ കരാറിനെതിരെ തീരദേശ ജനത വിധിയെഴുതും. തീരദേശ ബെൽറ്റിൽ പ്രതിഷേധം പ്രകടമാണ്. പിആർ പ്രവർത്തനം കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, എക്കാലത്തും അത് സാധ്യമല്ല. സർക്കാരിന്റേത് കൃത്രിമമായി ഉണ്ടാക്കിയെടുക്ക പ്രതിച്ഛായയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചെന്േനും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിസാധാരണക്കാരും ദരിദ്രരുമായ പുതുമുഖങ്ങൾ നിറഞ്ഞ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയും സമ്പന്നരെ കുത്തിനിറച്ച എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയും രണ്ട് മുന്നണികൾ തമ്മിലെ വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ