തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഇത് 'പോസ്റ്റ്‌മോർട്ടത്തിന്റെ' കാലമാണ്. ചെന്നിത്തലയെ തഴഞ്ഞ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോൾ തന്നെ ഹൈക്കമാൻഡിന്റെ മനസ്സിലിരുപ്പ് മനസ്സിലായി. പുതിയ തലമുറ പറയുന്നത് കേട്ടില്ലെങ്കിൽ കേരളത്തിൽ പാർട്ടി ഇല്ലാതാവും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്നവരുടെ സംഭാവനകളെ മാനിക്കുന്നു. എന്നാൽ, പുത്തൻ പുതുകാലത്തിൽ പുതിയ ആൾക്കാർ വരട്ടെ. പാർട്ടി പ്രവർത്തകരെയും അണികളെയും ഉഷാറാക്കട്ടെ, ഇതൊക്കെയാണ് രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ആഗ്രഹം. കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് ഏറ്റവുമധികം കേൾക്കുന്ന പേര് തീർച്ചയായും കെ.സുധാകരന്റേത് തന്നെ. കെഎസിനെ വെട്ടാനും ഉണ്ട് ഒരുഎതിർപക്ഷം.

മുല്ലപ്പള്ളിക്ക് പകരക്കാരനായി കെ സുധാകരനെ കൊണ്ടു വരണമെന്ന ആഗ്രഹം അണികൾക്കിടയിൽ ശക്തമാണ്. ഇതിനെ എതിർക്കുന്നത് കെസി വേണുഗോപാലാണ് എന്നാണ് സംസാരം. എന്നാൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് സുധാകരന് പരവയ്ക്കുന്നതെന്ന പൊതു വികാരമാണ് കെസി ഗ്രൂപ്പ് ഉയർത്തുന്നത്. ഇതിലൂടെ സുധാകരൻ മാറുമ്പോൾ അതിന്റെ കുറ്റം ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും തലയിൽ വയ്ക്കാനാണ് ശ്രമം. ഇതെല്ലാം മനസ്സിലാക്കിയാണ് യുഡിഎഫ് കൺവീനർ സ്ഥാനം ചെന്നിത്തല രാജിവച്ചത്. മുല്ലപ്പള്ളിയും നാണക്കേട് ഒഴിവാക്കാനാണ് രാജി സന്നദ്ധത അറിയിച്ചത്. കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് പല പേരുകളും കറങ്ങിക്കളിക്കുന്നതിനിടെ, അടൂർ പ്രകാശിന്റെ പേരും കയറി വരുന്നുണ്ട്. സോഷ്യൽ മീഡയിയിലും പേരുകൾ പ്രത്യക്ഷപ്പെടുന്നു. എന്നാൽ, ഇതിൽ കഴമ്പില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അടൂർ പ്രകാശ്. ഏതെങ്കിലും പാർട്ടി പദവിക്കായി താൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ തനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് താൻ. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-അടൂർ പ്രകാശ് ഫേസ്‌ബുക്കിൽ കുറിച്ചു. കുറിപ്പിന് താഴെ നിരവധി പേർ കെ.സുധാകരനെ തുണച്ച് കമന്റിടുന്നതും ശ്രദ്ധേയമാണ്.

അടൂർ പ്രകാശിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

കെപിസിസി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്...

കെഎസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടംഎംഎൽഎ ആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എംപിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി. പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.

ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എഐസിസി നേതൃത്വമാണ്.എഐസിസി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്‌നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്‌നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരേയും മുല്ലപ്പള്ളിക്കെതിരേയുമായിരുന്നു വിമർശനങ്ങൾ മുഴുവൻ. പ്രതിപക്ഷനേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നതിന് സമാനമായി കെപിസിസി. അധ്യക്ഷനും മാറണമെന്നായിരുന്നു ആവശ്യം. കെപിസിസി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ, പി.ടി. തോമസ് എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കമുള്ളത്.

ഈ രണ്ടു പേരുകളോടും കെസി വേണുഗോപാലിന് താൽപ്പര്യമില്ല. സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് എതിരേയുള്ള ചരട് വലികളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിച്ചത് പോലെ സുധാകരൻ എത്തില്ലെന്ന് ഉറപ്പിക്കാനാണ് കെസിയുടെ ശ്രമം.