കണ്ണൂർ: പച്ചക്കറികൾക്ക് കുത്തനെ വില വർധിക്കുന്ന പശ്ചാത്തലത്തിൽ വ്യത്യസ്ത പ്രതിഷേധവുമായ യൂത്ത് കോൺഗ്രസ്. കണ്ണൂർ കാൾടെക്‌സിൽ തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജിന്റെ പൂട്ടിട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സംസ്ഥാനത്ത് പച്ചക്കറി വില സാധാരണക്കാരുടെ കൈപൊള്ളിക്കുകയാണ്. ഇക്കൂട്ടത്തിൽ തക്കാളിക്കാണ് ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായത്. കിലോയ്ക്ക് 120 മുതൽ 140 വരെ നിരക്കിലാണ് തക്കാളി വിൽക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 38 രൂപ വിലയുണ്ടായിരുന്ന തക്കാളിയാണ് സെഞ്ച്വറി പിന്നിട്ട് കുതിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. കൃഷി മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.