- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊലപാതക കേസ്; സിപിഎം നേതൃത്വതിന്റെ അറിവോടെ നടന്നതെന്ന് തെളിഞ്ഞു; കോൺഗ്രസ് പറഞ്ഞത് ശരിയായെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സിപിഎം നേതൃത്വതിന്റെ അറിവോടെ നടന്ന കൊലപാതകം ആണെന്ന് തെളിഞ്ഞു. കേസ് അന്വേഷണം അട്ടിമറിക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിച്ചത്. സർക്കാർ അറിഞ്ഞുള്ള ഉന്നത ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതായും ചെന്നിത്തല പ്രതികരിച്ചു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സുരേന്ദ്രൻ( വിഷ്ണു സുര), ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു എന്നയാൾ കാസർകോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. സിബിഐ കേസേറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഉൾപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ അഞ്ച് പേരെയും ഇന്ന് ഉച്ചയോടെ കാസർകോട് റസ്റ്റ് ഹൗസിലേക്ക് അന്വേഷണസംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ട് മൂന്നരയോടെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ എല്ലാവരും ഏച്ചിലടുക്കം ഭാഗത്ത് നിന്നുള്ളവർ തന്നെയാണ്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ടിന് സമീപമുള്ള സ്ഥലമാണ് ഏച്ചിലടുക്കം. അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ റസ്റ്റ് ഹൗസ് പരിസരത്ത് വലിയ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ രണ്ട് പേർ ജാമ്യത്തിലാണ്.
2019 ഫെബ്രുവരി 17- നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെകൂടെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. എങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30-ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ