കാത്തുകാത്തിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിക്കാൻ ഒരു വടി കിട്ടിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസുകാർ. നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ വിവരാവകാശ നിയമത്തിന്റെ സഹായം തേടിയത് പരാമർശിച്ചാണ് കോൺഗ്രസിന്റെ പരിഹാസം.

ർക്കാരിൽ നിന്ന് തനിക്ക് ലഭിക്കേണ്ട സുരക്ഷയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം യശോദ ബെൻ വിവരാവകാശ നിയമപ്രകാരം വിശദീകരണം ആവശ്യപ്പെട്ടത്. പ്രോട്ടോകോൾപ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യയായ തനിക്ക് സുരക്ഷയോടൊപ്പം മറ്റെന്ത് സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അതിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി നൽകണമെന്നും യശോദ അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതാണ് കോൺഗ്രസുകാർ മോദിയെ പരിഹസിക്കാൻ ആയുധമാക്കിയത്. ഒടുവിൽ യുപിഎ സർക്കാർ നടപ്പാക്കിയ വിവരാവകാശ നിയമത്തിന്റെ സഹായം പ്രധാനമന്ത്രിയുടെ ഭാര്യക്കുവേണ്ടിവന്നുവെന്നാണ് കോൺഗ്രസുകാർ പരിഹസിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാര്യക്കുപോലും വിവരാവകാശ നിയമത്തിന്റെ ആവശ്യം തേടേണ്ടിവന്നത് സംതൃപ്തി പകരുന്ന കാര്യമാണെന്നാണ് കോൺഗ്രസ് വക്താവ് ഷക്കീൽ അഹമ്മദ് പറഞ്ഞത്.

മോദിയുടെ കുടുംബാംഗങ്ങൾക്ക് നൽകിയ സുരക്ഷയുടെ വിശദീകരണം നൽകണമെന്നും യശോദ ബെൻ സമർപ്പിച്ച അപേക്ഷയിലുണ്ട്. താൻ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാൽ തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്നും അപേക്ഷയിൽ പറയുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരാലാണ്. അതിനാൽ തന്റെ സുരക്ഷാ ഉദ്യാഗസ്ഥരെ കുറിച്ചുള്ള പൂർണ വിവരം നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിയോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് യശോദ ബെൻ കഴിഞ്ഞദിവസം ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോദി വരികയാണെങ്കിൽ അദ്ദേഹത്തോടൊപ്പം പോകാൻ തയാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു.