മുംബൈ: ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിൽ ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനം കടുത്ത വെല്ലുവിളി നേരിടുമ്പോൾ സ്വന്തം പാളയത്തിൽ നിന്നു തന്നെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നു. ആരാലും ചോദ്യം ചെയ്യപ്പെടില്ലെന്ന ഗർവ്വ് പുലർത്തുന്ന വേളയിൽ തന്നെ പാർട്ടി അധ്യക്ഷയ്‌ക്കെതിരെ രംഗത്തുവന്നത് മഹാരാഷ്ട്രയിലെ കോൺഗ്രസ് മുഖപത്രമായ ദർശനിൽ ആണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെയും വിമർശിച്ചാണ് കോൺഗ്രസ് പത്രം പുറത്തിറങ്ങിയത്. സംഭവം പാർട്ടിക്കുള്ളിൽ രൂക്ഷമായ വിവാദങ്ങൽക്ക് ഇടയാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കോൺഗ്രസ് മുഖപത്രമായ കോൺഗ്രസ് ദർശനിലാണ് പാർട്ടിയുടെ പ്രതിപുരുഷനായ ജവഹർലാൽ നെഹ്‌റുവിനെയും സോണിയയെയും വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. സോണിയയുടെ പിതാവ് ഇറ്റലിയിലെ ഫാസിസ്റ്റ് സേനയിലെ അംഗമായിരുന്നുവെന്ന വിവാദ പരാമർശവുമുണ്ട്. കോൺഗ്രസ് ദർശന്റെ ഈ മാസത്തെ പതിപ്പിലാണ് വിവാദ ലേഖനങ്ങൾ. സോണിയയുടെ ജീവിതം പറയുന്ന ലേഖനത്തിൽ അവരുടെ പിതാവ് ഇറ്റലിയിൽ മുസോളനിയുടെ ഫാസിസ്റ്റ് സേനയിലെ അംഗമായിരുന്നെന്ന് എടുത്തുപറയുന്നുണ്ട്. 1997ൽ പാർട്ടിയുടെ പ്രാഥമികാംഗത്വം എടുത്ത് രണ്ട് മാസത്തിനുള്ളിൽ സോണിയ കോൺഗ്രസ് അധ്യക്ഷയായെന്നും സർക്കാർ രൂപീകരിക്കാൻ വിഫല ശ്രമം നടത്തിയെന്നും മറ്റൊരു ലേഖനം വിമർശിക്കുന്നു.

ഇതേ മാസികയിലെ മറ്റൊരു ലേഖനത്തിൽ കോൺഗ്രസിന്റെ പ്രതിപുരുഷനായ ജവഹർലാൽ നെഹ്‌റുവിന്റെ നയങ്ങളെ വിമർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ നെഹ്‌റു ഉപപ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ ഉപദേഷങ്ങൾക്ക് ചെവികൊടുത്തില്ല. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിന്റെ ഉപദേശങ്ങൾ വകവച്ചിരുന്നെങ്കിൽ കശ്മീർ ഇന്നത്തെ പോലെയാകുമായിരുന്നില്ല.

വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന നെഹ്‌റു കശ്മീർ അന്ത്രാഷ്ട്ര വിഷയമാമെന്ന് പറഞ്ഞ് തന്റെ അധികാരപരിധിയിൽ വെക്കുകയായിരുന്നു. കശ്മീർ വിഷയത്തിൽ പട്ടേലിന്റെ വീക്ഷണം പരിഗണിച്ചിരുന്നെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്നും സാർദാർ വല്ലഭായി പട്ടേലിന്റെ ചരമ വാർഷികത്തെ അനുസ്മരിച്ച് ലേഖനം വിമർശിക്കുന്നു. നെഹ്‌റുവിന്റെ ചൈന, ടിബറ്റ്, നേപ്പാൾ നയങ്ങളെയും ലേഖനം വിമർശിക്കുന്നുണ്ട്.

അതേസമയം, ലേഖനത്തിലെ വാക്കുകൾ വ്യാകുലപ്പെടുത്തുന്നതാണെന്നും ഉത്തരവാദിത്തമേറ്റെടുക്കുന്നതായും മുതിർന്ന പാർട്ടി നേതാവും മാസികയുടെ എഡിറ്ററുമായ സഞ്ജയ് നിരുപം പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരമൊരു അബദ്ധം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയൽ പിഴവുകളും ചില തെറ്റായ പ്രയോഗങ്ങളുമാണ് വിവാദത്തിനിടയാക്കിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ 131ാം സ്ഥാപക ദിനത്തിലാണ് വിവാദം.

നാഷണൽ ഹെറാൾഡ് വിഷയത്തിലും സോണിയാ ഗാന്ധി കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനവും ഉയർന്നത്. സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മാണം മോദി ഏറ്റെടുത്തത് മുതൽ കോൺഗ്രസ് ബിജെപിയെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഈ സാഹചര്യങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ ലേഖനത്തിന് പിന്നിൽ വലിയ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് കൂട്ടിവായിക്കുന്നവരും നിരവധിയാണ്.