- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
74 സീറ്റിൽ യുഡിഎഫിന് വിജയം ഉറപ്പ്; കടുപ്പിച്ചാൽ മനം മാറുന്ന മണ്ഡലങ്ങൾ പത്തും; ഇരട്ട വോട്ടും ആഴക്കടലും തുണയായെന്നും വിലയിരുത്തൽ; കേരളത്തിൽ കളം നിറയാൻ രാഹുലും പ്രിയങ്കയും; അധികാരത്തിൽ കോൺഗ്രസ് തിരിച്ചെത്തുമെന്ന് ഹൈക്കമാണ്ട് സർവ്വേ; ഇനി പ്രചരണ ചൂട് കൂട്ടും
തിരുവനന്തപുരം: കേരളം യുഡിഎഫ് ഭരിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ സർവ്വേ. ഈ സാഹചര്യത്തിലാണ് കേരളത്തിൽ രാഹുലും പ്രിയങ്കയും കൂടുതൽ സജീവമാകുന്നത്. ദേശീയ നേതാക്കളുടെ സാന്നിധ്യം കോൺഗ്രസിന് കൂടുതൽ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ. ഇഞ്ചോടിഞ്ഞ് പോരട്ടമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ.
74 സീറ്റിൽ യു.ഡി.എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുൽഗാന്ധിയുടെ സ്പെഷ്യൽ സർവേ ടീം നൽകിയ റിപ്പോർട്ട്. രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാൽ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കോൺഗ്രസിന് ഇതിന്റെ ഗുണം കിട്ടും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സിപിഎം. മണ്ഡലങ്ങളും തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്ഡഗ്രസിന്റെ വിലയിരുത്തൽ.
ചേർത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ കോൺഗ്രസ് ജയം ഉറപ്പിക്കുകയാണ്. കഴിഞ്ഞതവണ യു.ഡി.എഫിന് ഒരുസീറ്റുപോലും കിട്ടാത്ത കൊല്ലം ജില്ലയിൽ ഇത്തവണ അട്ടിമറിവിജയങ്ങളുണ്ടാകും. കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി എന്നിവയെല്ലാം ഇടതുപക്ഷത്തെ കൈവിടും. ഈ മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചരണത്തിന് എത്തിയത്. ഒന്നാഞ്ഞുപിടിച്ചാൽ നേമത്ത് ബിജെപി.യെ തോൽപ്പിക്കാം. ഇതിനുള്ള കരുത്ത് കെ മുരളീധരനുണ്ടെന്നാണ് വിലയിരുത്തൽ.
കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോർത്ത്, നാദാപുരം മണ്ഡലങ്ങളാണ് രാഹുൽ ഇറങ്ങിയാൽ ഉറപ്പായാലും യു.ഡി.എഫിന് ലഭിക്കുമെന്ന് സർവേ ടീം കണക്കാക്കുന്നത്. ഈ സ്ഥലങ്ങളിൽ എല്ലാം രാഹുൽ പ്രചരണത്തിൽ സജീവമാകും. ഇരട്ട വോട്ടിലെ കണ്ടെത്തലുകളും ജയം സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് കള്ളവോട്ട് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ആഴക്കടലും തീരമേഖലയിൽ വോട്ടാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇരട്ടവോട്ടുകളെക്കുറിച്ച് തെളിവുസഹിതം പരാതി കൊടുത്തിട്ടും അത് മുഴുവനായി അംഗീകരിക്കാത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണുതുറന്നു കണ്ടോളൂ എന്ന ടാഗ് ലൈനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരട്ടവോട്ട് കണ്ടെത്താൻ യുഡിഎഫിന്റെ വെബ്സൈറ്റ് റെഡി. www.operationtwins.com. വോട്ടർ പട്ടികയിലെ മുഴുവൻ കള്ളവോട്ടുകളുടെയും വിവരം ഇതിലുണ്ട്. ഈ വെബ് സൈറ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഴുവൻ വിവരങ്ങളും പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ വെബ്സെറ്റിന്റെ പ്രവർത്തനം പരിശോധിക്കാനായി പതിനഞ്ച് മിനിട്ട് നേരം പരീക്ഷണാടിസ്ഥാനത്തിൽ പുറത്തുവിട്ടപ്പോൾ തന്നെ 18,000-ത്തോളം പേരാണ് വെബ്സൈറ്റ് സന്ദർശിച്ചത്.
140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂർണ്ണ വിവരവും www.operationtwins.com വെബ്സൈറ്റിൽ ലഭ്യമാണ്. കള്ളവോട്ടുകൾക്കെതിരെ യുഡിഎഫ് ബൂത്തുതല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. വെബ്സൈറ്റിൽ പ്രവേശിച്ചാൽ ആർക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം. നാലരലക്ഷത്തിലധികം ഇരട്ട വോട്ടർമാരുടെ പട്ടിക ഉൾപ്പെട്ട പരാതി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടും 38,586 ഇരട്ട വോട്ടുകൾ മാത്രമേ കണ്ടെത്താനായുള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹക്കോടതിയിൽ അറിയിച്ചത്.
എന്നാൽ ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. കള്ളവോട്ട് സംബന്ധിച്ച പരാതിയിന്മേൽ കൃത്യമായ നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തു വിട്ടത്.
മറുനാടന് മലയാളി ബ്യൂറോ