ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അരക്കോടിയോളം രൂപയുമായി പിടിയിലായ മൂന്ന് ഝാർഖണ്ഡ് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ് നേതൃത്വം. ഝാർഖണ്ഡിലെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ വാർത്താസമ്മേളനത്തിൽ നാടകീയമായി എംഎൽഎമാർക്കെതിരെ നടപടി പ്രഖ്യാപിക്കുകയായിരുന്നു. എംഎൽഎമാർക്ക് ബന്ധമുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ലെന്നു പറഞ്ഞ അവിനാഷ് പാണ്ഡെ, സംഭവം ബിജെപി ഗൂഢാലോചനയാണെന്ന് ആവർത്തിച്ചു. തങ്ങളുടേതല്ലാത്ത സർക്കാരിനെ ഗൂഢാലോചനയിലൂടെ താഴെയിറക്കാൻ ബിജെപി ഏത് അറ്റം വരെ പോകുമെന്നും അവിനാഷ് പാണ്ഡെ പറഞ്ഞു.

ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്, നമൻ ബിക്‌സൽ കോംഗാരി എന്നിവർക്കെതിരെയാണ് നടപടി. ബംഗാളിൽ ഹൗറ ജില്ലയിൽ ശനിയാഴ്ച രാത്രിയോടെ കാറിൽ വൻ തുക കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഎൽഎമാർ കുടുങ്ങിയത്. ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുന്നതിന് നോട്ടെണ്ണൽ യന്ത്രം എത്തിക്കേണ്ടി വരുമെന്നു പൊലീസ് അറിയിച്ചിരുന്നു.

കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎൽഎമാർ പൊലീസിന് നൽകിയ മൊഴി. ഝാർഖണ്ഡ് സർക്കാരിനെ വീഴ്‌ത്താനുള്ള ബിജെപിയുടെ ശ്രമമാണ് പൊളിഞ്ഞതെന്ന ആരോപണം കോൺഗ്രസ് കടുപ്പിക്കുമ്പോൾ, പണത്തിന്റെ ഉറവിടമെന്തെന്ന് കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് ബിജെപി തിരിച്ചടിച്ചു.

എംഎൽഎമാർ പിടിയിലായ സംഭവം കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് പുറത്താക്കൽ. ഝാർഖണ്ഡ് സംസ്ഥാന അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടത്. ഝാർഖണ്ഡിൽ നടക്കാനിരിക്കുന്ന ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനായി കൊൽക്കത്ത ബുറാബസാറിലെ മൊത്തവ്യാപാര മാർക്കറ്റിൽനിന്നും സാരികൾ വാങ്ങാനാണെത്തിയതെന്നാണ് എംഎൽഎമാരുടെ മൊഴി.

മൂന്ന് എംഎൽമാർ സഞ്ചരിച്ചിരുന്ന കാറിൽനിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകൾ അരക്കോടിയോളം രൂപയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ചിഹ്നവും, എംഎൽഎ ബോർഡും പതിച്ച കാറിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി ഹൗറയിൽനിന്നും കസ്റ്റഡിയിലെടുത്ത 3 എംഎൽമാരെയും വിട്ടയച്ചില്ല. പൻചാല പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലപാടിലായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഗൂഢാലോചനയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് ജാർഖണ്ഡ് പിസിസി പ്രസിഡന്റ് രാജേഷ് താക്കൂർ ആരോപിച്ചിരുന്നു. ഝാർഖണ്ഡിലും താമര വിരിയിക്കാനുള്ള ഓപ്പറേഷൻ ലോട്ടസിന്റെ ഭാഗമായുള്ള കുടില തന്ത്രമെന്നായിരുന്നു സംസ്ഥാന നേതൃത്വം വിശേഷിപ്പിച്ചത്.

അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ച ബിജെപി-കോൺഗ്രസ് പോര് കടുക്കുകയാണ്. ഝാർഖണ്ഡ് സർക്കാരിനെ പണമുപയോഗിച്ച് വീഴ്‌ത്താനുള്ള ശ്രമമാണ് പൊളിഞ്ഞതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കാതെ പണത്തിന്റെ ഉറവിടം കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട ആവശ്യപ്പെട്ടു.

അതിനിടെ അദ്ധ്യാപക റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായ പശ്ചിമബംഗാൾ മുന്മന്ത്രി പാർത്ഥ ചാറ്റർജി ഈയിടെ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും ഇഡി അന്വേഷണം തുടങ്ങി. 50 കോടിയുമായി പിടിയിലായ അർപ്പിത മുഖർജി വിദേശയിനം വളർത്തുനായകളെ താമസിപ്പിക്കാൻ മാത്രം കൊൽക്കത്തയിൽ ആഡംബര ഫ്‌ളാറ്റുകൾ വാങ്ങിയിരുന്നെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.