ന്യൂഡൽഹി: മനോഹർ പരീക്കർ ഗോവന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നല്കി. ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹോളി പ്രമാണിച്ച് അവധിയാണെങ്കിലും അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെതന്നെ ഹർജി പരിഗണിക്കുമെന്നും വാദം കേൾക്കാനായി പ്രത്യേക ബഞ്ചിനെ രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് ജഗ്ദീഷ് ഖേഹാർ അറിയിച്ചു. പരീക്കർ നാളെ ഗോവൻ മുഖ്യമന്ത്രിയായി നാലാമതും സത്യപ്രതിജ്ഞ ചെയ്യാനാരിക്കേയാണ് കോൺഗ്രസിന്റെ നിർണായക നീക്കങ്ങൾ. കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ചാണ് പരീക്കർ ഗോവൻ രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്ന ഗവർണർ മൃദുല സിംഗിന്റെ നടപടി ചോദ്യം ചെയ്താണ് ഗോവയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കർ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കേണ്ടതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗോവൻ കോൺഗ്രസ് നേതൃത്വം ഹർജി നല്കിയിരിക്കുന്നത്. രമേഷ് പണ്ഡിറ്റ് കേസിലെ സുപ്രീംകോടതിയുടെ വിധിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വേണം സർക്കാർ രൂപീകരണത്തിന് ആദ്യം ക്ഷണിക്കേണ്ടതെന്നാണു പറഞ്ഞിരിക്കുന്നത്. തൂക്കു മന്ത്രിസഭയിൽ ഗവർണർ ആദ്യം ചെയ്യേണ്ടതും അതുതന്നെയാണ്, സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിക്കുക- ചന്ദ്രകാന്ത് കാവ്ലേകർ പറഞ്ഞു.

40 അംഗ ഗോവ നിയമസഭയിൽ 21 അംഗങ്ങളുടെ പിന്തുണ വേണം കേവല ഭൂരിപക്ഷത്തിന്. കോൺഗ്രസിന് 17 അംഗങ്ങളുടെ പിന്തുണയുണ്ട്. 13 അംഗങ്ങളുള്ള ബിജെപിക്ക് മഹാരാഷ്ട്രാ ഗോമന്തക് പാർട്ടിയുടെയും (എംജിപി) ഗോവ ഫോർവേഡ് പാർട്ടിയുടെയും (ജിഎഫ്പി) മൂന്നു പേരുടെ വീതവും രണ്ടു സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിച്ചത്.