തിരുവനന്തപുരം: പുതിയ അധ്യക്ഷനെ നിയമിച്ചതോടെ കേരളത്തിൽ കൂടുതൽ ശക്തമായ സംഘടന പ്വർത്തനം നടത്തി തിരിച്ച് വരാനാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകളും പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ നറുക്ക് വീണത് മുല്ലപ്പള്ളി രാമചന്ദ്രന് ആയിരുന്നു. മറ്റുള്ളവരെ പിണക്കാതിരിക്കാൻ കേരളത്തെ മൂന്നായി തിരിച്ച ശേഷം മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്ക് ഓരോ മേഖലയുടെ ചുമതലയും നൽകി.

കെപിസിസിയുടെ മൂന്നു വർക്കിങ് പ്രസിഡന്റുമാർ മൂന്നു മേഖലകളുടെ ചുമതല വഹിക്കും. വർക്കിങ് പ്രസിഡന്റുമാരുള്ള മറ്റു സംസ്ഥാനങ്ങളിലെ ഈ രീതി കേരളത്തിലും അവലംബിക്കാൻ അനുവദിക്കുമെന്ന സൂചനയാണു കേന്ദ്ര നേതൃത്വം നൽകുന്നത്. മറിച്ചെങ്കിൽ മറ്റൊരു നിർദ്ദേശം ഇവിടെനിന്നു സമർപ്പിക്കണം. പ്രസിഡന്റും മൂന്നു വർക്കിങ് പ്രസിഡന്റുമാരും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിട്ടു കാര്യമില്ലെന്ന അനുമാനമാണ് അവർക്കിടയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിലുണ്ടായത്.

കൊടിക്കുന്നിൽ സുരേഷ്(തെക്കൻ മേഖല), എം.ഐ.ഷാനവാസ്(മധ്യമേഖല), കെ.സുധാകരൻ (വടക്കൻ മേഖല) എന്നിങ്ങനെയാകാനാണു സാധ്യത. ജില്ലകളുടെ വിഭജനം അതനുസരിച്ചു തീരുമാനിക്കും. പുതിയ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും എത്രപേർ വേണമെന്നു ഹൈക്കമാൻഡ് നിർദ്ദേശിക്കട്ടെയെന്ന അഭിപ്രായമാണ് ഇവിടെയുള്ളത്. മറിച്ചെങ്കിൽ പാലിക്കാൻ ബുദ്ധിമുട്ടാകും.

എണ്ണം ചുരുക്കാൻ കേന്ദ്രം പറയുമ്പോഴും അതു പാലിക്കാനാകാതെ ജംബോ പട്ടികകൾ അയയ്‌ക്കേണ്ടി വന്നിട്ടുള്ളതാണു ചരിത്രം. അതേസമയം എണ്ണം കുറച്ചേ തീരൂവെന്ന വികാരം പലരും പങ്കുവയ്ക്കുന്നു. അല്ലെങ്കിൽ പട്ടികയിലുള്ളവർക്കു രാഷ്ട്രീയ പ്രാധാന്യം ആരും കൽപിക്കില്ലെന്ന തിരിച്ചറിവാണു കാരണം.

രണ്ടു വർഷത്തോളം മുമ്പു 14 ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ അവിടെ വഴിമാറിക്കൊടുത്തവരിൽ സജീവമായി രംഗത്തുള്ളവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരും. പാർട്ടി പുനഃസംഘടനയിൽ പരിഗണിക്കാമെന്ന വാഗ്ദാനം ഇവർക്കു നൽകിയിരുന്നു. അതിനൊപ്പം സെക്രട്ടറിമാരിൽ കാര്യപ്രാപ്തി തെളിയിച്ച ചിലർക്കെങ്കിലും 'പ്രമോഷൻ' ലഭിച്ചേക്കാം.

നിലവിലെ ടീമിൽ കാര്യമായ മാറ്റം വരുമെന്നാണു സൂചന. ഗ്രൂപ്പ് നേതൃത്വംകൂടി പച്ചക്കൊടി കാട്ടേണ്ടിവരും. പുതിയ പാക്കേജിന്റെ ഭാഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ എന്നിവർ ഒരുമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടതു നല്ല സന്ദേശമാണു പാർട്ടിക്കാകെ നൽകിയിരിക്കുന്നതെന്നാണു വിലയിരുത്തൽ. പനി മൂലം എം.ഐ.ഷാനവാസിനു മാത്രം പങ്കെടുക്കാനായില്ല.

ഗ്രൂപ്പുകൾക്കും സ്വന്തം പ്രതിച്ഛായയ്ക്കും അമിത പ്രാധാന്യം നൽകാതെ കൂട്ടായ പ്രവർത്തനവുമായി താഴേത്തട്ടുവരെ നീങ്ങുകയെന്ന നിർദ്ദേശമായിരുന്നു രാഹുലിന്റേത്. ഇന്ദിരാ ഭവനിൽ 27നു രാവിലെ പുതിയ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങിൽ എ.കെ.ആന്റണി ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും. അന്ന് ഉച്ചയ്ക്കു മൂന്നിനു യുഡിഎഫ് നേതൃയോഗം ചേരും.