- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടുദിവസം കൊണ്ട് ബക്കറ്റ് പിരിവിലൂടെ സിപിഎം 8 കോടി പിരിച്ച കഥ ചെന്നിത്തല പറഞ്ഞപ്പോൾ സോണിയയും രാഹുലും ഞെട്ടി; ചിന്തൻശിബിരത്തിൽ ചെന്നിത്തലയുടെ ഐഡിയ കിടിലനെന്ന് കൈയടി; കാലിയായ പണപ്പെട്ടി നിറയ്ക്കാൻ സിപിഎം മോഡൽ ബക്കറ്റ് പിരിവിന് കോൺഗ്രസും
ന്യൂഡൽഹി: 2024 ലെ വമ്പൻ പോരാട്ടത്തിന് ഒരുങ്ങുകയാണ് പാർട്ടികളെല്ലാം. കോൺഗ്രസും അങ്ങനെ തന്നെ. ചിന്തൻ ശിബിർ ഒക്കെ കഴിഞ്ഞതിന്റെ ഉത്സാഹത്തിലാണ് നേതാക്കളും, പാർട്ടി പ്രവർത്തകരും. എന്നാൽ, മുന്നോട്ടുള്ള പോക്കിന് ഏറ്റവും വലിയ തടസ്സം പണപ്പെട്ടി കാലിയാണെന്നത് തന്നെ. ഇതിനെ മറികടക്കാൻ ഇടതുപക്ഷത്തിന്റെ കേരള മോഡൽ ബക്കറ്റ് പിരിവിന് ഒരുങ്ങുകയാണ് പാർട്ടി എന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇടതുപക്ഷം വിശേഷിച്ച്, സിപിഎം ഫണ്ട് കണ്ടെത്തുന്നത് വീടു തോറും സംഭാവന തേടിയും, ബക്കറ്റ് പിരിവിലൂടെയും മറ്റുമാണ്. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിനും ഈ പാത പിന്തുടരാമെന്ന ആശയം മുന്നോട്ടുവച്ചത്. ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ ആശയം കൂലങ്കഷമായി ചർച്ച ചെയ്തു.
സംഗതി വളരെ ഗൗരവത്തിലാണ് കോൺഗ്രസ് എടുത്തിരിക്കുന്നത്. എങ്ങനെ ഇത് നടപ്പാക്കാം എന്ന കാര്യത്തിലൊക്കെ ചില സംശയങ്ങളുണ്ട്. ഫണ്ട്, എങ്ങനെ കൈകാര്യം ചെയ്യാം, സുതാര്യത ഉറപ്പാക്കാം, തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തത വരേണ്ടതുണ്ട്. ഏതായാലും, ഇതൊക്കെ കർമസമിതി യോഗങ്ങളിൽ ചർച്ച ചെയ്യും.
തിരഞ്ഞെടുപ്പ് കമ്മീഷന്് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോൺഗ്രസിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 58 ശതമാനമാണ് ഇടിഞ്ഞത്. അതായത് തലേ വർഷത്തെ 682.2 കോടിയിൽ നിന്ന് 285.7 കോടിയായി കുറഞ്ഞു. 2019 ലാകട്ടെ പാർട്ടിവരുമാനം 918 കോടിയായിരുന്നു.
പാർട്ടി ട്രഷററായിരുന്ന അഹമ്മദ് പട്ടേലിന്റെ മരണത്തിന് ശേഷമാണ് പാർട്ടി ഫണ്ടിൽ ഇത്രയധികം കുറവ് വന്നത്. പട്ടേൽ ഉണ്ടായിരുന്നപ്പോൾ, തന്റെ കോർപറേറ്റ് ബന്ധങ്ങൾ വഴി പാർട്ടിയിലേക്ക് ഫണ്ട ഒഴുക്കിയിരുന്നു. മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥും പാർട്ടി ഫണ്ട് കൈകാര്യം ചെയ്തുവരുന്നുണ്ടെങ്കിലും, മോദി ഭരണകാലത്ത് വരുമാനം കുത്തനെ ഇടിയുന്നതാണ് കണ്ടുവരുന്നത്.
സിപിഎമ്മിന്റെ ഫണ്ടാകട്ടെ, മുഖ്യമായും കേരള യൂണിറ്റിൽ നിന്നാണ് വരുന്നത്. ബക്കററ് പിരിവിൽ നിന്നാണ് 70 ശതമാനം ഫണ്ട് വരുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഫണ്ട് സമാഹരണത്തിന് എതിരെ വിമർശനങ്ങളുമുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഇല്ലെന്നാണ് മുഖ്യവിമർശനം. 2013 ൽ ഹർകിഷൻ സിങ് സുർജിത് ഭവനും ഇഎംഎസ് ഗവേഷണ കേന്ദ്രത്തിനും വേണ്ടി രണ്ടുദിവസം കൊണ്ട് കേരള ഘടകം 8 കോടി സമാഹരിച്ചിരുന്നു. ഇതിൽ അഞ്ച് കോടിയും ബക്കറ്റ് പിരിവിലൂടെയായിരുന്നു. ബാക്കി പാർട്ടി അംഗങ്ങളുടെ സംഭാവനയും. ഏതായാലും കോൺഗ്രസും ചെന്നിത്തല ഉപദേശിച്ച ബക്കറ്റ് പിരിവ് തന്ത്രത്തിലേക്കാണ് നീങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ