- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈക്കമാൻഡിന് കത്തെഴുതിയവർ ബിജെപിയുമായി ഒത്തുകളിക്കുന്നവരെന്ന പരാമർശം വിവാദമായതോടെ മുറിവുണക്കാൻ മുന്നിട്ടിറങ്ങി രാഹുൽഗാന്ധി; താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ നേരിട്ട് വിളിച്ച് പറഞ്ഞതോടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷന് എതിരായ ട്വീറ്റ് പിൻവലിച്ച് സിബൽ; രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി ഗുലാം നബിയും; ഒത്തുതീർപ്പുകൾക്ക് വഴങ്ങിയെങ്കിലും പാർട്ടിയിലെ വിള്ളലുകൾ മറനീക്കി പുറത്ത്
ന്യൂഡൽഹി: തന്റെ പരാമർശം വിവാദമായതോടെ, കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ ഉരുണ്ടുകൂടിയ അസ്വാരസ്യം മാറ്റാൻ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. കൂട്ടായ നേതൃത്വം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കൾ ബിജെപിയുമായി ഒത്തുകളിക്കുന്നവരെന്ന രാഹുലിന്റെ പരാമർശമാണ് കപിൽ സിബൽ അടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചത്. സിബലിനെ രാഹുൽ നേരിട്ട് വിളിച്ച് അനുനയിപ്പിച്ചതോടെ, രാഹുലിന് എതിരെയിട്ട ട്വീറ്റ് പിൻവലിച്ചു.
താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് രാഹുൽ നേരിട്ടു വിശദീകരിച്ചത്. പാർട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോൾ നേതൃമാറ്റം ആവശ്യപ്പെട്ടവർ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന രാഹുലിന്റെ പരാമർശമാണ് സിബലിനെ ചൊടിപ്പിച്ചത്. താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ നേരിട്ടു വിളിച്ചു വിശദീകരിച്ചതായി സിബൽ പറഞ്ഞു.
സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണ് നേതാക്കൾ കത്തെഴുതിയതെന്ന് രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് രാജസ്ഥാനിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അത്. അത്തരമൊരു അവസ്ഥയിൽ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവർത്തകസമിതി ചേർന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. '' രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.
ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നു രാഹുൽ യോഗത്തിൽ പറഞ്ഞതു പരാമർശിച്ച് കപിൽ സിബൽ ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാൻ ഹൈക്കോടതിയിൽ കോൺഗ്രസിന്റെ പക്ഷം പറയുന്നതിൽ താൻ വിജയിച്ചു, മണിപ്പൂരിൽ ബിജെപി സർക്കാരിനെ താഴെയിറക്കി, കഴിഞ്ഞ മുപ്പതു വർഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല, എന്നിട്ടും ബിജെപിയുമായി ധാരണയുണ്ടാക്കി എന്നാണ് പറയുന്നതെന്ന് സിബൽ ട്വീറ്റ് ചെയ്തു. അങ്ങനെ പറഞ്ഞിട്ടില്ലെന്നു രാഹുൽ നേരിട്ട് അറിയിച്ചത് അനുസരിച്ച് ട്വീറ്റ് പിൻവലിക്കുകയാണെന്ന് സിബിൽ പിന്നീട് അറിയിച്ചു.
കത്തിനു പിന്നിൽ ബിജെപിയെന്നു തെളിയിച്ചാൽ പാർട്ടിയിൽനിന്നു രാജിവയ്ക്കാൻ തയാറാണെന്ന് ഗുലാം നബി ആസാദ് യോഗത്തിൽ പറഞ്ഞു. പ്രവർത്തക സമിതിയിലോ പുറത്തോ രാഹുൽ ബിജെപി ബന്ധം ആരോപിച്ചിട്ടില്ല എന്നാണ് ഗുലാം നബി പിന്നീട് പറഞ്ഞത്. എ.കെ. ആന്റണി പ്രസംഗിക്കുന്നതിനിടയിൽ ഇടപെട്ടാണ് രാഹുൽ ആരോപണം ഉന്നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കത്തെഴുതിയതിന്റെ സാഹചര്യങ്ങൾ ഗുലാം നബി ആസാദും ആനന്ദ് ശർമയും യോഗത്തിൽ വിശദീകരിച്ചു. ഗാന്ധി കുടുംബത്തോടുള്ള എതിർപ്പല്ലെന്നും പാർട്ടിയെ സജീവമാക്കാനുള്ള അഭ്യർത്ഥനയാണെന്നും ഗുലാംനബി പറഞ്ഞു.
സോണിയയും രാഹുലും ഗുലാം നബിയുടെ വാദങ്ങളെ ശക്തിയുക്തം എതിർത്തുവെന്നറിയുന്നു. കത്തെഴുതിയവരെ വിമർശിച്ചും ഗാന്ധി കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചുമാണ് മിക്കവാറും പേർ സംസാരിച്ചത്. കത്ത് അനവസരത്തിലായി എന്ന വാദത്തിനായിരുന്നു മുൻതൂക്കം. യോഗമാരംഭിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിയാൻ താൽപര്യം പ്രകടിപ്പിച്ച് സോണിയ ഗാന്ധി നൽകിയ കത്ത് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വായിച്ചു.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കാനും സോണിയഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 23 ഓളം മുതിർന്ന നേതാക്കൾ കത്തുനൽകിയ സാഹചര്യത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.
യോഗത്തിൽ സംസാരിച്ച മുൻ പ്രധാനമന്ത്രി മന്മോഹൻസിങ് സോണിയ അധ്യക്ഷ പദത്തിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയിൽ ഇപ്പോൾ നേതൃമാറ്റം ആവശ്യമില്ലെന്നും മന്മോഹൻ സിങ് പറഞ്ഞു. അതേസമയം കത്തെഴുതിയ വിമത നേതാക്കളുടെ നടപടിയെക്കുറിച്ച് മന്മോഹൻസിങ് പരാമർശിച്ചില്ല.
രാഹുൽഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ പാർട്ടി പ്രവർത്തകരുടെ പൊതുവായ വികാരം ഇതാണ്. രാഹുൽ സ്ഥാനമേറ്റെടുക്കുന്നതുവരെ സോണിയ അധ്യക്ഷയായി തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദർഭത്തിൽ ഇത്തരമൊരു കത്തെഴുതിയത് ക്രൂരമാണെന്നും, പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടിയായിപ്പോയെന്നും ആന്റണി പറഞ്ഞു.കത്തെഴുതിയ നടപടിയെ കോൺഗ്രസ് നേതാക്കൾക്കെതിരെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിമർശിച്ചു. കത്ത് എഴുതിയ ശേഷം മാധ്യമങ്ങൾക്ക് എങ്ങനെ ചോർത്തിയെന്ന് വേണുഗോപാൽ ചോദിച്ചു. മാധ്യമങ്ങളിലൂടെ കത്ത് ചോർത്തിയതിലൂടെ പാർട്ടി വിരുദ്ധപ്രവർത്തനത്തിന് തുല്യമായെന്നും വേണുഗോപാൽ ആരോപിച്ചു.