ന്യൂഡൽഹി: ഗോവയിലെ ബാർ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാർ ഹോട്ടൽ ആരോപണത്തിന് ബലം പകരുന്ന ചില തെളിവുകൾ പുറത്തുവിട്ടു. കേന്ദ്ര മന്ത്രിയുടെ തന്നെ തന്നെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റും വീഡിയോയും പുറത്ത് വിട്ടാണ് കോൺഗ്രസ് ആരോപണം കടുപ്പിക്കുന്നത്.

സ്മൃതി ഇറാനി മുൻപ് സില്ലി സോൾസ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റും വാർത്തയുമാണ് കോൺഗ്രസ് നേതാക്കൾ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്‌ബ്ലോഗ്ഗർ ഹോട്ടലിൽ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെളിവുകൾ പുറത്ത് വന്നിട്ടും സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോൺഗ്രസ്, സ്മൃതി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ആവർത്തിക്കുന്നു.

സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകൾ ഗോവയിൽ അനധികൃത ബാർ ഹോട്ടൽ നടത്തുകയാണെന്ന ആരോപണമാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇത് തള്ളിയ സ്മൃതി ഇറാനി, ആരോപണം ഉന്നയിച്ച നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഗോവയിലെ സില്ലി സോൾസ് ഗോവ ഹോട്ടലിന്റെ ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയർന്നത്. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയതാണെന്നാണ് ആരോപണം. നോട്ടീസ് നൽകിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോൺഗ്രസ് ആരോപിച്ചിരുന്നു.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മകളെയും തന്നെയും ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ ഉദ്ദേശമെന്നും സ്മൃതി കുറ്റപ്പെടുത്തുന്നു. നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് കേന്ദ്ര മന്ത്രി.

സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ആരോപണ വിധേയമായ ബാർ റെസ്റ്ററിന്റിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്. റസ്റ്ററിന്റിനെ കുറിച്ച് സോയിഷ് ഇറാനി സംസാരിക്കുന്നതും, ഇത് തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സോയിഷ് പറയുന്നതും വീഡിയോയിലുണ്ട്. ഇതിൽ ആരാണ് കള്ളം പറയുന്നത് എന്ന കുറിപ്പോടെയാണ് വീഡിയോ ശ്രീനിവാസ് പങ്കുവച്ചിരിക്കുന്നത്.

സ്മൃതി ഇറാനിയുടേതെന്ന തരത്തിൽ ചില ട്വീറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ബിവി ശ്രീനിവാസ് പങ്കുവച്ചിട്ടുണ്ട്. സോയ ഇറാനിയെയും റസ്റ്ററന്റിനെയും ടാഗ് ചെയ്ത് ഏറെ അഭിമാനം എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്മൃതി ഇറാനി കുറിച്ചെന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ടുകളാണിവ.

ഗോവയിലെ ബാർ നടത്തിപ്പ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസിനെതിരെ കടുത്ത പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രംത്തെത്തിയിരുന്നു. തന്റെ മകൾ ആദ്യവർഷ കോളജ് വിദ്യാർത്ഥിനിയാണ്, അല്ലാതെ ബാർ നടത്തുകയല്ലെന്നുമായിരുന്നു പ്രതികരണം. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അമ്മ വാർത്താസമ്മേളനം നടത്തിയതാണ് തന്റെ മകൾ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു.

ധൈര്യമുണ്ടെങ്കിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലേക്ക് മത്സരിക്കാൻ വരൂ എന്നാണ് രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചത്. ഉറപ്പായും രാഹുൽ തോൽക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നത്. ഇതേ തുടർന്ന് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചുവെന്നും ആരോപണത്തിൽ പറഞ്ഞിരുന്നു.

വടക്കൻ ഗോവയിൽ സില്ലി സോൾസ് കഫേ ആൻഡ് ബാർ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകൾ ആണെന്നും 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസൻസ് പുതുക്കി നൽകിയതെന്നുമായിരുന്നു ആരോപണം. ഈ പ്രചാരണങ്ങൾ എല്ലാം നിഷേധിച്ച കേന്ദ്ര മന്ത്രി മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ സില്ലി സോൾസ് എന്ന പേരിൽ ഒരു റെസ്റ്ററെന്റ് നടത്തുന്നില്ലെന്നാണ് അവരുടെ അഭിഭാഷകന്റെയും പ്രതികരണം. ആരോപണത്തിൽ പറയുന്നത് പോലെ നോട്ടീസ് ഒന്നും തന്നെ ഇതുവരെ തന്റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനായ കിരത്ത് നഗ്ര പറഞ്ഞു.