- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വി കെ പ്രശാന്തിനെ നേരിടാൻ എത്തുക വനിത തന്നെ; വട്ടിയൂർക്കാവിൽ പോരിനിറങ്ങുക വീണയോ ജ്യോതിയോ; കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് അണികൾ; ഇന്ന് പ്രഖ്യാപിക്കുക ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി; രാഷ്ട്രീയ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോഴും ഉൾപ്പാർട്ടി പോരിന് ശമനമില്ലാതെ കോൺഗ്രസും
തിരുവനന്തപുരം: കോൺഗ്രസ് മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആരാകും എന്നതാണ്. വനിത തന്നെയാകും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനെതിരെ പോരിനിറങ്ങുക എന്നത് ഉറപ്പാണെങ്കിലും നറുക്ക് വീഴുന്നത് ആർക്കാകും എന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായരും രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ശ്രദ്ധേയയാ ജ്യോതി വിജയകുമാറുമാണ് വട്ടിയൂർക്കാവിലേക്ക് പരിഗണിക്കപ്പെടുന്നത്. അന്തിമ നിമിഷം ഇവരിൽ ആരെയാണ് ഭാഗ്യം തുണയ്ക്കുക എന്നേ ഇനി അറിയേണ്ടതുള്ളൂ.
കൂടുതൽ വനിതാ പ്രാതിനിത്യം വേണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം കൂടി കണക്കിലെടുത്ത് ഒഴിച്ചിട്ടിരുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. പ്രഖ്യാപിക്കാനിരിക്കുന്ന സീറ്റുകളിൽ സസ്പെൻസ് നിറഞ്ഞിരിക്കുന്നവയിൽ ഒന്ന് വട്ടിയൂർക്കാവാണ്. അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായർക്കാണോ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് പ്രമുഖയായ ജ്യോതി വിജയകുമാർക്കാണോ നറുക്ക് വീഴുക എന്നതാണ് ഈ സസ്പെൻസിന് പിന്നിൽ.
കൂടുതൽ സ്ത്രീകൾ വേണമെന്ന ഹൈക്കമാൻഡ് ആവശ്യത്തിന് പിന്നാലെത്തന്നെ ജ്യോതി വിജയകുമാറാവും സ്ഥാനാർത്ഥി എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ജ്യോതിയുടെ പൊതുപ്രവർത്തന മികവും രാഹുൽ ഗാന്ധിയുടെ പരിഭാഷക എന്ന നിലയിലുള്ള ശ്രദ്ധയും വോട്ടായി മാറുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. വീണയ്ക്കും മണ്ഡലത്തിൽ നല്ല ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരിചയമുള്ള വീണയെ എൽഡിഎഫിന്റെ വികെ പ്രശാന്തിനെതിരെ ഇറക്കണമെന്ന ആവശ്യം ഒരു വിഭാഗം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ജ്യോതി വിജയകുമാർ ശ്രദ്ധ നേടിയത്. ആശയവ്യക്തതയോടെയുള്ള ചടുലമായ അവരുടെ പരിഭാഷ പലവുരു കൈയടി നേടിയിരുന്നു. ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിജയകുമാറിന്റെ മകളാണ്. തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിലെ അദ്ധ്യാപികയാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോലജിലെ ആദ്യ വനിതാ ചെയർപേഴ്സണായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയും ഉദുമ മുൻ എംഎൽഎയുമായ കെപി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് വീണ നായർ. വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരകയായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ നിന്ന് കോൺഗ്രസിന്റെ കൗൺസിലർ സ്ഥാനാർത്ഥിയായിട്ടായിരുന്നു അവതാരകയും അഭിഭാഷകയുമായ വീണയുടെ രാഷ്ട്രീയ അരങ്ങേറ്റം. ആദ്യശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. രാഷ്ട്രീയവുമായി ബന്ധമുള്ള കുടുംബമാണ് വീണയുടേത്. അസോസിയേഷൻ ഫോർ ലീഗൽ എംപവർമെന്റ് ആൻഡ് റൂറൽ ട്രാൻസ്ഫോർമേഷൻ എന്ന സംഘടനയിലെ പ്രവർത്തക കൂടിയാണ്. അതോടൊപ്പം പൊലീസിന്റെ നിർഭയപ്രവർത്തനത്തിലും സജീവപ്രവർത്തകയാണ് വീണ.
ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസിന് ഇനി പ്രഖ്യാപിക്കാനുള്ളത്. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.പിസി വിഷ്ണുനാഥ് കുണ്ടറയിൽത്തന്നെ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. നിലമ്പൂരിൽ വിവി പ്രകാശ് സ്ഥാനാർത്ഥിയാവും. ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡിസിസി പ്രസിഡന്റാക്കാനാണ് ആലോചന. പട്ടാമ്പി, തവനൂർ ധർമ്മടം എന്നിവിടങ്ങളിൽ തീരുമാനമായിട്ടില്ല. കൽപറ്റയിൽ ടി സിദ്ദീഖ് തന്നെ സ്ഥാനാർത്ഥിയായേക്കും.
തവനൂരിൽ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാർത്ഥിയാക്കാനാണ് ഏകദേശ ധാരണ. നേരത്തെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തിൽ മത്സരിച്ചേക്കും. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് മണ്ഡലത്തിൽ ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. റിയാസ് മുക്കോളിയെ സ്ഥാനാർത്ഥിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതിഷേധം.
മറുനാടന് മലയാളി ബ്യൂറോ