- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മോദിയിൽനിന്നും പാഠം പഠിക്കാൻ ഉറച്ച് രാഹുൽ; വർക്കിങ് കമ്മറ്റി അടക്കം സർവ സമിതികളിലും ചെറുപ്പക്കാരെ കൊണ്ടുവരും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കാൻ ഒടുവിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചു. പാർട്ടിയുടെ അധികാരകേന്ദ്രങ്ങൾ അപ്പാടെ മാറ്റാനും ബിജെപിയിലേതുപോലെ, കൂടുതൽ യുവരക്തത്തെ മേൽത്തട്ടിലേക്ക് കൊണ്ടുവരാനുമാണ് രാഹുൽ പദ്ധതിയിടുന്നത്. എൽ.കെ.അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും പോലുള്ള മുതിർന്ന നേതാക്കളെ മോദി ഉപദേശകരാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കാൻ ഒടുവിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചു. പാർട്ടിയുടെ അധികാരകേന്ദ്രങ്ങൾ അപ്പാടെ മാറ്റാനും ബിജെപിയിലേതുപോലെ, കൂടുതൽ യുവരക്തത്തെ മേൽത്തട്ടിലേക്ക് കൊണ്ടുവരാനുമാണ് രാഹുൽ പദ്ധതിയിടുന്നത്. എൽ.കെ.അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും പോലുള്ള മുതിർന്ന നേതാക്കളെ മോദി ഉപദേശകരാക്കി മാറ്റിയിരുന്നു. കോൺഗ്രസ്സിലെയും തലമുതിർന്ന നേതാക്കളുടെ വഴി ഇതുതന്നെയാകുമെന്നാണ് സൂചന.
സംഘടനയുടെ സർവതലങ്ങളിലുമുള്ള അഴിച്ചുപണിയാണ് രാഹുൽ ലക്ഷ്യമിടുന്നത്. അടുത്ത തലമുറയിൽ പാർട്ടിയെ നയിക്കേണ്ട നേതാക്കളെ രാഹുൽ തന്നെ തീരുമാനിക്കും. പാർട്ടിയുടെ ഉന്നതാധികാര സമിതിയായ വർക്കിങ് കമ്മിറ്റിയിലേക്ക് ഇത്തരം യുവരക്തങ്ങളെ കൊണ്ടുവരും. മിക്കവാറും ജനറൽ സെക്രട്ടറിമാരെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും മാറ്റി, ഈ സ്ഥാനങ്ങളിലേക്ക് കൂടുതൽ ഊർജസ്വലരായ നേതാക്കളെ കൊണ്ടുവരും.
പാർട്ടിക്ക് മാർഗനിർദ്ദേശം നൽകുകയെന്നതാവും മുതിർന്ന നേതാക്കൾക്ക് ഇനിയുള്ള ചുമതല. ഫലത്തിൽ അദ്വാനിയെയും ജോഷിയെയുമൊക്കെ ഒതുക്കിയതുപോലെ, ഈ നേതാക്കളും ചിത്രത്തിൽതന്നെ ഇല്ലാതാവുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവി നേരിട്ട കോൺഗ്രസ്സിനെ അവിടെനിന്ന് കരകയറ്റുകയെന്ന ശ്രമകരമായ ദൗത്യമാണ് രാഹുലിന് മുന്നിലുള്ളത്.
പാർട്ടിയെ അടുത്ത തലമുറയിലേക്ക് നയിക്കാൻ പോന്ന നേതാക്കൾ ഉയർന്നുവരുന്നില്ല എന്ന പോരായ്മ നികത്താനാണ് കൂടുതൽ യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ ശ്രമിക്കുന്നതിന് പിന്നിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രാഹുൽ ബ്രിഗേഡാണെന്ന് മുതിർന്ന നേതാക്കളിൽ പലരും ആക്ഷേപിക്കുന്നതിനിടെയാണ് പാർട്ടിയെ അടിമുടി അഴിച്ചുപണിയാൻ ഉപാദ്ധ്യക്ഷന്റെ ശ്രമം. മഹാരാഷ്ട്രയിലും ഹരിയാണയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പുലർത്തിയിരുന്ന മുതിർന്ന നേതാക്കൾപോലും ഉപദേശ സ്ഥാനത്തേയ്ക്ക് ഒഴിവാക്കപ്പെടുമെന്നാണ് സൂചന. സോണിയ ഗാന്ധിയോട് അടുപ്പവും വിശ്വാസവും പുലർത്തിയിരുന്നവരെപ്പോലും മാറ്റിനിർത്തില്ല. എന്നാൽ, രാഹുലിന്റെ നീക്കങ്ങൾക്ക് സോണിയയുടെ പിന്തുണ കിട്ടുമോ എന്ന കാര്യം കണ്ടറിയണമെന്ന് കോൺഗ്രസുകാർ തന്നെ അടക്കം പറയുന്നു. തന്നെ താങ്ങിനിർത്തിയ നേതാക്കളെ വർക്കിങ് കമ്മറ്റിയിൽനിന്ന് ഒഴിവാക്കാൻ സോണിയ സമ്മതിക്കില്ലെന്നാണ് സൂചന.

