- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി തെരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ അവസാന പ്രതീക്ഷയും കെടുത്തി; രാഷ്ട്രീയം മതിയാക്കാനും ആലോചന; ആത്മവിശ്വാസം നഷ്ടമായ രാഹുൽ അവധി എടുക്കുന്നത് അന്തിമപോരാട്ടത്തിന് ഗോദയിൽ ഇറങ്ങാൻ
നിർണായകവേളയിൽ പാർട്ടിയുടെ രക്ഷകനായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് രാഹുൽ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വന്നിരുന്നത്. നെഹ്രു കുടുംബത്തോടുള്ള ഇന്ത്യൻ ജനതയുടെ ഒടുങ്ങാത്ത വിധേയത്വത്തെ മുതലെടുക്കാൻ നെഹ്രുകുടുംബത്തിലെ ഈ ഇളമുറക്കാരനെ പാർട്ടി രംഗത്തിറക്കുകയായിരുന്നു. കോൺഗ്രസിന് പുതുജീവനേകിയ പിതാവും മുൻ പ

നിർണായകവേളയിൽ പാർട്ടിയുടെ രക്ഷകനായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് രാഹുൽ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വന്നിരുന്നത്. നെഹ്രു കുടുംബത്തോടുള്ള ഇന്ത്യൻ ജനതയുടെ ഒടുങ്ങാത്ത വിധേയത്വത്തെ മുതലെടുക്കാൻ നെഹ്രുകുടുംബത്തിലെ ഈ ഇളമുറക്കാരനെ പാർട്ടി രംഗത്തിറക്കുകയായിരുന്നു. കോൺഗ്രസിന് പുതുജീവനേകിയ പിതാവും മുൻ പ്രധാനമന്ത്രിയുമായ അന്തരിച്ച രാജീവ് ഗാന്ധിയുടെ മുഖച്ഛായ അതേപടി പകർന്നു കിട്ടിയ രാഹുൽ അച്ഛനെപ്പോലെ പാർട്ടിക്ക് പുതിയ പ്രതീക്ഷയേകുമെന്നായിരുന്നു സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നത്.
എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയം രാഹുലിന്റെ പ്രതിച്ഛായ തകർക്കുകയായിരുന്നു. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും പാർട്ടിക്ക് തിരിച്ച് വരാമെന്നായിരുന്നു രാഹുൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആം ആദ്മിയുടെ മുന്നിൽ ഡൽഹിയിൽ കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടാതെ കീഴടങ്ങേണ്ടി വന്നതോടെ രാഹുലിന്റെ അവസാന പ്രതീക്ഷയും പൊലിയുകയായിരുന്നു. ഇപ്പോഴിതാ കുറച്ച് ദിവസം അവധിയെടുക്കുകയാണെന്ന് പറഞ്ഞ് രാഹുൽ മാറി നിൽക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയത്തിൽ തിളങ്ങാൻ സാധിക്കാത്തതിനാൽ രാഷ്ട്രീയം മതിയാക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ പുതിയ തന്ത്രങ്ങൾ മെനയാനും അധികം വൈകാതെ അന്തിമപോരാട്ടത്തിനായി ഗോദയിൽ ഇറങ്ങാനുമാണെന്നും പാർട്ടിയിലെ ചിലർ ഉറപ്പിച്ച് പറയുന്നുമുണ്ട്. എന്തായാലും ഏതാണ് ശരിയെന്നത് കാത്തിരുന്ന് കാണാം.
രാഹുലിന്റെ മാറിനിൽക്കലുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും സാധ്യതകളുമാണ് പ്രചരിക്കുന്നതെന്ന് കാണാം. തന്റെ ആഗ്രഹത്തിനനുസരിച്ച് പാർട്ടിയിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്തത് രാഹുലിനെ നിരാശനാക്കിയിട്ടുണ്ടെന്നും അതിനാലാണ് ഈ മാറി നിൽക്കലെന്നും ഊഹാപോഹങ്ങളുണ്ട്. അതായത് പാർട്ടിയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരാനും കുറച്ച് ജനറൽ സെക്രട്ടറിമാരെ മാറ്റാനുമുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ പഴയ നേതാക്കൾ നഖശിഖാന്തം എതിർത്തത് രാഹുലിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്. ഇക്കാര്യത്തിൽ തന്റെ മാതാവായ സോണിയഗാന്ധിയുടെ പിന്തുണ പോലും തനിക്ക് ലഭിക്കാഞ്ഞത് രാഹുലിന് മടുപ്പുളവാക്കിയിട്ടുണ്ട്.
രാഹുലിന്റെ ആശയങ്ങൾ മുതിർന്ന നേതാക്കളുടെ എതിർപ്പിന് പുറമെ പാർട്ടിയിലെ ഉപജാപകവൃന്ദത്തിന്റെ എതിർപ്പും നേരിടുന്നുണ്ട്. അമ്മയുടെ പിന്തുണ ശക്തിപ്പെടുത്താനാണ് അദ്ദേഹം അവധിയെടുത്തതെന്നും തന്റെ ആശയങ്ങൾ നടപ്പിലാക്കാനായി ഒരു പക്ഷേ കോൺഗ്രസ് പ്രസിഡന്റായി പോലും രാഹുൽ തിരിച്ചെത്തുമെന്നാണ് മറ്റൊരു അഭ്യൂഹം. രാഹുൽ എന്ന അസംതൃപ്തനായ രാഷ്ട്രീയക്കാരൻ രാഷ്ട്രീയരംഗത്തോട് എന്നെന്നേക്കുമായി വിടപറയുകയാണെന്നും അദ്ദേഹത്തിന്റെ അവധിയെ മുൻനിർത്തി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഉടൻ അദ്ദേഹം വിട്ടുപോകുമെന്ന് ഇതു കൊണ്ട് അർത്ഥമാക്കുന്നില്ല. കനത്ത തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഹുൽ അൽപകാലത്തേക്ക് തന്ത്രപരമായി പിൻവാങ്ങുകയാണെന്നാണ് ചിലർ പറയുന്നത്. തന്റെ നേതൃത്ത്വത്തെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തിൽ രാഹുൽ തൽക്കാലം മാറി നിൽക്കുകയാണെന്നും ശക്തനും ശാന്തനുമായി അദ്ദേഹം തിരിച്ച് വരുമെന്നുമാണ് അവർ പറയുന്നത്.
അവധിയെടുക്കലിന്റെ പുറകിലെ ഉദ്ദേശ്യമെന്തായാലും പാർലമെന്റിൽ ബജറ്റ് ചർച്ചകൾ ആരംഭിച്ച ഈ വേളയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ എവിടെപ്പോയെന്ന ചോദ്യം ശക്തമാവുകയാണ്. സോഷ്യൽ മീഡിയ പോലുള്ള നവമാദ്ധ്യമങ്ങളിൽ പോലും ഇത് സംബന്ധിച്ച ചർച്ചകൾ കൊഴുക്കുകയാണ്. രാഹുൽ പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഏപ്രിലിലോ ജൂണിലോ തിരിച്ചെത്തുമെന്നാണ് രാഹുലിനോട് അടുത്ത ബന്ധമുള്ള ഒരു പാർട്ടി നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താൻ തന്റെ യുവടീമുമായി രാഹുൽ തിരിച്ചെത്തുമെന്നും അതിലൂടെ അദ്ദേഹം കോൺഗ്രസിനെ പുനഃസംഘടിപ്പിക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നേതാവ് പറഞ്ഞു. എന്നാൽ പഴയനേതാക്കൾ അവരുടെ ്അധികാരവും പിടിവാശിയും വിട്ടൊഴിയാത്തിടത്തോളം കാലം ഇത് അത്ര എളുപ്പമല്ലെന്നും നേതാവ് കൂട്ടിച്ചേർത്തു.
തന്നെത്തന്നെ കണ്ടെത്താനുള്ള യാത്രയ്ക്കാണ് രാഹുൽ ഈ അവധിക്കാലം ചെലവഴിക്കുകയെന്നും കോൺഗ്രസ് നേതൃത്ത്വം ഏറ്റെടുക്കാനുള്ള ആലോചനയും ഇക്കാലത്ത് അദ്ദേഹം നടത്തുമെന്നും നേതാവ് പറയുന്നു. ഇന്ത്യ അതിവേഗം മാറുകയാണെന്ന് 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിലൂടെ രാഹുൽ മനസ്സിലാക്കിയിരുന്നു. ജനങ്ങളുടെ ആശകളും ആഗ്രഹങ്ങളും മനസ്സിലാക്കിയ അദ്ദേഹം പാർട്ടിയെ അതിനനുസരിച്ച് മാറ്റാൻ ഒരുങ്ങുകയാണെന്നും നേതാവ് പറയുന്നു. എന്നാൽ രാഹുലിന്റെ പുതിയ പരിഷ്‌കാരങ്ങൾ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾക്ക് ദഹിക്കാത്തതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും നേതാവ് ചൂണ്ടിക്കാട്ടുന്നു.
രാഹുൽ അവധിയിൽ പ്രവേശിക്കുകയാണെന്നറിഞ്ഞ് താൻ അത്ഭുതപ്പെട്ടുവെന്നും എന്നാൽ ഈ മാറി നിൽക്കൽ ചില നിർബന്ധിതമായ ചില കാരണങ്ങൾ കൊണ്ടാണെന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് അനിൽ ശാസ്ത്രി പറയുന്നു. ഇക്കാര്യത്തിൽ പറയാനുള്ളത് രാഹുൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ലെന്നുമാണ് രാഹുലിന്റെ മാതാവും കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി പറഞ്ഞത്. കോൺഗ്രസിനെ ഇന്നത്തെ നിലയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ചാലോചിക്കാനും സ്വയം ചിന്തിക്കാനുമാണ് രാഹുൽ മാറി നിൽക്കുന്നതെന്നാണ് കോൺഗ്രസിലെ മറ്റ് ചില നേതാക്കൾ പറയുന്നത്.
ലാൻഡ് ഓർഡിനൻസ് പ്രശ്‌നത്തിൽ എൻഡിഎ സർക്കാരിനെതിരെ കോൺഗ്രസി ആഞ്ഞടിക്കാനൊരുങ്ങവേയാണ് പാർട്ടി ഉപാധ്യക്ഷന്റെ ഈ മാറിനിൽക്കൽ ഉണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ബുധനാഴ്ച ജന്ദർമന്തിറിൽ വച്ച് ഇതിനെതിരെയുള്ള ഒരു പരിപാടി നയിക്കാമെന്ന് രാഹുൽ സ്വയം പദ്ധതിയിട്ടതുമായിരുന്നു. അതിനിടെയാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
ഏപ്രിൽ ആദ്യവാരത്തിൽ നടക്കന്ന എഐസിസി സെഷന് രാഹുൽ പ്രാധാന്യമേറെ നൽകുന്നുണ്ടെന്നും അതിൽ സജീവമാകാൻ തന്റെതായ സംഭാവനകളുമായി രാഹുൽ തിരിച്ചെത്തുമെന്നുമാണ് പാർട്ടി വക്താവ് അഭിഷേക് സിങ് വി പറയുന്നത്. ഇത്തരത്തിലുള്ള വിട്ട് നിൽക്കലുകൾ ലോകമാകമാനമുള്ള നേതാക്കൾ അനുവർത്തിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

