ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് ശശി തരൂർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യൻ ചരിത്രത്തെ അപഹരിക്കാനാണു ബിജെപി ശ്രമിക്കുന്നത് ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാൻ' ആക്കി തരംതാഴ്‌ത്താനുള്ള ബിജെപി നീക്കം കോൺഗ്രസ് അനുവദിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. മോദിക്കും ബിജെപിക്കുമെതിരെ വക്തതയുള്ള വാക്കുകളുമായാണ് കോൺഗ്രസ് എംപിയുടെ ആക്രമണം. കേന്ദ്ര സർക്കാരിനെ ഇത്ര ശക്തമായി ആക്രമിക്കാൻ മറ്റൊരു കോൺഗ്രസ് നേതാവിനും ഈ അടുത്ത കാലത്ത് ഒന്നും കഴിഞ്ഞിട്ടില്ല.

സ്വാതന്ത്ര്യസമരത്തിൽനിന്നു വിട്ടുനിന്നവരാണവർ. ചില സമയത്ത് ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ചേർന്നു പ്രവർത്തിച്ചു. തങ്ങൾ തെറ്റായ പക്ഷത്താണു നിൽക്കുന്നതെന്ന് അംഗീകരിക്കാൻ അന്നവർ തയാറായിരുന്നില്ല. ഇന്നവർ ഇന്ത്യയുടെ യഥാർഥ രാജ്യസ്‌നേഹികളാണെന്നു പറയുന്നു. അവരെയാണോ നാം വിശ്വസിക്കേണ്ടതെന്നും തരൂർ ചോദിച്ചു. നെഹ്‌റു സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പിൻഗാമിയെന്ന് വിശേഷിപ്പിച്ചായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പിലെ വോട്ട് പിടിത്തമെന്ന് കോൺഗ്രസ് നേതാക്കൾ പലരും വിമർശിച്ചിരുന്നു. എന്നാൽ അതിലും കഴമ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാണ് തിരുവനന്തപുരം എംപി ജയ്പൂരിൽ നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെടുന്നത്.

തരൂരിന്റെ പ്രസംഗം ഇങ്ങനെ-ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കളെ തങ്ങളുടെ ആവശ്യാനുസരണം ബിജെപി ഉപയോഗിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലുമായി അവർ ഉപമിച്ചു. ചരിത്രത്തെ ക്യത്യമായി മനസ്സിലാക്കാത്തതുകൊണ്ടാണിത്. 2002ൽ ഗോധ്ര കലാപമുണ്ടായപ്പോൾ നടപടി സ്വീകരിക്കാൻ മോദിക്കു മൂന്നോ നാലോ ദിവസം വേണ്ടിവന്നു. എന്നാൽ 1947ൽ കലാപമുണ്ടായപ്പോൾ രാജ്യതലസ്ഥാനത്തെ മുസ്!ലിംകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ പട്ടേലിനു ഒട്ടും താമസമുണ്ടായില്ല.

പട്ടേൽ സ്വമേധയാ നിസാമുദ്ദീൻ ദർഗയിൽ പോയി മുസ്!ലിം സമുദായത്തിനുവേണ്ടി പ്രാർത്ഥിച്ചു. മുസ്!ലിംകളുടെ സംരക്ഷണത്തിനുവേണ്ടി മോദി ദർഗയിൽ പോകുന്നതു ചിന്തിക്കാനാകുമോയെന്നും ശശി തരൂർ ചോദിച്ചു. യുപിഎ സർക്കാർ തുടങ്ങിവച്ച പല ബില്ലുകളുമാണ് ഇപ്പോൾ ബിജെപി സർക്കാർ പാസാക്കിയത്. അന്നവർ ആ ബില്ലുകളെ എതിർത്തിരുന്നു. ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയുള്ളതാണെന്നതുകൊണ്ടാണ് ബില്ലുകൾ പാസാക്കാൻ ബിജെപിക്കൊപ്പം കോൺഗ്രസ് നിന്നത്. എന്നാൽ രാജ്യതാൽപര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ അതിനെ കോൺഗ്രസ് എതിർക്കുമെന്നും തരൂർ പറഞ്ഞു.