ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഉത്തരാഖണ്ഡിൽ ബിജെപിയും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. പഞ്ചാബിൽ 56 മുതൽ 62 വരെ സീറ്റുനേടി അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യടുഡെ-ആക്‌സിസ് അഭിപ്രായ സർവേയിൽ പറയുന്നത്. ബിജെപി സഖ്യത്തെ തള്ളി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവേ പ്രവചിക്കുന്നു.

ഉത്തരാഖണ്ഡിൽ നിലവിലുള്ള കോൺഗ്രസ് സർക്കാരിനെ തകർത്ത് 41-46 സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേ പറയുന്നത്. 70 സീറ്റിലേക്കാണ് മൽസരം. കോൺഗ്രസിന് 18-23 വരെ സീറ്റുകളും മറ്റുള്ളവർക്ക് 26 സീറ്റുകളും നേടാനേ സാധിക്കുവെന്ന് അഭിപ്രായ സർവേയിൽ പറയുന്നു. ബിജെപിക്ക് 45 ശതമാനം വോട്ടും കോൺഗ്രസിന് 33 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സർവേയുടെ പ്രവചനം. ഫെബ്രുവരി 15ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ്.

പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 35 ശതമാനം വോട്ടാണ് കോൺഗ്രസ് നേടുക. രണ്ടാം സ്ഥാനത്തെത്തുന്ന എഎപിക്ക് 3641 വരെ സീറ്റ് (29 ശതമാനം വോട്ട്) ലഭിച്ചേക്കുമെന്നും സർവേ പറയുന്നു. ബിജെപി-അകാലി ദൾ സഖ്യത്തിന് 18-22 വരെ സീറ്റ് ലഭിക്കും. മായാവതിയുടെ ബിഎസ്‌പി 14 വരെ സീറ്റ് നേടുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു.

പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിൽ 34 ശതമാനം ആളുകളും കോൺഗ്രസിന്റെ അമരീന്ദർ സിങ്ങിന്റെ പേരാണ് നിർേദശിച്ചത്. അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലിന്റെ പേര് 22 ശതമാനവും ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ പേര് 16 ശതമാനം ആളുകളും നിർദേശിച്ചു. പഞ്ചാബിൽ ഫെബ്രുവരി നാലിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മാർച്ച് 11നാണു ഫലപ്രഖ്യാപനം.