- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോജു ജോർജിന്റെ കാറിന്റെ ചില്ല് തകർക്കൽ; വൈറ്റില സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ; ദേശീയപാത ഉപരോധ സമരത്തിൽ 15 പേർക്കെതിരെ കേസ്; ഷിയാസ് ഒന്നാം പ്രതി
കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാറിന്റെ ചില്ല് തകർത്തെന്ന കേസിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജോസഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈറ്റില സ്വദേശിയാണ് ജോസഫ്.
കാറിന്റെ പിൻഭാഗത്തെ ചില്ലാണ് അടിച്ചുതകർത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാൽ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടാതെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിൾ അടക്കം പൊലീസ് ശേഖരിച്ചു.
ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം അക്രമികൾ അടിച്ചു തകർത്തത്. പൊലീസ് എഫ്.ഐ.ആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്.
ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിന്റെ വാഹനം തകർത്തതിനും 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വി.ജെ.പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി. വി.പി.സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിന്റെ ചില്ലു തകർത്തതടക്കം ജോജുവിന്റെ പരാതിയിൽ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ജോജുവിനെതിരായ പരാതിയിൽ തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.
സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ് എന്നാണു വിവരം. ഇതിനായി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ തുടങ്ങി. സംഘർഷദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ പേര് മാത്രമാണ് ഇന്നലെ ജോജു നൽകിയ മൊഴിയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ